കോട്ടയം: രാത്രി കർഫ്യു നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതോടെ ന്യൂ ഇയർ എല്ലാവരും വീടുകളിൽ ആഘോഷിച്ചു. നഗരങ്ങളിലും പ്രധാന കേന്ദ്രങ്ങളിലുമൊന്നും ആഘോഷങ്ങളില്ലായിരുന്നു.
ഇതോടെ പോലീസിനും പണി എളുപ്പമായി. അടിയോ പിടിയോ ബഹളമോ അപകടങ്ങളോ ഒന്നും കാര്യമായി റിപ്പോർട്ട് ചെയ്്തിട്ടില്ല. ഇതോടെ ഒരു കുഴപ്പവുമില്ലാതെ ഒരു പുതുവർഷം പിറന്ന ആഘോഷത്തിലാണ് പോലീസ്.
രാത്രി നിയന്ത്രണം കർശനമാക്കിയതോടെ എല്ലാവരും നേരത്തെ തന്നെ വീടുകളിലെത്തി. പടക്കവും പൂത്തിയിരിയും മത്താപ്പൂവും നേരത്തെ വാങ്ങി സ്റ്റോക്ക് ചെയ്തു.
വഴിയോര പടക്ക കച്ചവട കേന്ദ്രങ്ങളിൽ ഇന്നലെ വൈകുന്നേരം നല്ല തിരക്കായിരുന്നു. വീടുകളിൽ അയൽവാസികളും സുഹൃത്തുക്കളും ചേർന്ന് പടക്കം പൊട്ടിച്ച് പുതുവർഷത്തെ എല്ലാവരും വരവേറ്റു.
രാത്രി യാത്രകൾക്ക് പോലീസ് കർശന നിയന്ത്രണമാണ് ഏർപ്പെടുത്തിയിരുന്നത്. പ്രധാന കേന്ദ്രങ്ങളിലെല്ലാം പോലീസ് പട്രോളിംഗ് ശക്തമാക്കിയിരുന്നു.
സ്ത്യവാങ്മൂലവും യഥാർഥ കാരണവും കാണിക്കാത്ത യാത്രക്കാരെ പോലീസ് തിരിച്ചയച്ചു. മദ്യപിച്ച് വാഹനമോടിക്കുന്നുണ്ടോ എന്നറിയുന്നതിനുള്ള പരിശോധനയും ശക്തമായിരുന്നു.
നിയന്ത്രണങ്ങൾ പാലിക്കാതെയും കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചും പുതുവത്സരാഘോഷങ്ങൾ നടത്തിയാൽ അകത്തുപോകുമെന്ന് പോലീസ് നേരത്തെ തന്നെ മുന്നറിയിപ്പ് നൽകിയിരുന്നു.
ഇന്നലെ രാത്രി സുരക്ഷാ ക്രമീകരണങ്ങൾക്കായി നിരവധി പോലീസ് ഉദ്യോഗസ്ഥരെയാണ് ഡ്യൂട്ടിക്കായി നിയോഗിച്ചിരിക്കുന്നത്. രാത്രി 10 മുതൽ പുലർച്ചെ അഞ്ചുവരെയായിരുന്നു രാത്രികാല യാത്രാ നിയന്ത്രണം.
ഇന്നലെ രാത്രി 10നു തന്നെ കടകൾ അടച്ചു. നിയന്ത്രണ സമയത്ത് പുറത്തിറങ്ങിയവർക്കെതിരേ പല സ്ഥലങ്ങളിലും പോലീസ് നടപടി സ്വീകരിക്കുകയും ചെയ്തിട്ടുണ്ട്.
മദ്യവില്പന ശാലകളിൽ നിയമപ്രകാരമുള്ള സമയപരിധിയിൽ മാത്രമേ പ്രവർത്തിക്കുന്നുള്ളൂവെന്നും പോലീസ് ഉറപ്പാക്കിയിരുന്നു.
ലഹരിപദാർഥങ്ങളുടെ വിപണനവും ഉപയോഗവും തടയുന്നതിനും നടപടികൾ എടുക്കുന്നതിനുമായി ലഹരി വിരുദ്ധ സ്ക്വാഡും രംഗത്തുണ്ടായിരുന്നു.
കുമരകവും വാഗമണ്ണും ലഹരി മാഫിയായുടെ ഹോട്ട് സ്പോട്ടുകൾ എന്ന് കണ്ടെത്തിയതിനെതുടർന്നു ഇവിടങ്ങളിലെ ഹോട്ടലുകളും റിസോട്ടുകളും ഹോം സ്്റ്റേകളും പോലീസിന്റെ കർശന നിരീക്ഷണത്തിലായിരുന്നു.
വാഹനങ്ങളുടെ അമിതവേഗം ഒഴിവാക്കുന്നതിനായി കാമറകളുടെ സഹായത്തോടെ വാഹനപരിശോധനയും, ഇന്റർസെപ്റ്റർ വെഹിക്കിൾ ഉപയോഗിച്ചുള്ള വാഹന പരിശോധനയും ഏർപ്പെടുത്തിയിരുന്നു.