പത്തനംതിട്ട: പത്തനംതിട്ട പോലീസ് സ്റ്റേഷനിൽ പുതുവർഷ രാത്രിയിൽ അരങ്ങേറിയ ആഘോഷങ്ങളുടെ പിന്നാലെ മാധ്യമപ്രവർത്തകർ അടക്കമുള്ളവരെ അപഹസിക്കുകയും അസഭ്യം പറയുകയും ചെയ്ത നടപടി വിവാദത്തിൽ. സംഭവത്തെക്കുറിച്ച് പത്തനംതിട്ട ഡിവൈഎസ്പി അന്വേഷണം ആരംഭിച്ചു.പോലീസുകാർ യൂണിഫോം പോലും ഊരിവച്ച് സ്റ്റേഷനിൽ വന്നവരെ അപഹസിച്ച നടപടിയ്ക്കെതിരെ വ്യാപക പരാതി.
പത്തനംതിട്ട പ്രസ്ക്ലബ് പ്രസിഡന്റ് ബോബി ഏബ്രഹാം, മീഡീയവൺ റിപ്പോർട്ടർ പ്രേംലാൽ പ്രബുദ്ധൻ എന്നീ മാധ്യമപ്രവർത്തകർക്കടക്കമാണ് പോലീസിന്റെ ഭാഗത്തുനിന്നും അവഹേളം ഏൽക്കേണ്ടിവന്നത്.മീഡിയ വണ് ജില്ലാ റിപ്പോർട്ടർ പ്രേംലാലിനെ തിങ്കളാഴ്ച രാത്രിയിൽ ഒരു സംഘം മർദിച്ചിരുന്നു. പോലീസ് ആവശ്യപ്രകാരം സ്റ്റേഷനിലേക്കു വരുന്പോഴാണ് പ്രേംലാലിനു മർദനമേറ്റത്.സ്റ്റേഷനിലെത്തിയപ്പോൾ മഫ്തിയിലായിരുന്ന പോലീസുകാരിൽ ചിലർ പ്രേംലാലിനെ പ്രതിയാക്കാൻ ശ്രമിച്ചു.
അസഭ്യം പറയുകയും കൈയേറ്റത്തിനു മുതിരുകയും ചെയ്തു. മദ്യലഹരിയിലാണെന്നാരോപിച്ച് പലതവണ ബ്രീത്ത് അനലൈസർ ഉപയോഗിച്ച് പരിശോധന നടത്തിയെങ്കിലും ഫലം നെഗറ്റീവായിരുന്നു. പിന്നീട് വ്യാജപരാതി ചമച്ച് പ്രേംലാലിനെ കുടുക്കുകയായിരുന്നു പോലീസ് ലക്ഷ്യം.സംഭവം അറിഞ്ഞു പോലീസ് സ്റ്റേഷനിലെത്തിയ പത്രപ്രവർത്തക യൂണിയന്റെയും പത്തനംതിട്ട പ്രസ്ക്ലബിന്റെയും പ്രസിഡന്റുമായ ബോബി ഏബ്രഹാമിനു നേരെയും പോലീസ് അസഭ്യം പറഞ്ഞു.
പ്രേംലാലിന്റെ നിരപരാധിത്വം തെളിയിക്കാൻ ശ്രമിക്കുന്പോൾ ഇതൊന്നും ചെവിക്കൊള്ളാൻ പോലീസ് തയാറായില്ല. ബോബി ഏബ്രഹാം എത്തിയ കാറിന്റെ ചില്ലുകൾ തല്ലിപ്പൊട്ടിക്കാനും പോലീസ് ശ്രമമുണ്ടായി. പത്തനംതിട്ട എസ്ഐ യു. ബിജുവും മഫ്തിയിലായിരുന്ന പോലീസുകാരും ചേർന്നാണ് സ്റ്റേഷനിൽ മാധ്യമപ്രവർത്തകരെ അപമാനിക്കുകയും അസഭ്യം പറയുകയും ചെയ്തത്.
സ്ഥലത്തെത്തിയ സിഐ സുനിൽ കുമാർ പ്രശ്നത്തിൽ ഇടപെട്ടശേഷമാണ് മാധ്യമപ്രവർത്തകരെ പോകാൻ അനുവദിച്ചത്. ഇതു സംബന്ധിച്ചു രാത്രിയിൽ തന്നെ പ്രേംലാലും ബോബിയും പോലീസിൽ പരാതി നൽകി. മഫ്തിയിലായിരുന്ന പോലീസുകാരും എസ്ഐയും സ്റ്റേഷനിൽ തങ്ങൾക്കുനേരെ അഴിഞ്ഞാട്ടം നടത്തുകയായിരുന്നുവെന്ന് ഇവർ ആരോപിച്ചു. പരിക്കേറ്റ പ്രേംലാൽ പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സ തേടി. ഇദ്ദേഹത്തിന്റെ മുഖത്തിനു സാരമായി പരിക്കേറ്റിട്ടുണ്ട്.
വെട്ടിപ്രം സ്വദേശികളായ ദന്പതികളുടെ കാറാണ് തകരാറിലായത്. ഇവർക്കൊപ്പമെത്തിയ സംഘമാണ് പ്രേംലാലിനെ മർദിച്ചതെന്ന് പറയുന്നു. പത്രപ്രവർത്തക യൂണിയന്റെ പരാതിയുടെ അടിസ്ഥാനത്തിൽ പത്തനംതിട്ട സ്റ്റേഷനിലെ സിസിടിവി കാമറ ദൃശ്യങ്ങളുടെ കോപ്പി അടക്കം റിപ്പോർട്ട് നൽകാൻ ജില്ലാ കളക്ടർ പി.ബി. നൂഹ് പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.