കൊച്ചി: പുതുവത്സരാഘോഷത്തിന്റെ ഭാഗമായി പോലീസ് നടത്തിയ പരിശോധനയിൽ മദ്യപിച്ച് വാഹനമോടിച്ച നൂറോളംപേർ കുടുങ്ങി. കൊച്ചി സിറ്റി പോലീസിന്റെ കീഴിലുള്ള വിവിധ സ്റ്റേഷനുകളിലാണ് ഇത്രയധികംപേർക്കെതിരേ കേസെടുത്തത്.
സെൻട്രൽ പോലീസിൽ പത്തോളം പേർക്കെതിരേ കേസെടുത്തപ്പോൾ സൗത്ത് പോലീസ് സ്റ്റേഷനിൽ ആറ് പേർക്കെതിരേയും മരട് പോലീസിൽ 18 പേർക്കെതിരേയും മട്ടാഞ്ചേരിയിൽ 12 പേർക്കെതിരേയും കേസെടുത്തു. ഹാർബർ, ഏലൂർ, മുളവുകാട്, ചേരാനല്ലൂർ, പനങ്ങാട്, ഫോർട്ട്കൊച്ചി, എളമക്കര പോലീസ് സ്റ്റേഷനുകളിലും മദ്യപിച്ച് വാഹനമോടിച്ചതിൽ നിരവധി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
എറണാകുളം റൂറൽ പോലീസിനു കീഴിലുള്ള കണക്കുകൾകൂടി പരിശോധിച്ചാൽ മദ്യപിച്ച് വാഹനമോടിച്ച് പിടിയിലായവരുടെ എണ്ണം വീണ്ടും വർധിക്കും. പുതുവത്സരാഘോഷത്തിന്റെ ഭാഗമായി രാത്രിയിൽ ഉൾപ്പെടെ ജില്ല മുഴുവൻ പോലീസ് കർശന നിരീക്ഷണങ്ങളും പരിശോധനകളുമാണ് നടത്തിയിരുന്നത്.
അതിനിടെ, ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഇന്നലെ രാത്രിയിൽ നടന്ന വിവിധ അപകടങ്ങളിലായി നിരവധിപേർക്ക് പരിക്കേറ്റിട്ടുണ്ട്.