മെൽബണ്‍: 2019ന്റെ തുടക്കം ഗംഭീരമാക്കാൻ ഇന്ത്യ ക്രിക്കറ്റ് ടീം ഒരുങ്ങുന്നു. ഓസ്ട്രേലിയയ്ക്കെതിരേയുള്ള നാലു ടെസ്റ്റ് മത്സരങ്ങളുടെ പരന്പരയിൽ 2-1ന് മുന്നിലെത്തിയ ഇന്ത്യ വ്യാഴാഴ്ച സിഡ്നിയിൽ ആരംഭിക്കുന്ന നാലാം ടെസ്റ്റ് നേടി പരന്പരജയത്തിന് ഒരുങ്ങുകയാണ്. ഇതും നേടിക്കഴിഞ്ഞാൽ ഓസ്ട്രേലിയൻ മണ്ണിൽ ടെസ്റ്റ് പരന്പര നേടിയ ടീമെന്ന പേര് വിരാട് കോഹ്ലിയും സംഘവും സ്വന്തമാക്കും. ഇന്ത്യയുടെ ബാറ്റിംഗ് നിരയും ബൗളിംഗ് നിരയും അസാമാന്യ ഫോമിലാണ്. പേസർമാർ ഫോമിലാണെന്ന കാര്യം ഇന്ത്യക്കു മുതൽക്കൂട്ടാണ്.
20 വിക്കറ്റുമായി പരന്പരയിൽ വിക്കറ്റ് നേട്ടക്കാരിൽ ഒന്നാം സ്ഥാനത്തുള്ള ജസ്പ്രീത് ബുംറയുടെ നേതൃത്വത്തിലുള്ള പേസ് നിര മികച്ച ഫോമിലാണെന്ന കാര്യം ഈ പര്യടനത്തിൽ ഇന്ത്യക്ക് അപൂർവ നേട്ടമായി. പരന്പരാഗതമായി സ്പിന്നിനെ അനുകൂലിക്കുന്ന സിഡ്നി ഗ്രൗണ്ടിൽ ഇന്ത്യൻ സ്പിന്നർമാർക്കു തിളങ്ങാനാകുമെന്നാണു പ്രതീക്ഷ.
കോഹ്ലിയുടെ സംഘത്തിനു മുന്‍പ് ഓസ്ട്രേലിയയിൽ രണ്ടു ടെസ്റ്റ് ജയിച്ചത് 1977-78ൽ ബിഷൻ സിംഗ് ബേദിയുടെ ടീമായിരുന്നു. എന്നാൽ, പരന്പരയിലെ അഞ്ചാം മത്സരം ബോബ് സിംപ്സന്റെ സംഘം നേടിയത് ബേദിയുടെ ടീമിന്റെ പ്രതീക്ഷകൾ തകർത്തു. മെൽബണിൽ ഓസ്ട്രേലിയയെ ബാറ്റിംഗിലും ബൗളിംഗിലും തകർത്ത ഇന്ത്യക്ക് പരന്പര നേട്ടം സ്വന്തമാക്കാനാകുമെന്നാണ് കോഹ്ലി പറഞ്ഞത്.
കഴിഞ്ഞ 12 മാസമായി ഈ നേട്ടത്തിനായ് ഒരുങ്ങിക്കൊണ്ടിരിക്കുകയാണെന്നും പരന്പര ജയം സാധ്യമാണെന്നും നായകൻ പറഞ്ഞു. ഇതൊരു അപൂർവ സന്ദർഭമാണെന്നും നാട്ടിൽനിന്നു പുറത്ത് ഒരു പരന്പര നേട്ടം എപ്പോഴും ആഗ്രഹിക്കുന്നതാണെന്നും കോഹ് ലി കൂട്ടിച്ചേർത്തു. ഇതുവരെയെത്തുന്നതിൽ എല്ലാവരും കഠിനമായി പരിശ്രമിച്ചെന്നും പരന്പര നേടുന്നതിന് അവസാന മത്സരത്തിൽ ചെയ്യേണ്ടതെല്ലാം ചെയ്യുമെന്നും അതായിരിക്കും ആദ്യ ദിനം മുതലുള്ള ലക്ഷ്യമെന്നും കോഹ്ലി പറഞ്ഞു.
സ്പിന്നർ ഇല്ലാതെയിറങ്ങിയ പെർത്ത് ടെസ്റ്റിലാണ് ഇന്ത്യ പരാജയപ്പെട്ടത്. നാലു പേസർമാരുമായി ഇറങ്ങിയ ഇന്ത്യയുടെ തീരുമാനം വിമർശനത്തിനിടയാക്കിയിരുന്നു. ആ മത്സരത്തിൽ ഓസീസ് സ്പിന്നർ നഥാൻ ലിയോണ്‍ മാൻ ഓഫ് ദ മാച്ചായി. മൂന്നാം ടെസ്റ്റിൽ ഇറങ്ങിയ രവീന്ദ്ര ജഡേജ അഞ്ചു വിക്കറ്റുമായി ടീമിന്റെ ജയത്തിൽ നിർണായകമായി.
അഡ്ലെയ്ഡിൽ നടന്ന ആദ്യ ടെസ്റ്റിൽ ആറു വിക്കറ്റ് വീഴ്ത്തിയ രവിചന്ദ്രൻ അശ്വിൻ പരിക്കിന്റെ പിടിയിലാണ്. സിഡ്നിയിൽ അശ്വിൻ ഇറങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. അങ്ങനെവന്നാൽ ഓസ്ട്രേലിയയുടെ പരിചയസന്പന്നരല്ലാത്ത ബാറ്റിംഗ് നിര ഇന്ത്യയുടെ രണ്ടു സ്പിന്നർ ആക്രമണത്തെ നേരിടേണ്ടിവരും. അശ്വിന്റെ പരിക്ക് ഭേദമാകുകയാണെന്നും പിച്ചിന്റെ അവസ്ഥ അനുസരിച്ചേ കളിക്കുന്ന കാര്യം പറയാനാകുകയുള്ളുവെന്നും കോഹ്ലി പറഞ്ഞു.
മെൽബണിൽ ഇന്ത്യക്കു മായങ്ക് അഗർവാളിലൂടെ പുതിയ ഓപ്പണറെ ലഭിച്ചതിൽ സന്തോഷിക്കാം. 118 റണ്‍സുമായി അഗർവാൾ ഓസ്ട്രേലിയയിൽ ഒരു ഇന്ത്യൻ അരങ്ങേറ്റക്കാരന്റെ ഏറ്റവും ഉയർന്ന സ്കോർ നേടി. അഗർവാളിനൊപ്പം ഓപ്പണിംഗിനിറങ്ങിയ ഹനുമ വിഹാരിക്ക് 111 പന്ത് തട്ടി നിൽക്കാനായി. വിഹാരിയുടെ പ്രകടനത്തെ നായകൻ പ്രശംസിച്ചിരുന്നു. വിജയ ടീമിൽ മാറ്റമില്ലാതെ നാലാം മത്സരത്തിനിറങ്ങാനും സാധ്യതയുണ്ട്. വിഹാരിയെ സ്ഥിര ഓപ്പണറാക്കാനുള്ള സാധ്യത കുറവാണ്.
രോഹിത് ശർമ അച്ഛനായി; നാലാം ടെസ്റ്റിനില്ല
സിഡ്നി ടെസ്റ്റിന് രോഹിത് ശർമയില്ല. ഭാര്യ റിതിക സജ്ദേ ആദ്യത്തെ കുഞ്ഞിനു ജന്മം നല്‍കിയതിനെത്തുടര്‍ന്ന് രോഹിത് നാട്ടിലേക്കു മടങ്ങി. ഇക്കാര്യം ബിസിസിഐ അറിയിച്ചു.
ബോക്സിംഗ് ഡേ ടെസ്റ്റിൽ ചരിത്രജയം കുറിച്ചശേഷമാണ് രോഹിതിനെ തേടി ശുഭവാർ ത്തയെ ത്തിയത്. മൂന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിംഗ്സില്‍ അര്‍ധസെഞ്ചുറിയുമായി പുറത്താവാതെ നിന്ന രോഹിതിന്റെ സംഭാവന നിർണായ കമായിരുന്നു. സിഡ്നിയില്‍ നടക്കുന്ന നാലാം ടെസ്റ്റില്‍നിന്നു പിന്മാറിയെങ്കിലും ഇന്ത്യയുടെ ഏകദിന ടീമിൽ രോഹിത് എട്ടിനു ചേരുമെന്ന് ബിസിസിഐ അറിയിച്ചു. 12നാണ് ഏകദിന പരമ്പരയ്ക്കു തുടക്കമാകുന്നത്.