വെല്ലിംഗ്ടൺ: പുതുവർഷത്തെ വരവേറ്റ് ന്യൂസിലാന്‍ഡും കിരിബാത്തി ദ്വീപും. വന്‍ ആഘോഷ പരിപാടികളോടെയാണ് ന്യൂസിലാന്‍ഡിലും കിരിബാത്തി ദ്വീപിലും 2025നെ വരവേറ്റത്. ഇന്ത്യ പുതുവത്സരം ആഘോഷിക്കുന്നതിനെക്കാൾ എട്ടര മണിക്കൂർ മുന്നേ ആയിരുന്നു ദ്വീപിലെ പുതുവത്സര ആഘോഷം. ആകാശത്ത് വര്‍ണക്കാഴ്ച തീര്‍ത്ത് പടക്കം പൊട്ടിച്ചാണ് ന്യൂസിലന്‍ഡ് പുതുവര്‍ഷത്തെ വരവേറ്റത്. ഇതിനു പിന്നാലെ ടോകെലൗ, ടോംഗ തുടങ്ങിയ പസഫിക് ദ്വീപുകളിലും പുതുവത്സരം പിറന്നു.
എട്ടരയോടെ ജപ്പാനും, ഒമ്പതരയോടെ ചൈനയും പുതുവർഷത്തെ വരവേൽക്കും. ഇന്ത്യൻ സമയം പുലർച്ച അഞ്ചരയോടെയായിരിക്കും യുകെയിലെ പുതുവർഷാഘോഷം. രാവിലെ പത്തരയ്ക്കായിരിക്കും അമേരിക്കൻ പുതുവർഷം. അമേരിക്കയിലെ ജനവാസമില്ലാത്ത ബേക്കര്‍ ദ്വീപ്, ഹൗലാന്‍ഡ് ദ്വീപ് എന്നിവിടങ്ങളിലാണ് ഏറ്റവും അവസാനം പുതുവർഷമെത്തുന്നത്.
അതേസമയം,പുതുവർഷാഘോഷത്തിന്റെ ഭാഗമായി ഫോർട്ട്കൊച്ചിയിൽ പോലീസ് നിരീക്ഷണം ശക്തമാക്കും. ചൊവ്വാഴ്ച ജനങ്ങളുടെ സുരക്ഷയ്ക്കും ഗതാഗത നിയന്ത്രണത്തിനുമായി വിപുലമായ ക്രമീകരണമാണ് ഒരുക്കിയിരിക്കുന്നത്. ഡെപ്യൂട്ടി പോലീസ് കമ്മിഷണറുടെ നേതൃത്വത്തിൽ 10 ഡിവൈ.എസ്.പി.മാർ, 25 ഇൻസ്പെക്ടർമാർ, 60 എസ്.ഐ.മാർ, 100 വനിതാ പോലീസ് ഉദ്യോഗസ്ഥർ എന്നിവരുൾപ്പെടെ ആയിരത്തിലധികം പോലീസുകാരെ ഡ്യൂട്ടിക്കായി നിയോഗിച്ചിട്ടുണ്ട്.