കൊച്ചി: പുതുവർഷത്തെ വരവേൽക്കാൻ കൊച്ചി നഗരം ഒരുങ്ങി. ആഘോഷരാവിനായുള്ള ഒരുക്കങ്ങൾ നഗരത്തിൽ എല്ലായിടത്തും പൂർത്തിയായി. ഫോർട്ടുകൊച്ചി പരേഡ് ഗ്രൗണ്ടിൽ പപ്പാഞ്ഞി കത്തിക്കൽ ഉൾപ്പെടെയുള്ള ആഘോഷങ്ങൾക്ക് പുറമേ നഗരത്തിലെ പ്രമുഖ ഹോട്ടലുകളും ക്ലബുകളും ഡിജെ പാർട്ടികൾ ഉൾപ്പെടെ വ്യത്യസ്ത പരിപാടികളും ഒരുക്കിയിട്ടുണ്ട്.
കേരളത്തിൽ ഏറ്റവും കൂടുതൽ വിദേശികൾ പുതുവത്സരാഘോഷത്തിൽ പങ്കെടുക്കുന്ന നഗരം കൊച്ചിയാണ്. കൊച്ചി കാർണിവലും നക്ഷത്ര ഹോട്ടലുകളിലെ ആഘോഷവും നഗരത്തെ പുതുവത്സരാഘോഷ ലഹരിയിലാക്കും. കൊച്ചിയിലെ പുതുവർഷാഘോഷത്തിലെ ഏറ്റവും പ്രധാനം കൊച്ചി കാർണിവലാണ്. 23 വർഷം മുന്പ് തുടക്കമിട്ട കൊച്ചി കാർണിവൽ ഈവർഷവും മോടിയോടെ തന്നെയാണ് നടക്കുന്നത്.
വിവിധ പരിപാടികൾ കാർണിവലിന്റെ ഭാഗമായി ഫോർട്ടുകൊച്ചിയിൽ നടക്കുന്നുണ്ട്. ആഘോഷം പൊടിപൂരമാക്കാൻ പതിനായിരങ്ങൾ ഇന്ന് ഫോർട്ടുകൊച്ചി പരേഡ് ഗ്രൗണ്ടിലേക്ക് ഒഴുകിയെത്തും. പുതുവർഷത്തെ വരവേറ്റുകൊണ്ട് നഗരവാസികൾ കത്തിക്കുന്ന പപ്പാഞ്ഞിയുടെ നിർമാണം പരേഡ് മൈതാനിയിൽ ഡേവിഡ് ഹാളിന് മുന്പിൽ പൂർത്തിയായിട്ടുണ്ട്. പോയവർഷത്തിന് വിട ചൊല്ലി ഇന്ന് രാത്രി 12ന് പപ്പാഞ്ഞിക്ക് തീ കൊളുത്തിക്കൊണ്ട് കൊച്ചി നഗരം പുതുവർഷത്തെ വരവേൽക്കും. തുടർന്ന് കരിമരുന്ന് പ്രയോഗവും നടക്കും.
പുതുവത്സരാഘോഷത്തോടനുബന്ധിച്ച് നഗരത്തിൽ സുരക്ഷാ ക്രമീകരണങ്ങൾ കൂടുതൽ ശക്തമാക്കിയിട്ടുണ്ട്. 2500 ഓളം പോലീസ് ഉദ്യോഗസ്ഥരെയാണ് സുരക്ഷാ ക്രമീകണങ്ങളുടെ ഭാഗമായി നഗരത്തിലെ വിവിധയിടങ്ങളിൽ വിന്യസിച്ചിരിക്കുന്നത്. കൊച്ചി കാർണിവൽ നടക്കുന്ന ഫോർട്ടുകൊച്ചിയിലും പരിസര പ്രദേശങ്ങളിലും സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെയുള്ള അതിക്രമം തടയാൻ പ്രത്യേക സ്ക്വാഡിനെയും നിയോഗിച്ചിട്ടുണ്ട്. ഫോർട്ടുകൊച്ചിയിൽ 500 ഓളം ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരിക്കുന്നത്.
ഡിസിപി, എസിപിമാർ, അഞ്ച് സിഐമാർ എന്നിവർ രംഗത്തുണ്ടാകും. സാമൂഹ്യവിരുദ്ധരെ പിടികൂടന്നതിന് വിവിധഭാഗങ്ങളിൽ നിരീക്ഷണ കാമറുകളും സ്ഥാപിച്ചിട്ടുണ്ട്. തീരദേശ പോലീസ് സേനയുടെ ബോട്ടുകൾ കടലിൽ നിരീക്ഷണത്തിനുണ്ടാകും. എക്സൈസും അഗ്നിശമനസേനയും രംഗത്തുണ്ടാകും. കൂടാതെ ഫോർട്ടുകൊച്ചിയിൽ ഗതാഗതനിയന്ത്രണവും ഇന്ന് ഏർപ്പെടുത്തിയിട്ടുണ്ട്. പശ്ചിമകൊച്ചിയിലേക്ക് വരുന്ന വാഹനങ്ങൾ ഇന്ന് വൈകുന്നേരം ആറ് മുതൽ തോപ്പുംപടി പാലത്തിൽ തടയും.
ഫോർട്ടുകൊച്ചി ഭാഗത്തേക്ക് അവിടെ താമസിക്കുന്നവരുടെ വാഹനങ്ങൾ മാത്രമേ പിന്നീട് കടത്തിവിടുകയുള്ളു. വൈപ്പിനിൽ നിന്നും എത്തുന്നവരുടെ വാഹനങ്ങൾ വൈകുന്നേരം ആറിന് ശേഷം റോ റോ ജങ്കാറിൽ കയറ്റിവിടില്ല. യാത്രക്കാർക്ക് കയറാം. വാഹനങ്ങൾ വൈപ്പിൻ ജെട്ടി പരിസരത്ത് പാർക്ക് ചെയ്യാം. രാത്രി 11 ന് ശേഷം ഫോർട്ടുകൊച്ചിയിലേക്ക് ആളുകളെ കയറ്റില്ല. വൈപ്പിനിലേക്ക് പോകാൻ കഴിയും.
ഫോർട്ടുകൊച്ചി കേന്ദ്രീകരിച്ച് സർവീസ് നടത്തുന്ന ബസുകൾ ഇന്ന് 24 മണിക്കൂറും സർവീസ് നടത്തും. 30 ഓളം ബസുകളാണ് എറണാകുളം പള്ളുരുത്തി മേഖലയിലേക്ക് ഫോർട്ടുകൊച്ചിയിൽ നിന്ന് പ്രത്യേക സർവീസ് നടത്തുക. തിരക്കനുസരിച്ച് കൂടുതൽ സർവീസുകൾ ഉണ്ടായേക്കും. കൂടാതെ ഫോർട്ടുകൊച്ചിയിലേക്കുള്ള ബോട്ടുകളും ഇന്ന് അധിക സർവീസ് നടത്തും. രണ്ടു റോ റോ സർവീസുകളും നാളെ പുലർച്ചെ രണ്ടുവരെ സർവീസ് നീട്ടിയിട്ടുണ്ട്. ജലഗതാഗത വകുപ്പിന്റെ വേഗ ബോട്ട് രാത്രി 10 വരെ എറണാകുളത്തു നിന്ന് ഫോർട്ടുകൊച്ചിയിലേക്കും മറ്റു നാലെണ്ണം രാത്രി 12.30 വരെ എറണാകുളത്തേക്കും സർവീസ് നടത്തും.