കൊല്ലം: പുതുവൽസര ആഘോഷങ്ങൾ ലഹരിയിൽ മുങ്ങാതിരിക്കാനും റോഡുകളിൽ ചോരവീഴാതെ അപകടരഹിതമാക്കുവാനും കൊല്ലം സിറ്റി പോലീസ് രംഗത്ത്. അപകട രഹിത അക്രമ രഹിത പുതുവർഷം എന്ന ലക്ഷ്യത്തിനായി ജില്ലയിലെ മുഴുവൻ പോലീസുദ്യോഗസ്ഥരേയും, സായുധ പോലീസിനേയും ഏകോപിപ്പിച്ച് ജില്ലാ പോലീസ് മേധാവി പി.കെ.മധുവിന്റെ നേതൃത്വത്തിൽ കുറ്റമറ്റ സുരക്ഷാ സംവിധാനം ഏർപ്പെടുത്തിയിട്ടുണ്ട്.
അതിർത്തികൾ കേന്ദ്രീകരിച്ച് മദ്യം, മയക്കുമരുന്ന് തുടങ്ങിയവയുടെ വ്യാപനം തടയുന്നതിലേക്കായി പ്രത്യേക പോലീസ് സംഘം നിരന്തര പരിശോധനകൾ നടത്തും. മദ്യപിച്ച് വാഹനം ഓടിക്കുക, അപകടകരമായി വാഹനം ഓടിക്കുക, തിരക്കുളള സ്ഥലങ്ങളിൽ ഗതാഗത തടസമുണ്ട ാക്കുന്ന തരത്തിൽ വാഹന പാർക്കിംഗ് നടത്തുക തുടങ്ങിയവ നടത്തുന്നവർക്കെതിരെ മോട്ടോർവാഹന വകുപ്പുമായി ചേർന്ന് ലൈസൻസ് റദ്ദാക്കലടക്കമുളള കർശന നടപടികൾ കൈക്കൊളളുന്നതാണ്.
ദേശീയ പാതകളിൽ അഞ്ചു കിലോമീറ്റർ ഇടവേളകളിൽ വിന്യസിച്ചിരിക്കുന്ന ജില്ലാ പോലീസ് മേധാവിയുടെ പ്രത്യേക പട്രോളിംഗ് സംഘങ്ങൾ, ഒരോ പോലീസ് സ്റ്റേഷനും കേന്ദ്രീകരിച്ചുളള നാല് അധിക പട്രോളിംഗ് സംഘങ്ങൾ, കണ്ട്രോൾ റൂം വാഹനങ്ങൾ എന്നിവ ഉപയോഗിച്ച് പുതുവൽസര തലേന്ന് മുതൽ കർശന വാഹന പരിശോധന ഉണ്ടായിരിക്കുന്നതും അലക്ഷ്യമായും അമിത വേഗതയിലും ഓടിക്കുന്ന വാഹനങ്ങൾ അപകട സാധ്യത കണക്കിലെടുത്ത് പിടിച്ചെടുക്കുന്നതുമാണ്.
രാത്രികാലങ്ങളിലും പകൽ സമയത്തും, പ്രധാന റോഡുകൾ, ബീച്ചുകൾ, ഷോപ്പിംഗ് മാളുകൾ, സിനിമാ തീയേറ്ററുകൾ, ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവ കേന്ദ്രീകരിച്ച് പോലീസിന്റെയും നിഴൽ പോലീസിന്റെയും ശക്തമായ പട്രോളിംഗ് ഏർപ്പെടുത്തിയിട്ടുണ്ട ്.