പുതുവർഷപ്പിറവിയുടെ സന്തോഷം ആഘോഷിക്കുവാനായി മതിമറന്ന് മദ്യപിച്ചതിനു ശേഷം ടാക്സിയിൽ വീട്ടിൽ പോയ യുവാവിന്റെ പക്കൽ നിന്നും വാടകയായി വാങ്ങിയത് 2,200 ഡോളർ. നോർവെ സ്വദേശിയായ ഇയാൾ പുതുവർഷം ആഘോഷിക്കാൻ പോയത് കോപ്പൻഹേഗനിലെ നൈഹാവ്നിലായിരുന്നു. ഇവിടെ നിന്നുമാണ് അദ്ദേഹം ടാക്സി വിളിച്ച് വീട്ടിലേക്കു പോയത്.
പുതുവത്സര ആഘോഷങ്ങൾക്കു ശേഷം വീട്ടിൽ പോകണമെന്ന് തോന്നിയ ഇദ്ദേഹം സ്വദേശമായ നോർവേയിലെ ഒസ്ലോയിലേക്ക് കാബ് ബുക്ക് ചെയ്തു. കോപ്പൻഹേഗനിൽ നിന്നും ഏകദേശം അറുന്നൂറ് കിലോമീറ്റർ ദൂരം അവിടേക്ക് ഉണ്ടായിരുന്നു. ഡെൻമാർക്കിൽ നിന്നും ആരംഭിച്ചയാത്ര സ്വീഡൻ കടന്നാണ് നോർവെയിൽ എത്തിയത്.
വീട്ടിൽ എത്തിയ ഉടനെ ഡ്രൈവറോട് ഒരു വാക്കു പോലും പറയാതെ അദ്ദേഹം അകത്തു കയറി ഉറങ്ങാൻ പോകുകയായിരുന്നു. അപ്പോഴേക്കും ടാക്സി കാറിന്റെ ബാറ്ററിയും തീർന്നിരുന്നു.
ഇനിയും ബുദ്ധിമുട്ടാനില്ലെന്നു തീരുമാനിച്ച ഡ്രൈവർ ഉടൻ തന്നെ ഒസ്ലോ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. പോലീസെത്തി വീടിനുള്ളിൽ കയറി ഇയാളെ ഉറക്കത്തിൽ നിന്നും വിളിച്ച് എഴുന്നേൽപ്പിച്ചപ്പോൾ കാറിന്റെ വാടകയായി 18,000 റോണെർ (നോർവെ കറൻസി) നൽകാമെന്ന് ഉറപ്പു നൽകുകയായിരുന്നു. തുടർന്ന് ഇതും കൈപ്പറ്റിയാണ് അദ്ദേഹം തിരിച്ചു പോയത്.