നാളെ തുടങ്ങുകയാണ് 366 ദിവസങ്ങൾ ഉള്ള അധിവർഷം. ടോക്കിയോ ഒളിന്പിക്സിന്റെയും വർഷം. ഒരു സന്പൂർണ സൂര്യഗ്രഹണമടക്കം ആറു ഗ്രഹണങ്ങൾ ദൃശ്യമാകുന്ന വർഷമാണു 2020.
പ്ലാസ്റ്റിക് മുക്ത കേരളം
കേരളം പ്ലാസ്റ്റിക് വിമുക്തമാക്കാനുള്ള നടപടികളാണു പുതുവർഷത്തെ ശ്രദ്ധേയമാക്കുന്നത്. പല വിഭാഗങ്ങൾക്കും ഒഴിവു നല്‍കിയിട്ടുണ്ടെങ്കിലും താഴെപ്പറയുന്നവ ജനുവരി ഒന്നുമുതൽ സംസ്ഥാനത്ത് ഉപയോഗിക്കാനാവില്ല.
* പ്ലാസ്റ്റിക് കാരിബാഗ് * പ്ലാസ്റ്റിക് മേശവിരി * തെർമോകോൾ/ സ്റ്റൈറോഫം എന്നിവ കൊണ്ടുള്ള കപ്പ്, പ്ലേറ്റ്, അലങ്കാര വസ്തുക്കൾ * പ്ലാസ്റ്റിക് കപ്പുകൾ, പ്ലേറ്റ്, ടംബ്ലർ, സ്പൂൺ, ഫോർക്ക്, സ്ട്രോ * പ്ലാസ്റ്റിക് കോട്ടിംഗ് ഉള്ള പേപ്പർ ഉത്പന്നങ്ങൾ * പ്ലാസ്റ്റിക് പതാക/തോരണം * പ്ലാസ്റ്റിക് വാട്ടർ പൗച്ച് * 500 മില്ലി ലിറ്ററിൽ താഴെയുള്ള വെള്ളക്കുപ്പികൾ * ഗാർബേജ് ബാഗുകൾ * പിവിസി ഫ്ളെക്സ് മറ്റീരിയൽ.
എടിഎം ഇടപാട്
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഇടപാടുകാർ നാളെ മുതൽ ഇഎംവി ചിപ്പ് ഘടിപ്പിച്ച കാർഡുകളേ ഉപയോഗിക്കാവൂ. മാഗ്നറ്റിക് സ്ട്രൈപ് ഉള്ളവ മാറ്റി വാങ്ങാത്തവർ ബാങ്കുമായി ബന്ധപ്പെടുക. മാഗ്നറ്റിക് സ്ട്രൈപ് കാർഡുകൾ ഡിസംബർ 31 അർധരാത്രിയോടെ ഡീ ആക്ടീവ് ആകും.
എസ്ബിഐ എടിഎമ്മുകളിൽ രാത്രി എട്ടിനും രാവിലെ എട്ടിനുമിടയിൽ ഇടപാടു നടത്തുന്നവർ മൊബൈലും കരുതണം. പതിനായിരം രൂപയിൽ കൂടുതൽ എടുക്കാൻ മൊബൈലിൽ കിട്ടുന്ന ഒടിപി (വൺ ടൈം പാസ്വേഡ്) നന്പർ അടിക്കണം. അക്കൗണ്ടുമായി ഘടിപ്പിച്ച മൊബൈലിലാണ് ഒടിപി വരിക. തട്ടിപ്പുകൾ തടയാനാണ് ഇത്.
ജിഎസ്ടി
ജിഎസ്ടിയിൽ മെഷീൻ റീഡബിൾ ആയ ഇലക്ട്രോണിക് ഇൻവോയ്സ് വ്യവസ്ഥ പരീക്ഷണാടിസ്ഥാനത്തിൽ നാളെ നടപ്പിലാകും. ഏപ്രിൽ ഒന്നുമുതൽ മുഴുവൻ സ്ഥലങ്ങളിലും ഈ രീതിയാകും. ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് അനുവദിക്കുന്നതിലും നാളെ മാറ്റം വരും.
ഓഹരിക്കും മാർജിൻ
ഓഹരി വാങ്ങുകയും വിൽക്കുകയും ചെയ്യുന്നതിനു നിക്ഷേപകരിൽ നിന്നു മുൻകൂർ പണം വാങ്ങാൻ നാളെ മുതൽ ബ്രോക്കർമാർക്ക് അധികാരമുണ്ട്. ഡെറിവേറ്റീവ് വ്യാപാരത്തിൽ ഉള്ള രീതി കാഷ് വിഭാഗത്തിലും നടപ്പാക്കി സെബി ഉത്തരവിറക്കി. വ്യാപാരത്തുകയുടെ 15 മുതൽ 25 വരെ ശതമാനം വരുന്ന തുകയാകും ഈ രീതിയിൽ സെക്യൂരിറ്റിയായി വാങ്ങുക.
ബിഎസ് 6 മാനദണ്ഡം
ഏപ്രിൽ ഒന്നിനു വാഹനങ്ങൾക്കു ബിഎസ് 6 മാനദണ്ഡം നടപ്പിൽ വരും. ഡീസൽ വാഹനങ്ങളുടെ വില 15 – 20 ശതമാനം കൂടാൻ പുതിയ മാനദണ്ഡം കാരണമാകും.
വാഹനവില കൂടും
മാരുതി, ഹ്യുണ്ടായി തുടങ്ങിയ വാഹനകന്പനികൾ ജനുവരി ആദ്യം വില വർധിപ്പിക്കുമെന്നു പ്രഖ്യാപിച്ചിട്ടുണ്ട്. മറ്റുകന്പനികളും വില കൂട്ടുമെന്നു പറഞ്ഞിട്ടുണ്ട്.
പണം കൈമാറ്റം സൗജന്യം
നാഷണൽ ഇലക്ട്രോണിക് ഫണ്ട്സ് ട്രാൻസ്ഫർ (നെഫ്റ്റ് ) നാളെ മുതൽ സൗജന്യം. ഇത് 24 മണിക്കൂറും പ്രവർത്തിക്കും. നെറ്റ്/മൊബൈൽ ബാങ്കിംഗ് ഇതോടെ കൂടുതൽ സുഗമമായി. റു പേ, ഭീം ആപ് ഇടപാടുകൾ നാളെ മുതൽ സൗജന്യം. മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (എംഡി ആർ) വേണ്ട.
1500രൂപ മുതലുള്ള വൈദ്യുതി ബില്ലുകള്‍ കൗണ്ടറുകളിൽ സ്വീകരിക്കില്ല
തിരുവനന്തപുരം: 1500രൂപ മുതലുള്ള പ്രതിമാസ വൈദ്യുതി ബില്ലുകള്‍ ഇനി ഡിജിറ്റല്‍ മാര്‍ഗങ്ങളിലൂടെ അടയ്ക്കണം. ജനുവരി ഒന്നു മുതല്‍ ഇതു പ്രാബല്യത്തില്‍ വരുന്നതോടെ കാഷ് കൗണ്ടറുകളില്‍ ഇത്തരം ബില്ലുകള്‍ സ്വീകരിക്കുകയില്ല.ഗാര്‍ഹിക, ഗാര്‍ഹികേതര ഉപഭോക്താക്കള്‍ക്ക് ഇതു ബാധകമാണ്. 3000രൂപ മുതലുള്ള ദ്വൈമാസ ബില്ലിനും ഇതു ബാധകമായിരിക്കും.ഡിജിറ്റല്‍ പണമിടപാട് പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനം.