ഓഹരി അവലോകനം/ സോണിയ ഭാനു
വൻ പ്രതീക്ഷകളോടെ പുതു വർഷത്തെ ഉറ്റുനോക്കുകയാണ് നിക്ഷേപകർ. ആറു ശതമാനത്തോളം നേട്ടം കടന്നുപോകുന്ന വർഷം കൈവരിച്ച ആവേശത്തിലാണ് ബോംബെ സെൻസെക്സ്. ഏഷ്യൻ മേഖലയിൽ ഏറ്റവും കൂടുതൽ മികവ് കാണിക്കാൻ ഇന്ത്യൻ മാർക്കറ്റിനായത് വൻനേട്ടമാണ്. ആഗോള തലത്തിൽ ബ്രസീലിയൻ സൂചികയാണ് ഏറെ തിളങ്ങിയത്. തൊട്ടുപുറകിൽ ഇടം കണ്ടെത്താൻ ബോംബെ സൂചികയ്ക്കായി.
ദീപിക 2018 ജനുവരി ഒന്നിലെ ലക്കത്തിൽ സൂചിപ്പിച്ചതാണ് ബോംബെ സെൻസെക്സ് 38,000 റേഞ്ചിലേക്ക് ഉയരുമെന്ന കാര്യം. 2017 ഡിസംബർ അവസാനം സൂചിക 34,056 പോയിന്റിലായിരുന്നു. വിലയിരുത്തലുകൾ ശരിവയ്ക്കുംവിധം സെൻസെക്സ് സർവകാല റിക്കാർഡ് ആയ 38,989.65 പോയിന്റ് വരെ കയറി. നിഫ്റ്റി സൂചിക താഴ്ന്ന നിലവാരമായ 9951ൽനിന്ന് 11,760.20 വരെ ഉയർന്ന് റിക്കാർഡ് സ്ഥാപിച്ചു. എന്നാൽ 12,000ലേക്ക് ഉയരാനായില്ല. യുഎസ്-ചൈന വ്യാപാരയുദ്ധ ഭീഷണി ഇല്ലായിരുന്നെങ്കിൽ നിഫ്റ്റിക്ക് 12,000 പോയിന്റിനു മുകളിൽ ഇടം കണ്ടെത്താൻ അവസരം ലഭിക്കുമായിരുന്നു.
പ്രാദേശിക നിക്ഷേപകരുടെ നിറഞ്ഞ സാന്നിധ്യമാണ് ഇന്ത്യൻ മാർക്കറ്റിന് തിളങ്ങാൻ അവസരമൊരുക്കിയത്. മ്യൂച്വൽ ഫണ്ടുകൾ ശക്തമായ താങ്ങ് ഓരോ അവസരത്തിലും നല്കി. വിദേശ ഫണ്ടുകൾ നിക്ഷേപം തിരിച്ചുപിടിക്കുന്നതിൽ പലപ്പോഴും മുൻതൂക്കം നല്കി. പുതുവർഷത്തിൽ നിഫ്റ്റിക്ക് പുതിയ ഉയരങ്ങളിലേക്കു സഞ്ചരിക്കാനാവും. സെൻസെക്സ് ലക്ഷമിടുക 40,000-42,000 പോയിന്റാകും.
അമേരിക്കയിൽ എസ് ആൻഡ് പി, നാസ്ഡാക്, യൂറോപ്പിൽ ഡാക്സ്, ജപ്പാൻ സൂചികയായ നിക്കീ തുടങ്ങിയവയ്ക്കു തിരിച്ചടിയുടെ വർഷമായിരുന്നു. ഈ സൂചികകൾ 2018ലെ ഉയർന്ന തലത്തിൽനിന്ന് ഏകദേശം 20-25 ശതമാനം താഴ്ന്നു. ദീർഘകാലയളവിലേക്ക് ഇവയുടെ തളർച്ച തുടരാമെങ്കിലും ഹ്രസ്വ കാലയളവിൽ ഒരു പുൾബാക് റാലി പ്രതീക്ഷിക്കാം. അത്തരം ഒരു ബുൾ തരംഗം ഉടലെടുത്താൽ യുഎസ്-യൂറോപ്യൻ മാർക്കറ്റുകൾക്കൊപ്പം തെക്കുകിഴക്കൻ ഏഷ്യൻ രാജ്യങ്ങളിലെ പ്രമുഖ ഓഹരി സൂചികകളിലും മുന്നേറ്റത്തിന് അവസരം ലഭ്യമാകുന്നത് ഇന്ത്യൻ വിപണിയുടെ തിളക്കം 2019ൽ വർധിപ്പിക്കാം.
വർഷത്തിന്റെ അവസാന വാരം നേട്ടത്തിൽ വ്യാപാരം തീർക്കാൻ ഇന്ത്യൻ മാർക്കറ്റിനായി. ബോംബെ സെൻസെക്സ് 335 പോയിന്റ് ഉയർന്നു. സൂചിക മുൻവാരത്തിലെ 35,742ൽനിന്ന് 35,076 വരെ ഇടിഞ്ഞ ശേഷം വാരാവസാനം 36,000 ലെ പ്രതിരോധം ഭേദിച്ച് 36,194 വരെ കയറിയ ശേഷം 36,076 പോയിന്റിലാണ്. ഈ വാരം ആദ്യ പ്രതിരോധം 36,509 ലാണ്. ഇത് മറികടന്നാൽ ലക്ഷ്യം 36,942ലേക്കു തിരിയും. അതേസമയം, തുടക്കത്തിലെ തിരിച്ചടി നേരിട്ടാൽ 35,328ൽ താങ്ങുണ്ട്.
സെൻസെക്സിന്റെ മറ്റു സാങ്കേതിക ചലനങ്ങൾ നിരീക്ഷിച്ചാൽ ഡെയ്ലി ചാർട്ടിൽ സൂപ്പർ ട്രെൻഡ്, പാരാബോളിക് എസ്എആർ, എംഎസിഡി, സ്റ്റോക്കാസ്റ്റിക് ആർഎസ്ഐ എന്നിവ ബുള്ളിഷ് ട്രൻഡിലാണ്.
ക്രിസ്മസ് അവധിയും ഡിസംബർ സീരീസ് സെറ്റിൽമെന്റും ഓപ്പറേറ്റർമാരെ അല്പം വട്ടംകറക്കിയെങ്കിലും നിഫ്റ്റി 70 പോയിന്റ് നേട്ടം സ്വന്തമാക്കി. 10,754ൽനിന്ന് 10,535ലേക്കു വാരമധ്യം ഇടിഞ്ഞ സൂചിക പിന്നീട് ശക്തമായ തിരിച്ചുവരവ് നടത്തി. ജനുവരി സീരീസ് 10,820ലേക്ക് ഉയർന്നാണ് ഇടപാടുകൾക്ക് തുടക്കംകുറിച്ചത്. ഒരുവേള സൂചിക 10,894 വരെ ഉയർന്ന ശേഷം 10,860ൽ ക്ലോസിംഗ് നടന്നു. വരും ആഴ്ചകളിൽ നിഫ്റ്റിക്ക് 11,340 റേഞ്ചിൽ ശക്തമായ പ്രതിരോധമുണ്ട്. തിരിച്ചടി നേരിട്ടാൽ 10,710 ലും 10,560 ലും താങ്ങുണ്ട്.
ഡോളറിനു മുന്നിൽ രൂപ വീണ്ടും മികവ് കാണിച്ചു. 76 പൈസ വർധിച്ച് വിനിമയനിരക്ക് 69.81ലാണ്. രൂപ റിക്കാർഡ് തകർച്ചയെ അഭിമുഖീകരിച്ച വർഷമാണിത്. വർഷാരംഭത്തിലെ 63.21ൽനിന്ന് രൂപയുടെ നിരക്ക് 74.45 വരെ ഇടിഞ്ഞു. പുതുവർഷത്തിൽ രൂപ 68.24ലേക്കു ശക്തിപ്രാപിക്കാം.
വിവിധ കാരണങ്ങൾ രൂപയിൽ സമ്മർദമുളവാക്കി. യുഎസ്-വടക്കൻ കൊറിയ സംഘർഷസാധ്യതകളും അമേരിക്ക-ചൈന വ്യാപാരയുദ്ധവും വിദേശ ഫണ്ടുകളെ വില്പനയ്ക്കു പ്രരിപ്പിച്ചു. ക്രൂഡ് ഓയിൽ വിലക്കയറ്റവും രൂപയുടെ മൂല്യത്തിന് വെല്ലുവിളി ഉയർത്തി. ഒക്ടോബറിൽ എണ്ണവില 76.14 ഡോളറിൽ എത്തിയത് രൂപയെ അക്ഷരാർഥത്തിൽ പിടിച്ചുലച്ചു. വാരാന്ത്യം ക്രൂഡ് ഓയിൽ വില 45.04 ഡോളറിലാണ്. വിപണിക്ക് 39.69 ഡോളറിൽ സപ്പോർട്ടുണ്ട്.
ക്രൂഡ് വില കുറഞ്ഞതു കണ്ട് ഡിസംബറിൽ വിദേശഫണ്ടുകൾ 5400 കോടി രൂപ ഇന്ത്യയിൽ നിക്ഷേപിച്ചു. നടപ്പുവർഷം വിദേശ ഓപ്പറേറ്റർമാർ ഇന്ത്യയിൽനിന്ന് 82,500 കോടി രൂപ പിൻവലിച്ചു. ഇതിൽ 33,300 കോടി രൂപ ഓഹരിയിൽനിന്നും 49,200 കോടി കടപത്രത്തിൽനിന്നുമാണ്. പോയവാരം വിദേശ ഫണ്ടുകൾ 1249.6 കോടി രൂപയുടെ ഓഹരികൾ ശേഖരിച്ചു. ആഭ്യന്തര മ്യൂച്വൽ ഫണ്ടുകൾ 96.36 കോടി രൂപ നിക്ഷേപിച്ചു. ഇതിനിടെ രാജ്യത്തെ വിദേശനാണ്യ ശേഖരം 16.72 കോടി ഡോളർ ഉയർന്ന് 39328.7 കോടി ഡോളറിലെത്തി.