കോട്ടയം: പുതുവത്സരാഘോഷം അടിച്ചുപൊളിക്കാം. പക്ഷേ നിയന്ത്രണം വിട്ടാൽ പിടിവീഴും. പുതുവത്സരം സുരക്ഷിതമായിരിക്കാൻ കർശനമായ ജാഗ്രതാ നിർദേശങ്ങൾ പോലീസ് ഏർപ്പെടുത്തി. 31, ജനുവരി ഒന്ന് തീയതികളിൽ ജില്ലയിലെ മുഴുവൻ പോലീസുകാരും ഡ്യൂട്ടിയിലുണ്ടാകുമെന്നാണ് സൂചന. വാഹനാപകടം ഒഴിവാക്കാൻ രണ്ടു ദിവസങ്ങളിലും രാത്രികാല പരിശോധന പുലർച്ചെ വരെയുണ്ടാകും. മദ്യപിച്ച് വാഹനം ഓടിക്കുന്നവരെ കണ്ടെത്താൻ ജില്ലയിലെ എല്ലാ പ്രധാന റോഡുകളിലും പരിശോധന നടത്തും.
മദ്യപിച്ചെന്നു കണ്ടെത്തിയാൽ അവരുടെ പുതുവത്സരം പോലീസ് സ്റ്റേഷനിലായിരിക്കും. മദ്യപിച്ചവർ വാഹനം ഓടിച്ചതായി കണ്ടാൽ തുടർന്ന് ഡ്രൈവിംഗ് അനുവദിക്കില്ല. ഉത്തരവാദിത്വപ്പെട്ടവർ എത്താതെ വാഹനം കൊടുത്തയയ്ക്കുകയുമില്ല. ഇതിനൊപ്പം പിഴയുമുണ്ടാകും. ഹൈവേ പോലീസ് രാവും പകലും റോഡിൽ പട്രോളിംഗ് നടത്തും.
ജില്ലയിലെ ബാറുകൾക്കും കടിഞ്ഞാണിടാൻ നീക്കമുണ്ട്. രാത്രി നിശ്ചിത സമയത്തിനുശേഷവും ബാറുകൾ തുറന്നു പ്രവർത്തിപ്പിക്കാൻ അനുവദിക്കില്ല. ബാറുകൾക്ക് പുറത്ത് പ്രത്യേക കൗണ്ടറുകളുണ്ടെങ്കിൽ പിടിവീഴും. ബിയർ വൈൻ പാർലറുകളിൽ പുറത്തുനിന്നു മദ്യം കൊണ്ടുവരാനോ വിൽക്കാനോ പാടില്ല. കഞ്ചാവ്, ലഹരിമരുന്ന് എന്നിവ ഉപയോഗിക്കുന്നതിനെതിരെ ജാഗ്രത പുലർത്തും.
ലൈസൻസ് ഇല്ലാതെ പടക്കം വിൽക്കുന്ന സ്ഥാപനങ്ങൾക്കെതിരേയും നടപടിയുണ്ടാവും. ഗുണ്ട് തുടങ്ങി എക്സ്പ്ലോസീവ് വിഭാഗത്തിൽപ്പെടുന്ന സ്ഫോടകസാധനങ്ങൾ ലൈസൻസില്ലാത്ത സ്ഥാപനങ്ങളിൽ പാടില്ല. പടക്കം പൊട്ടിക്കുന്നവർ അപകടം ഉണ്ടാവാതിരിക്കാൻ ശ്രദ്ധിക്കണമെന്നും പോലീസ് നിർദേശമുണ്ട്.
കുമരകത്ത് പുതുവത്സരാഘോഷങ്ങൾക്ക് ഹോട്ടലുകളിലും റിസോർട്ടുകളിലും എത്തുന്നവർക്ക് സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തണമെന്ന് പോലീസ് പ്രത്യേക നിർദേശം നല്കി. ഇതു സംബന്ധിച്ച് കുമരകത്തെ ക്ലബുകൾ, റെസ്റ്ററന്റുകൾ, ബോട്ട് , ഹൗസ് ബോട്ട്, റിസോർട്ട് ഉടമകൾ എന്നിവർക്ക് പോലീസ് നോട്ടീസ് നല്കി.
പ്രവേശനം നല്കുന്നവരുടെ പേര് വിവരങ്ങൾ അടങ്ങുന്ന രജിസ്റ്റർ കൃത്യമായി സൂക്ഷിക്കണമെന്നും കായൽ സവാരിക്ക് വേണ്ടതായ സുരക്ഷാ ഉപകരണങ്ങൾ ഉറപ്പാക്കണമെന്നും നോട്ടീസിൽ വ്യക്തമാക്കുന്നു. പടക്കങ്ങൾ, ഉച്ചഭാഷണികൾ, പാർട്ടികൾ, കലാപരിപാടികൾ എന്നിവയ്ക്ക് പ്രത്യേകം അനുമതി വാങ്ങണം. മദ്യപിച്ച് വാഹനം ഓടിച്ചാൽ നിയമ നടപടിയുണ്ടാവുമെന്നും വിഐപികൾക്ക് വിട്ടവീഴ്ചയില്ലാത്ത സുരക്ഷ നൽകു മെന്നും പോലീസ് അറിയിച്ചു.