തിരുവനന്തപുരം: പുതുവല്‍സരാഘോഷ വേളയില്‍ നഗരത്തില്‍ കനത്ത സുരക്ഷ ഒരുക്കി സിറ്റി പോലീസ്. നഗരം നിയന്ത്രിക്കാന്‍ സിറ്റി പോലീസ് കമ്മീഷണറുടെ കീഴില്‍ രണ്ട് ഡിസിപിമാര്‍ ഉള്‍പ്പടെ കൂടുതല്‍ പോലീസുകാരെ വിന്യസിക്കും.
മോഷണം, കവര്‍ച്ച,മറ്റു ക്രമ സമാധന പ്രശ്നങ്ങള്‍ എന്നിവ തടയാന്‍ മുന്‍ കേസുകളില്‍ ഉള്‍പ്പെട്ടവരെ നിരീക്ഷണത്തിലാക്കി, കുഴപ്പക്കാരെ കരുതല്‍ അറസ്റ്റ് ചെയ്ത് ജയിലില്‍ അടയ്ക്കും. മദ്യപിച്ച് വാഹനം ഓടിക്കുന്നവര്‍ക്കെതിരെ ഡ്രൈവിംഗ് ലൈസന്‍സ് റദ്ദാക്കുന്നത് ഉള്‍പ്പടെയുള്ള നടപടി സീകരിക്കും. ട്രാഫിക് നിയമങ്ങള്‍ ലംഘിക്കുന്നവര്‍ക്കെതിരേയും കര്‍ക്കശ നടപടി എടുക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ പി. പ്രകാശ് അറിയിച്ചു.
നഗരത്തിന്റെ മുക്കും മൂലയും നിരീക്ഷിക്കാന്‍ കണ്ട്രോള് റൂമിലെ നിലവിലുള്ള കാമറകള്‍ക്ക് പുറമേ പ്രധാന തിരക്ക് അനുഭവപ്പെടുന്ന കോവളം, ശംഖുമുഖം, മ്യൂസിയം, കനകക്കുന്ന്, തുടങ്ങിയ സ്ഥലങ്ങളില്‍ കുഴപ്പക്കാരെ പിടിക്കുവാനായി പോലീസ് നിരവധി ഒളി കാമറകളും ഇത്തവണ സ്ഥാപിക്കുമെന്നും കമ്മീഷണര്‍ പി. പ്രകാശ് അറിയിച്ചു.
കൂടാതെ പോക്കറ്റടി, സ്ത്രീകളെ ശല്യം ചെയ്യല്‍, തുടങ്ങിയ കുറ്റകൃത്യങ്ങള്‍ തടയുന്നതിനായി വാഹങ്ങളില്‍ മൂവിംഗ് കാമറകള്‍ ഘടിപ്പിച്ചു നഗരത്തിലുടനീളം പ്രത്യേക പട്രോളിംഗ് നടത്തും. ഇതിനു പുറമേ എല്ലാ പോലീസ് സ്റ്റേഷനുകളിലും സിഐ ഓഫീസുകളിലും നല്‍കിയിട്ടുള്ള കാമറകള്‍ ഉപയോഗിച്ചും നിരീക്ഷണം ശക്തമാക്കും.
പുതുവല്‍സരാഘോഷത്തിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന ഉച്ചഭാഷിണികള്‍ രാത്രി 10 നു തന്നെ ഓഫാക്കണം. നിര്‍ദേശിച്ചിരിക്കുന്ന ഡെസിബെല്ലിലേ ഉച്ചഭാഷിണി ഉപയോഗിക്കാവൂ. ഹോട്ടലുകളിലും പുതുവല്‍സരാഘോഷങ്ങള്‍ നടത്തുന്ന സ്ഥലങ്ങളിലും രാത്രി ലൈറ്റ് ഒരിക്കലും ഓഫാക്കാന്‍ പാടില്ല.
ബിയര്‍ വൈന്‍ പാര്‍ലറുകളും, ബാറുകളും നിശ്ചിത സമയത്തു തന്നെ പൂട്ടണം. ഇത്തരം നിയമത്തിനെതിരായി പ്രവര്‍ത്തിക്കുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ മുന്നറിയിപ്പ് നല്കി.വീട് പൂട്ടി യാത്ര പോകുന്നവര്‍ വിവരം തൊട്ടടുത്തുള്ള പോലീസ് സ്റ്റേഷനിലോ ജനമൈത്രി സുരക്ഷാ ബീറ്റ് ഓഫീസര്‍മാരേയോ അറിയിക്കണം.
31 ന് ഉച്ച മുതല്‍ സിഐ, എസ്ഐ, ജനമൈത്രി ബീറ്റ് ഓഫീസര്‍മാര്‍, മറ്റു പട്രോളിംഗ് ഉദ്യോഗസ്ഥര്‍ എന്നിവരുടെ നേതൃത്വത്തില്‍ പ്രത്യേകസംഘങ്ങളായി തിരിഞ്ഞ് എല്ലാ റോഡുകളിലും റോന്തു ചുറ്റി നിരീക്ഷിക്കുകയും വാഹന പരിശോധന നടത്തുകയും ചെയ്യും.
പട്രോളിംഗിന്റെ ഭാഗമായി പകലും രാത്രിയും ഇട റോഡുകള്‍ പരിശോധിക്കുന്നതിനു ബൈക്ക് ബൂസ്റ്റെര്‍ പട്രോളിംഗും അശ്വാരൂഡ സേനയും രംഗത്തുണ്ടാവും. ഷാഡോ പോലീസിന്റെ സേവനവും ഇതിനായി പ്രയോജനപ്പെടുത്തുകയും, സ്ത്രീ സുരക്ഷക്കായി പിങ്ക് പട്രോള്‍, പിങ്ക് ബീറ്റ് എന്നിവരുടെ സേവനവും സജ്ജമാക്കിയിട്ടുണ്ട്.