കോട്ടയം: പുതുവര്ഷാഘോഷങ്ങള്ക്കായി ജില്ലയിലേക്ക് വന്തോതില് ലഹരി എത്തുന്നതായി സൂചന. പോലീസും എക്സൈസും നിരീക്ഷണം കര്ശനമാക്കി. കുമരകം, വാഗമണ് ഉള്പ്പെടെയുള്ള ജില്ലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലും ഹോം സ്റ്റേകളിലും പോലീസ് നിരീക്ഷണവും പരിശോധനകളും ആരംഭിച്ചിട്ടുണ്ട്.
പുതുവത്സരത്തില് ഇവിടങ്ങളില് മുറികള് ബുക്ക് ചെയ്തിരിക്കുന്നവരുടെ ഉള്പ്പെടെയുള്ള വിവരങ്ങള് പോലീസ് ശേഖരിച്ചതായാണ് സൂചന. പുതുവത്സരാഘോഷങ്ങള്ക്കായി ജില്ലയിലേക്കു വന്തോതില് കഞ്ചാവ്, എംഡിഎംഎ, എല്എസ്ഡി പോലുള്ള സിന്തറ്റിക്ക് ലഹരികള് എത്തിയിട്ടുണ്ട്. വിവിധ സ്ഥലങ്ങളിലെ പരിശോധകള്ക്കായി ഡാന്സാഫ് സംഘത്തിനു പുറമെ പ്രത്യേക ദൗത്യസംഘങ്ങള്ക്കും പോലീസും എക്സൈസും രൂപം നല്കിയിട്ടുണ്ട്.
നാളുകള്ക്കു മുമ്പുവരെ കഞ്ചാവുപോലുള്ള ലഹരിവസ്തുക്കളാണ് വ്യാപകമായി ഉപയോഗിച്ചിരുന്നതെങ്കില് ഇപ്പോള് സിന്തറ്റിക് രാസലഹരി വസ്തുക്കളുടെ വ്യാപനവും ഉപയോഗവുമാണ് വലിയ ഭീഷണിയായിരിക്കുന്നത്. എംഡിഎംഎ, ഹാഷിഷ് ഓയില്, എല്എസ്ഡി സ്റ്റാമ്പ്, നൈട്രോസെപാം ഗുളിക, ബ്രൗണ് ഷുഗര്, കൊക്കെയ്ന്, ഹെറോയിന് എന്നിവ അടുത്ത കാലത്ത് എക്സൈസും പോലീസും വന്തോതിലാണ് പിടികൂടിയിട്ടുള്ളത്. കഞ്ചാവിനെക്കാള് ലഹരിയും സൂക്ഷിക്കാന് സൗകര്യപ്രദവുമായതാണ് ഇത്തരം ലഹരിയിലേക്കു ചെറുപ്പക്കാരെ ആകര്ഷിക്കുന്നത്.
മുന് വര്ഷങ്ങളെ അപേക്ഷിച്ചു പുതുവര്ഷാഘോഷങ്ങളില് ഇത്തരം ലഹരി വസ്തുക്കളുടെ ഉപയോഗവും വിതരണവും കൂടുമെന്ന കണക്കുകൂട്ടലിന്റെ വെളിച്ചത്തിലാണ് എക്സൈസ്, പോലീസ്, കസ്റ്റംസ്, നാര്ക്കോട്ടിക് കണ്ട്രോള് ബ്യൂറോ ഉള്പ്പെടെയുള്ള ഏജന്സികള് സംയുക്തമായി അന്വേഷണവും പരിശോധനകളും നടത്തുന്നത്. ഇതര സംസ്ഥാനങ്ങളില്നിന്നും എത്തുന്ന ബസുകള് ഉള്പ്പെടെ പരിശോധിക്കുന്നുണ്ട്. മുമ്പ് ലഹരികടത്ത് കേസുകളില് പിടിക്കപ്പെട്ടിട്ടുള്ളവരും നിരീക്ഷണത്തിലാണ്.
വന്കിട ഹോട്ടലുകള്, സ്പാ, റിസോര്ട്ടുകള്, വിനോദ സഞ്ചാര കേന്ദ്രങ്ങള്, ഡിജെ പാര്ട്ടികള് നടത്തുന്ന കേന്ദ്രങ്ങള് എന്നിവയും അന്വേഷണ ഏജന്സികളുടെ നിരീക്ഷണത്തിലാണ്. സമൂഹമാധ്യമങ്ങള് വഴി പരസ്യം ചെയ്തും ഇത്തരം പാര്ട്ടികളില് സ്ഥിരമായി പങ്കെടുക്കുന്നവരുടെ കൂട്ടായ്മ രൂപീകരിച്ചുമാണ് പലയിടത്തും രഹസ്യമായി ആഘോഷങ്ങള് നടത്താന് തീരുമാനിച്ചിരിക്കുന്നത്. നഗരത്തിലെ ചില ഫ്ലാറ്റുകളിലും സമാനമായ ലഹരി പാര്ട്ടികള് സംഘടിപ്പിക്കാറുണ്ട്. അതിനാല് കരുതലോടെയാണ് പോലീസും, എക്സൈസും നിരീക്ഷണം കര്ശനമാക്കിയിട്ടുള്ളത്.
30, 31 തീയതികളില് ജില്ലയിലെ പല സ്ഥലങ്ങളിലും ലഹരി പാര്ട്ടികള് നടക്കുമെന്നു പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്. ആഘോഷങ്ങള്ക്കായി ബംഗളൂരുവില് നിന്ന് കൊച്ചിയിലേക്ക് വന്തോതിലാണ് ലഹരി എത്തിക്കുന്നത്. പിന്നീട് ഏജന്റുമാര് ഇവ മറ്റു ജില്ലകളിലേക്ക് എത്തിക്കും. ദിവസങ്ങള്ക്കു മുമ്പു രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില് അന്വേഷണം ആരംഭിച്ചെങ്കിലും കാര്യമായൊന്നും പിടികൂടാന് സാധിച്ചിട്ടില്ല.