ആര്ട്ടിഫിഷ്യല് ഇന്റലിജന്സ് എല്ലാ മേഖലയിലും മനുഷ്യന് സഹായകമാവുന്ന അവസ്ഥയാണിപ്പോഴുള്ളത്. ഇതിന്റെ ദുരുപയോഗവും നടക്കുന്നുണ്ടെങ്കിലും എഐയുടെ ഗുണഫലങ്ങളെക്കുറിച്ചുള്ള നിരവധി വാര്ത്തകള് ഇപ്പോള് പുറത്തു വരുന്നുണ്ട്.
ഇപ്പോള് എഐയുടെ സഹായത്തോടെ മയക്കുമരുന്നു കടത്തുകാരനെ പിടിച്ചിരിക്കുകയാണ് ന്യൂയോര്ക്ക് പോലീസ്.
ന്യൂയോര്ക്കിലെ അപ്സ്റ്റേറ്റിലെ ചെറിയ പട്ടണമായ സ്കാര്സ്ഡെയ്ലിലാണ് സംഭവം. പോലീസ് 2022 മാര്ച്ചില് നടന്ന സംഭവത്തിന്റെ വിശദാംശങ്ങള് ഇപ്പോഴാണ് പുറത്തുവിടുന്നത്.
ഡേവിഡ് സയാസിസ് എന്നയാളാണ് ഇത്തരത്തില് പിടിയിലായത്. എ ഐയുടെ സഹായത്തോടെ പോലീസ് തയ്യാറാക്കിയ പ്രത്യേക ഉപകരണം വച്ച് ഡേവിഡിന്റെ പേരില് രജിസ്റ്റര് ചെയ്തിരിക്കുന്ന വാഹനത്തിന്റെ മുന്കാല യാത്രകള് പരിശോധിച്ചപ്പോഴാണ് സംശയം ജനിപ്പിക്കുന്ന പല കാര്യങ്ങളും പുറത്തുവന്നത്.
ആര്ട്ടിഫിഷ്യല് ഇന്റലിജന്സ് കാര് പതിവായി മയക്കുമരുന്ന് സംഘങ്ങള് ഉപയോഗിക്കുന്ന വഴികളിലൂടെയാണ് സഞ്ചരിക്കുന്നതെന്നത് കണ്ടെത്തി.
2020 ഒക്ടോബറിനും 2021 ഓഗസ്റ്റിനും ഇടയില് മയക്കുമരുന്ന് മാഫിയകളുടെ പ്രധാന റൂട്ട് ആയ മസാച്യുസെറ്റ്സില് നിന്ന് ന്യൂയോര്ക്കിലെ വിവിധ സ്ഥലങ്ങളിലേക്ക് വാഹനം ഒമ്പത് യാത്രകള് നടത്തിയതായാണ് ആര്ട്ടിഫിഷ്യല് ഇന്റലിജന്സിന്റെ സഹായത്തോടെ പോലീസ് മനസ്സിലാക്കിയത്.
തുടര്ന്ന് നടത്തിയ പരിശോധനയില് പോലീസ് ഇയാളുടെ വാഹനത്തില് നിന്ന് 112ഗ്രാം ക്രാക്ക് കൊക്കെയ്ന്, 34,000 ഡോളര് , ഒരു സെമി ഓട്ടോമാറ്റിക് പിസ്റ്റള് എന്നിവ കണ്ടെത്തുകയായിരുന്നു.