ന്യൂസീലന്ഡ്: വിപ്ലവകരമായ തീരുമാനവുമായി ന്യൂസിലന്ഡ് സര്ക്കാര്. ലൈംഗികവൃത്തി ഒരു തൊഴില് വൈദഗ്ധ്യമായി കണക്കാക്കിയാണ് ന്യൂസിലന്ഡ് സര്ക്കാര് ഏവരെയും ഞെട്ടിച്ചിരിക്കുന്നത്. ലൈംഗികവൃത്തിയും ‘എസ്കോര്ട്ടും’ സ്കില്ഡ് വര്ക്ക് ലിസ്റ്റില് ഉള്പ്പെടുത്തിയാണ് പുതിയ മാറ്റം.
ന്യൂസീലന്ഡിലേക്കു കുടിയേറിപ്പാര്ക്കാന് ആഗ്രഹിക്കുന്നവരുടെ വീസ അപേക്ഷയില് നല്കിയിരിക്കുന്ന ‘തൊഴില് വൈദഗ്ധ്യം’ സംബന്ധിച്ച കോളത്തില് ഇനി ലൈംഗികവൃത്തിയും ചേര്ക്കാനുള്ള നിയമം പ്രാബല്യത്തില് എത്തിയത്.
ലൈംഗികവൃത്തിയും ‘എസ്കോര്ട്ടും’ ഉള്പ്പെടെയാണ് ‘സ്കില്ഡ് വര്ക്ക്’ ആയി ചേര്ക്കാന് ന്യൂസീലന്ഡ് അനുമതി നല്കിയിരിക്കുന്നത്. ഇമിഗ്രേഷന് വിഭാഗം വെബ്സൈറ്റില് ഇക്കാര്യം വ്യക്തമാക്കിയിട്ടുമുണ്ട്. മേഖലയില് മൂന്നു വര്ഷത്തെ പ്രവൃത്തിപരിചയം നിര്ബന്ധം.ഓസ്ട്രേലിയന് ആന്ഡ് ന്യൂസീലന്ഡ് സ്റ്റാന്ഡേര്ഡ് ക്ലാസിഫിക്കേഷന് ഓഫ് ഒക്യുപേഷന്സ് (ആന്സ്കോ) പട്ടികയില് അനുശാസിക്കുന്ന യോഗ്യതകള് ഉള്ളവര്ക്കു മാത്രമേ അപേക്ഷിക്കാനാകൂ.
ആന്സ്കോ അനുശാസിക്കുന്ന സ്കില് ലെവല് 5ല് എത്തിയാല് മാത്രമേ ലൈംഗികവൃത്തിയില് ഉയര്ന്ന നിലവാരമുള്ളതായി കണക്കാക്കുകയുള്ളൂ. മണിക്കൂറില് ലഭിക്കുന്ന വേതനത്തെക്കുറിച്ച് ഉള്പ്പെടെ ആന്സ്കോയുടെ പട്ടികയില് നിര്ദേശമുണ്ട്. ഈ തൊഴില് സ്വീകരിക്കുന്നവര്ക്ക് സെക്കന്ഡറി വിദ്യാഭ്യാസവും നിര്ബന്ധമാണ്. മേഖലയില് മൂന്നു വര്ഷത്തെ ‘പ്രവൃത്തിപരിചയവും’ ഉണ്ടായിരിക്കണം.
വിദഗ്ധ തൊഴില് വിഭാഗത്തിലാണ് ലൈംഗികവൃത്തി ഉള്പ്പെടുത്തിയിരിക്കുന്നത്. എന്നാല് തൊഴിലാളി അവശ്യമേഖലകളിലേക്കുള്ള പട്ടികയില് ഉള്പ്പെടുത്തിയിട്ടുമില്ല. കാര്യം ഇതൊക്കെയാണെങ്കിലും ലൈംഗികവൃത്തി ജോലിയാക്കി റെസിഡന്റ് വീസയ്ക്ക് അപേക്ഷിക്കാന് ഏറെ ബുദ്ധിമുട്ടാണെന്നും ബന്ധപ്പെട്ടവര് വ്യക്തമാക്കുന്നു. രാജ്യത്തു താത്കാലിക വീസയിലെത്തി ലൈംഗികത്തൊഴിലെടുക്കാനും വിലക്കുണ്ട്.
മാത്രവുമല്ല ആന്സ്കോ നയത്തിന്റെ ഭാഗമായാണ് ഇത്തരമൊരു കാര്യം വീസ അപേക്ഷയില് ഉള്പ്പെടുത്തിയതെന്നും ന്യൂസീലന്ഡ് വ്യക്തമാക്കുന്നു. ഇതുവരെ ഈ ജോലിക്കായി ആരും വീസ അപേക്ഷ നല്കിയിട്ടില്ലെന്നും വിവിധ ഏജന്സികള് പറയുന്നു.
ലൈംഗികവൃത്തി കുറ്റകരമല്ലാതാക്കുന്ന നിയമം 2003ലാണ് ന്യൂസീലന്ഡ് പാര്ലമെന്റ് പാസാക്കിയത്. ഏറെ കോലാഹലങ്ങള്ക്ക് ഒടുവിലായിരുന്നു ഇത്. എന്നാല് രാജ്യത്തു മുന്പ് അനധികൃതമാം വിധം വ്യാപകമായിരുന്നെങ്കിലും ലൈംഗികവൃത്തി നിയമവിധേയമാക്കിയതിനെ ഒട്ടേറെപ്പേര് സ്വാഗതം ചെയ്തിരുന്നു.
ലൈംഗികത്തൊഴിലാളികളെ ചൂഷണങ്ങളില് നിന്നു സംരക്ഷിക്കുന്നതിനു വേണ്ടിയായിരുന്നു നിയമം. ലൈംഗിക തൊഴിലാളികള്ക്ക് മികച്ച തൊഴില് സാഹചര്യങ്ങളൊരുക്കുന്ന രാജ്യങ്ങളിലൊന്നാണ് ന്യൂസിലന്ഡ്.