ഹാമിൽട്ടണ്: ത്രിരാഷ്ട്ര ട്വന്റി-20 ക്രിക്കറ്റിൽ ഇംഗ്ലണ്ടിനെതിരായ അവസാന ലീഗ് മത്സരത്തിൽ പരാജയപ്പെട്ടിട്ടും ന്യൂസിലൻഡ് ഫൈനലിൽ. രണ്ട് റണ്‍സിനായിരുന്നു ഇംഗ്ലണ്ടിന്റെ ജയം. നെറ്റ് റണ്‍റേറ്റിന്റെ അടിസ്ഥാനത്തിൽ ഇംഗ്ലണ്ടിനെ മറികടന്നാണ് കിവീസ് ഓസ്ട്രേലിയയ്ക്കെതിരായ ഫൈനലിന് യോഗ്യത സ്വന്തമാക്കിയത്. സ്കോർ: ഇംഗ്ലണ്ട് 20 ഓവറിൽ ഏഴിന് 194. ന്യൂസിലൻഡ് 20 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 192.
ന്യൂസിലൻഡ് ഓപ്പണർ കോളിൻ മണ്‍റോയുടെ മിന്നൽ അർധസെഞ്ചുറിയായിരുന്നു മത്സരത്തിന്റെ ഹൈലൈറ്റ്. 18 പന്തിൽ അർധശതകം പിന്നിട്ട മണ്‍റോ 21 പന്തിൽ 57 റണ്‍സ് നേടി. ഇത് മൂന്നാം തവണയാണ് 20 പന്തിൽ താഴെ നേരിട്ട് മണ്‍റോ അർധസെഞ്ചുറി നേട്ടം കൈവരിക്കുന്നത്.
ഇംഗ്ലണ്ട് നിരയിൽ ഇയോണ്‍ മോർഗണ്‍ 46 പന്തിൽ 80 റണ്‍സ് എടുത്ത് പുറത്താകാതെനിന്ന് ടോപ് സ്കോറർ ആയി. മലാൻ 53 റണ്‍സ് എടുത്തു.