ക്രൈസ്റ്റ്ചർച്ച്: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരയിലെ രണ്ടാം മത്സരത്തിൽ ന്യൂസിലൻഡിന് ആറ് റണ്‍സിന് വിജയിച്ചു. ആദ്യം ബാറ്റ് ചെയ്ത കിവീസ് റോസ് ടെയ്ലറുടെ സെഞ്ചുറിക്കരുത്തിൽ നാല് വിക്കറ്റിന് 289 റണ്‍സ് നേടി. 50 ഓവറിൽ ഒൻപത് വിക്കറ്റിന് 283 എന്ന നിലയിൽ ദക്ഷിണാഫ്രിക്കയുടെ മറുപടി അവസാനിച്ചു.
കരിയറിലെ 17-ാം ഏകദിന സെഞ്ചുറി കുറിച്ച ടെയ്ലർ 102 റണ്‍സോടെ പുറത്താകാതെ നിന്നു. 110 പന്തുകൾ നേരിട്ട ടെയ്ലർ എട്ട് ബൗണ്ടറികളുടെ അകന്പടിയോടെയാണ് സെഞ്ചുറി പൂർത്തിയാക്കിയത്. ഇതോടെ ഏകദിനത്തിൽ കിവീസിനായി ഏറ്റവും അധികം സെഞ്ചുറി നേടിയ താരമെന്ന റെക്കോർഡ് ടെയ്ലർ സ്വന്തമാക്കി. നഥാൻ ആസ്റ്റിലിന്റെ 16 സെഞ്ചുറികൾ എന്ന റെക്കോർഡാണ് ടെയ്ലർ പഴങ്കഥയാക്കിയത്. ഏകദിനത്തിൽ 6,000 റണ്‍സ് ക്ലബിൽ എത്താനും ടെയ്ലർക്ക് കഴിഞ്ഞു.
ജയിംസ് നീഷം (പുറത്താകാതെ 71), ക്യാപ്റ്റൻ കെയ്ൻ വില്യംസണ് (69) എന്നിവർ ടെയ്ലർക്ക് മികച്ച പിന്തുണ നൽകി. 57 പന്തിലാണ് നീഷം 71 റണ്‍സ് സ്കോർ ചെയ്തത്. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ഡെയ്ൻ പ്രിട്ടോറിയസ് രണ്ടു വിക്കറ്റ് വീഴ്ത്തി.
290 റണ്‍സ് ലക്ഷ്യം പിന്തുടർന്ന ദക്ഷിണാഫ്രിക്ക അവസാനം വരെ പൊരുതിയ ശേഷമാണ് കീഴടങ്ങിയത്. ക്വിന്റണ്‍ ഡി കോക് (57), ഡെയ്ൻ പ്രിട്ടോറിയസ് (50) എന്നിവർ ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി പൊരുതി. എ.ബി.ഡിവില്ലിയേഴ്സ് 45 റണ്‍സ് നേടി പുറത്തായി. 27 പന്തിൽ നാല് ഫോറും രണ്ടു സിക്സും പറത്തി 50 റണ്‍സ് നേടിയ പ്രിട്ടോറിയസ് അവസാന ഓവറുകളിൽ പൊരുതിയെങ്കിലും ദക്ഷിണാഫ്രിക്കയ്ക്ക് വിജയം സമ്മാനിക്കാൻ കഴിഞ്ഞില്ല. കിവീസിന് വേണ്ടി ട്രെന്റ് ബോൾട്ട് മൂന്ന് വിക്കറ്റ് വീഴ്ത്തി.
ജയത്തോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ കിവീസ് ഒപ്പമെത്തി. ആദ്യ മത്സരം ദക്ഷിണാഫ്രിക്ക ജയിച്ചിരുന്നു. മൂന്നാം മത്സരം ശനിയാഴ്ച വെല്ലിംഗ്ടണിൽ നടക്കും.