പോര്‍ട്ടോ അലെഗ്രെ: റഷ്യയില്‍ അടുത്തവര്‍ഷം നടക്കുന്ന ലോകകപ്പിനുള്ള യോഗ്യതാ മത്സരത്തില്‍, ഇക്വഡോറിനെതിരേ സൂപ്പര്‍ താരം നെയ്മര്‍ ബ്രസീലിനായി ബൂട്ടുകെട്ടും.
നേരത്തെതന്നെ യോഗ്യത നേടിയ ബ്രസീലിന് ഈ മത്സരം അത്ര പ്രധാനപ്പെട്ടതല്ല. എന്നാല്‍, നെയ്മറുടെ സാന്നിധ്യം കൊണ്ട് മത്സരം ശ്രദ്ധേയമാകും. പാരീ സാന്‍ ഷര്മെയ്നിലേക്കു കൂടുമാറിയശേഷം ആദ്യമായാണ് നെയ്മര്‍ ബ്രസീലിനായി ബൂട്ടുകെട്ടുന്നത്. ലാറ്റിനമേരിക്കന്‍ മേഖലയില്‍ പോയിന്റ്നിലയില്‍ ബ്രസീലാണു മുന്നില്‍.
അതേസമയം, ഇക്വഡോര്‍ ആറാമതാണ്. പരിശീലകനായി ടിറ്റെ വന്ന ശേഷം ബ്രസീല്‍ കളിച്ച എട്ടു മത്സരങ്ങളില്‍ എട്ടിലും വിജയിച്ചു. 77 അന്താരാഷ്ട്ര മത്സരങ്ങളില്‍ ബ്രസീലിനായി കളിച്ച നെയ്മര്‍ 52 ഗോളുകള്‍ നേടിയിട്ടുണ്ട്. ഗബ്രിയേല്‍ ജീസസും ടീമിലുണ്ട്.