റഷ്യന്‍ ലോകകപ്പില്‍ കളികളോടൊപ്പം ഏവരും ചര്‍ച്ച ചെയ്ത ഒന്നായിരുന്നു ബ്രസീല്‍ താരം നെയ്മറിന്റെ ഗ്രൗണ്ടിലെ ഉരുണ്ടുവീഴ്ച. എതിര്‍ ടീമിലെ കളിക്കാര്‍ ഒന്നു തൊടുമ്പോഴേയ്ക്കും ഗ്രൗണ്ടില്‍ മറിഞ്ഞു വീഴുകയും ഉരുളുകയും ചെയ്യുന്ന നെയ്മറിനെ നിരവധിയാളുകള്‍ വിമര്‍ശിച്ചിരുന്നു.
മക്‌ഡൊണാള്‍ഡ്‌സ് ഉള്‍പ്പെടെ നിരവധി കമ്പനികള്‍ തങ്ങളുടെ പരസ്യത്തിനുവേണ്ടി പോലും നെയ്മറിന്റെ ഗ്രൗണ്ടിലെ ഉരുണ്ടു വീഴ്ചയെ ഉപയോഗിച്ചിരുന്നു. എന്നാല്‍ ലോകകപ്പില്‍ യഥാര്‍ത്ഥത്തില്‍ സംഭവിച്ചതെന്താണെന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് സാക്ഷാല്‍ നെയ്മര്‍. ഒരു പരസ്യത്തിലൂടെയാണ് നെയ്മര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ…
‘നിങ്ങള്‍ വിചാരിക്കുന്നുണ്ടാകും ഞാന്‍ അഭിനയിക്കുകയായിരുന്നുവെന്ന്. ചില സമയങ്ങളില്‍ ഞാന്‍ അങ്ങനെ അഭിനയിക്കാറുണ്ട്. പക്ഷേ ഗ്രൗണ്ടില്‍ ഞാന്‍ വേദന അനുഭവിച്ചു എന്നതാണ് സത്യം പരസ്യത്തില്‍ നെയ്മര്‍ പറയുന്നു.
ബെല്‍ജിയത്തിനെതിരായ ക്വാര്‍ട്ടര്‍ ഫൈനല്‍ തോല്‍വിക്കുശേഷം ഒന്നും പ്രതികരിക്കാതിരുന്നത് എന്തുകൊണ്ടാണെന്നും നെയ്മര്‍ പരസ്യത്തില്‍ പറയുന്നുണ്ട്. അഭിമുഖം തരാതിരുന്നത് വിജയത്തിന്റെ ക്രെഡിറ്റ് മാത്രം വേണമെന്നുള്ളതു കൊണ്ടല്ല, ഞാനിപ്പോഴും നിങ്ങളെ നിരാശപ്പെടുത്താന്‍ പഠിച്ചിട്ടില്ല എന്നതുകൊണ്ടാണ്.
ഞാന്‍ മര്യാദയില്ലാതെ പെരുമാറുമ്പോള്‍ അതിനര്‍ഥം ഞാന്‍ ചീത്തയായിപ്പോയ കുട്ടിയാണെന്നല്ല, എന്താണ് നിരാശയെന്ന് ഞാന്‍ മനസ്സിലാക്കാത്തതുകൊണ്ടാണ്. ചിലപ്പോള്‍ ലോകത്തെ മുഴുവന്‍ ആനന്ദിപ്പിക്കുന്നവനാകും, അതല്ലെങ്കില്‍ ലോകത്തെ മുഴുവന്‍ വെറുപ്പിക്കുന്നവനും.
അതാണ് എന്റെ ഫുട്ബോള്‍ സ്റ്റൈല്‍. ഞാന്‍ എപ്പോഴും വീഴുന്നതെന്താണെന്ന് നിങ്ങള്‍ വിചാരിക്കുന്നുണ്ടാകും. പക്ഷേ സത്യത്തില്‍ ഞാന്‍ വീണിട്ടില്ല. തകര്‍ന്നു പോവുകയാണ് ചെയ്തത്. ശസ്ത്രക്രിയ കഴിഞ്ഞ കണങ്കാല്‍ മറ്റെന്തിനേക്കാളുമധികം വേദനിക്കും.
നിങ്ങളുടെ വിമര്‍ശനം അംഗീകരിക്കാന്‍ ഞാന്‍ കുറേ സമയമെടുത്തു. കണ്ണാടിയില്‍ എന്നെത്തന്നെ നോക്കി നില്‍ക്കാനും ഒരു പുതിയ മനഷ്യനാകും കുറേ സമയമെടുത്തു. ഞാന്‍ വീണു, പക്ഷേ വീണവന് മാത്രമേ സ്വയം എഴുന്നേറ്റു നില്‍ക്കാന്‍ കഴിയൂ.
ആരാധകരോട് ഒരു തിരഞ്ഞെടുപ്പിന് ആഹ്വാനം ചെയ്താണ് നെയ്മറിന്റെ ഈ പരസ്യം അവസാനിക്കുന്നത്. നിങ്ങള്‍ക്ക് വേണമെങ്കില്‍ എന്നെ കല്ലെറിയുന്നത് തുടരാം, അതല്ലെങ്കില്‍ കല്ല് ദൂരേക്ക് എറിഞ്ഞ് എന്നെ എഴുന്നേല്‍ക്കാന്‍ സഹായിക്കാം. ഞാന്‍ എഴുന്നേറ്റുനില്‍ക്കുമ്പോള്‍ ബ്രസീലൊന്നാകെ എന്നോടൊപ്പം എഴുന്നേറ്റു നില്‍ക്കും’.