ടോക്കിയോ: ബ്രസീലിനായി രാജ്യാന്തര ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോൾ നേടിയ ഇതിഹാസതാരം പെലെയ്ക്ക് ഒപ്പമെത്താൻ തയാറെടുത്ത് നെയ്മർ.
92 മത്സരങ്ങളിൽനിന്ന് 77 ഗോൾ നേടിയ പെലെയുടെ പേരിലാണ് ബ്രസീലിനായി ഏറ്റവും കൂടുതൽ ഗോൾ നേടിയതിന്റെ റിക്കാർഡ്.
രാജ്യാന്തര സൗഹൃദമത്സരത്തിൽ ജപ്പാന് എതിരേ ബ്രസീലിന്റെ 1-0 ജയത്തിനു വഴിതെളിച്ച ഗോൾ നേടിയ നെയ്മറിന്റെ അക്കൗണ്ടിൽ ഇതുവരെ ആകെ 74 ഗോൾ ആയി.
പെലെയുടെ റിക്കാർഡ് മറികടക്കാൻ നെയ്മറിന് ഇനിയുള്ളത് വെറും നാല് ഗോളിന്റെ അകലം മാത്രം. 119 മത്സരങ്ങളിൽനിന്നാണ് നെയ്മർ 74 ഗോൾ സ്വന്തമാക്കിയത്.
ജപ്പാനെതിരേയും പെനൽറ്റിയിലൂടെയാണ് നെയ്മറിന്റെ ഗോൾ പിറന്നത്. മത്സരത്തിന്റെ 77-ാം മിനിറ്റിലെ ആ പെനൽറ്റി ഗോളിലൂടെയായിരുന്നു ബ്രസീലിന്റെ ജയം.