ബ്രസീലിയ: കാല്‍മുട്ടിനേറ്റ പരിക്കിനെത്തുടര്‍ന്ന് വിശ്രമിക്കുന്ന ബ്രസീലിയന്‍ സൂപ്പര്‍താരം നെയ്മറിന് അടുത്ത വര്‍ഷം നടക്കുന്ന കോപ്പാ അമേരിക്ക ടൂര്‍ണമെന്റ് നഷ്ടമാവുമെന്ന് ബ്രസീലിയന്‍ ടീം ഡോക്ടര്‍ റോഡ്രിഗോ ലാസ്മറിന്റെ വെളിപ്പെടുത്തല്‍.
കാല്‍മുട്ടില്‍ പരിക്കേറ്റതിനെത്തുടര്‍ന്ന് കഴിഞ്ഞ മാസമാണ് നെയ്മര്‍ ശസ്ത്രക്രിയയ്ക്ക് വിധേയനായത്. ഒക്ടോബറില്‍ യുറുഗ്വായ്ക്കെതിരേയായ ലോകകപ്പ് യോഗ്യതാ മത്സരത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്. ഇടതുകാലിലെ ആന്റീരിയര്‍ ക്രൂസിയേല ലിഗമെന്റിനും മെനിസ്കസിനുമാണ് പരിക്ക്.
ടീം ഡോക്ടറായ ലാസ്മറാണ് ശസ്ത്രക്രിയയ്ക്ക് മേല്‍നോട്ടം വഹിച്ചത്. അടുത്ത ഓഗസ്റ്റ് വരെ ഫുട്ബോള്‍ കളിക്കാന്‍ നെയ്മറിനാവില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ബ്രസീലിലെ ഒരു എഫ്എം സ്റ്റേഷനോടാണ് ലാസ്മര്‍ ഇക്കാര്യം പറഞ്ഞത്. ജൂണ്‍ 20 മുതല്‍ ജൂലൈ 14 വരെ യുഎസിലാണ് കോപ്പാ അമേരിക്ക ടൂര്‍ണമെന്റ് നടക്കുക.
31കാരനായ നെയ്മര്‍ രാജ്യാന്തര ഫുട്ബോളില്‍ ബ്രസീലിന്റെ എക്കാലത്തെയും ഉയര്‍ന്ന ഗോള്‍ വേട്ടക്കാരനാണ്. നിലവില്‍ സൗദി പ്രോ ലീഗ് ക്ലബ് അല്‍-ഹിലാലിന്റെ താരവുമാണ്.