മുംബൈ: ബ്രസീൽ സൂപ്പർ ഫുട്ബോളർ നെയ്മർ മുംബൈയിൽ ക്ലബ് ഫുട്ബോൾ പോരാട്ടത്തിന് എത്താനുള്ള സാഹചര്യം ഒരുങ്ങി. കഴിഞ്ഞ മാസം വരെ ഇന്ത്യൻ ഫുട്ബോൾ പ്രേമികൾക്ക് സ്വപ്നം കാണാൻ സാധിക്കാത്ത കാര്യമാണ് യാഥാർഥ്യമാകാൻ പോകുന്നത്.
എഎഫ്സി ചാന്പ്യൻസ് ലീഗ് 2023-24 സീസണ് ഗ്രൂപ്പ് ഘട്ടത്തിൽ നെയ്മറിന്റെ സൗദി ക്ലബ്ബായ അൽ ഹിലാൽ എഫ്സിയും ഐഎസ്എൽ ക്ലബ്ബായ മുംബൈ സിറ്റി എഫ്സിയും ഒന്നിച്ച് എത്തിയതോടെയാണ് നെയ്മർ ഇന്ത്യയിലേക്ക് എത്താനുള്ള വഴി തെളിഞ്ഞത്.
ഗ്രൂപ്പ് ഘട്ട എവേ പോരാട്ടത്തിനായി അൽ ഹിലാൽ എഫ്സിക്ക് മുംബൈയിൽ എത്തേണ്ടതുണ്ട്. നവംബർ ഏഴിനാണ് അൽ ഹിലാലിന് എതിരായ മുംബൈ സിറ്റിയുടെ ഹോം മത്സരം. ഗ്രൂപ്പ് ചാന്പ്യന്മാർ നേരിട്ട് പ്രീക്വാർട്ടറിലേക്ക് മുന്നേറും. മികച്ച ആറ് രണ്ടാം സ്ഥാനക്കാർക്കും പ്രീക്വാർട്ടർ ടിക്കറ്റ് ലഭിക്കും.
ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജിവിട്ട് ഈമാസം 15നാണ് നെയ്മർ അൽ ഹിലാൽ എത്തിയത്. നെയ്മറിനൊപ്പം അൽ ഹിലാലിലുള്ള സൂപ്പർ താരങ്ങളായ സെനഗലിന്റെ കാലിദു കൗലിബെ, പോർച്ചുഗലിന്റെ റൂബെൻ നെവെസ്, സെർബിയയുടെ മിലിങ്കോവിച്ച് സാവിക്, ബ്രസീലിന്റെ മാൽകോം തുടങ്ങിയവരും മുംബൈയിൽ പന്തുതട്ടാൻ എത്തിയേക്കും.
ഗ്രൂപ്പ് ഡിയിൽ അൽ ഹിലാൽ, മുംബൈ സിറ്റി എന്നിവയ്ക്കൊപ്പം ഉസ്ബെക്കിസ്ഥാന്റെ നവ്ബഹൂർ, ഇറാനിൽ നിന്നുള്ള നസാജി മസൻഡ്രം എന്നീ ടീമുകളാണുള്ളത്.