പാലാ: ഒരു കാലത്ത് പ്രൗഢിയോടെ നിലനിന്നിരുന്ന ഇടപ്പാടിയിലെ കൈത്തറി നെയ്ത്തുശാല ഇന്നു നിലനില്‍പ്പിനായുള്ള നിലവിളിയിലാണ്. മൂന്നു നെയ്ത്തുതറികളില്നിന്നു കേട്ടുകൊണ്ടിരുന്ന ശബ്ദം ഇപ്പോള്‍ ഈ നെയ്ത്തുശാലയില്‍ അധികം കേള്‍ക്കാനില്ല. പതിനഞ്ചാം വയസില്‍ തുടങ്ങിയ നെയ്ത്തുജോലി 72-ാം വയസിലും ചുറുചുറുക്കോടെ ചെയ്യാന്‍ സാധിക്കുന്നുണ്ട് ഉടമയായ പങ്കജാക്ഷന്. ബാലരാമപുരം സ്വദേശിയായ പങ്കജാക്ഷന് തന്റെ ഇരുപത്തിരണ്ടാം വയസില്‍ പാലായിലെത്തിയതാണ്. അന്നു തുടങ്ങിയ നെയ്ത്തുശാലയാണ് ഇത്.
ഇപ്പോള്‍ ആകെ ഒരു നെയ്ത്തുതറി മാത്രമേ പങ്കജാക്ഷന്റെ നെയ്ത്തുശാലയിലുള്ളൂ. തന്റെ മക്കളെയൊന്നും ഈ കൈത്തൊഴില്‍ പഠിപ്പിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു. ഈ തൊഴില്‍കൊണ്ടു മാത്രം ജീവിച്ചു പോകാന്‍ ബുദ്ധിമുട്ടുള്ളതുകൊണ്ടാണ് മക്കളെ ഈ തൊഴിലിലേക്ക് കൊണ്ടുവരാഞ്ഞത്. ഭാര്യയും പങ്കജാക്ഷനും ഒരുമിച്ച് ചേര്‍ന്നാണ് ഇപ്പോള്‍ ഈ നെയ്ത്തുശാല കൊണ്ടുപോകുന്നത്.
ഓര്‍ഡര്‍ അനുസരിച്ച് ജോലി ചെയ്തുകൊടുക്കുന്നുണ്ട്. ആരോഗ്യപരമായ പ്രശ്നങ്ങള്‍ ഉണ്ടെങ്കിലും നെയ്ത്തു ജോലിയോടുള്ള താത്പര്യമൊന്നുകൊണ്ടു മാത്രമാണ് ഇപ്പോഴും തുടരുന്നത്. നെയ്ത്തിനുള്ള നൂല് ബാലരാമപുരത്ത് നിന്നാണ് കൊണ്ടുവരുന്നത്. സംഘമായി രജിസ്റ്റര്‍ ചെയ്താല്‍ മാത്രമേ എന്തെങ്കിലും ആനുകൂല്യം ലഭിക്കുകയുള്ളൂ. ബാങ്ക് ലോണുകള്‍ മാത്രമാണ് വ്യക്തിപരമായി ലഭിക്കുന്നതെന്നും പ്രത്യേകിച്ച് ആനുകൂല്യങ്ങള്‍ ഒന്നും ലഭിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
കൈത്തറി-നെയ്ത്തുവ്യവസായത്തെ പ്രോത്സാഹിപ്പിക്കുന്നതിനും നെയ്ത്തുകാരുടെ പ്രാധാന്യത്തെപ്പറ്റി ബോധവത്കരണം നല്കുന്നതിനുമായി ഇന്ത്യയില്‍ ഓഗസ്റ്റ് ഏഴിനു ദേശീയ കൈത്തറി ദിനമായി രാജ്യം ആചരിക്കുന്നുണ്ട്.