സുനിൽ കോട്ടൂർ
കാട്ടാക്കട: മീൻ വേണമെങ്കിൽ വളർത്താം പക്ഷേ, പിടിക്കരുത്! ഇങ്ങനെയൊരു നിയമം കേട്ടിട്ടുണ്ടോ? ഇല്ലെങ്കിൽ നെയ്യാറിലേക്കു പോരൂ. വനംവകുപ്പിന്റെ വിചിത്രമായ വാദം കേട്ടു ഞെട്ടിത്തരിച്ചു നിൽക്കുകയാണ് മത്സ്യക്കർഷകരും തൊഴിലാളികളും. ഇവിടെ വന്നാൽ അന്പരപ്പിക്കുന്ന മറ്റൊരു കാഴ്ചകൂടി കാണാം, നെയ്യാർ ഡാമിന് അടുത്തുള്ള തമിഴ്നാടിന്റെ ചിറ്റാർ അണക്കെട്ടിൽ തമിഴ്നാട്ടുകാർ യാതൊരു വിലക്കുകളുമില്ലാതെ മീൻപിടിക്കുന്നു, വിൽക്കുന്നു. അതു കണ്ടു നിസഹായരായി മലയാളികൾ.
എന്താണ് നെയ്യാർ ഡാമിൽ മാത്രം മീൻ പിടിക്കാൻ വിലക്ക്? കേരളത്തിലെ വനംവകുപ്പിന്റെ മറുപടി കേട്ടാൽ നമ്മുടെ കണ്ണുതള്ളും!. മുട്ടാപ്പോക്ക് ന്യായങ്ങൾ പറഞ്ഞ് കർഷകരെയും തൊഴിലാളികളെയും നട്ടംതിരിക്കുന്ന കേരളത്തിലെ വനംവകുപ്പിന്റെ മറ്റൊരു ക്രൂരവിനോദമാണ് ഇവിടെ കാണുന്നത്. കേന്ദ്രവന നിയമവും കസ്തൂരിരംഗനും പറഞ്ഞാണ് വനംവകുപ്പിന്റെ തട്ടിപ്പ്.
സംസ്ഥാന സർക്കാരിന്റെ പദ്ധതിക്കു തന്നെയാണ് വനംവകുപ്പ് വിലങ്ങുതടിയാകുന്നതെന്നാണ് ഏറെ വിചിത്രം. നെയ്യാറിൽനിന്നു മത്സ്യം പിടിക്കാനും അതു വിൽക്കാനും ചിട്ടപ്പെടുത്തിയ പദ്ധതിയാണ് വനം വകുപ്പിലെ ചിലരുടെ കടുംപിടിത്തം മൂലം അവതാളത്തിലായത്. അണക്കെട്ട് വനപരിധിയിലാണെന്നും അതിനാൽ ഡാമിൽ നിക്ഷേപിച്ച മത്സ്യങ്ങളെ വന്യജീവികളായി കരുതണമെന്നും പിടിക്കാൻ നിയമം അനുവദിക്കില്ലെന്നുമുള്ള വാദം നിരത്തിയാണ് വനംവകുപ്പ് ഉടക്കിട്ടിരിക്കുന്നത്.
വർഷങ്ങൾക്കു മുന്പ് ഇവിടെ മീൻപിടിത്തവും വില്പനയും നടന്നിരുന്നു. പിന്നീട് വനംവകുപ്പ് വന്യജീവിനിയമം പറഞ്ഞു തടയുകയായിരുന്നു. ജലവിഭവവകുപ്പും ഫിഷറീസ് വകുപ്പും ഇതിനെതിരേ രംഗത്തുവന്നു. മീൻപിടിത്തം നടത്തി വന്ന പട്ടികജാതി- പട്ടികവർഗസൊസൈറ്റിയും വനംവകുപ്പിന് എതിരായി. എന്നാൽ, വനംവകുപ്പ് അയഞ്ഞില്ല. ഫലമോ നിയമപരമായി നടന്ന മീൻപിടിത്തം നിലച്ചു, അനധികൃത മീൻപിടിത്തം പെരുകി, സർക്കാരിനു കിട്ടിക്കൊണ്ടിരുന്ന വരുമാനവും നിലച്ചു.
ഇതോടെയാണ് മത്സ്യക്കൃഷി നടത്താനും വിളവെടുക്കാനും ഫിഷറീസ് വകുപ്പ് സർക്കാർ തലത്തിൽ പദ്ധതി തയാറാക്കിയത്. കഴിഞ്ഞ ഒന്നര വർഷത്തിനിടയ്ക്ക് അഞ്ചു ലക്ഷത്തോളം വിവിധയിനങ്ങളിൽപ്പെട്ട മത്സ്യക്കുഞ്ഞുങ്ങളെയാണ് നിക്ഷേപിച്ചത്. ഇവ വൻതോതിൽ പെരുകിയിട്ടുമുണ്ട്. ഇവയെ ആറു മാസത്തിലൊരിക്കൽ പിടിക്കാനാണു പദ്ധതിയിട്ടിരുന്നത്. ഈ മത്സ്യം നാട്ടുകാർക്കു കുറഞ്ഞ വിലയ്ക്കു വിൽക്കാനും നിരവധി പേർക്കു തൊഴിൽ നൽകാനും ലക്ഷ്യമിട്ടിരുന്നു.
മത്സ്യം പിടിക്കാനായി നിലവിൽ ഉള്ള സൊസൈറ്റിയിലെ തൊഴിലാളികളെ ഏൽപ്പിക്കാനും നെയ്യാർഡാമിൽ കൗണ്ടറുകൾ തുറന്നു മീൻ വിൽക്കാനും സംവിധാനം ഒരുക്കിയിരുന്നു. ഡാമിലുള്ള ഫിഷറീസ് ഓഫീസ് വഴി കർഷകർക്കു മത്സ്യക്കുഞ്ഞുങ്ങളെ നൽകാനും പരിപാടിയിട്ടിരുന്നു. എന്നാൽ, വിട്ടുവീഴ്ചയില്ലാത്ത വനംവകുപ്പിന്റെ നിലപാട് എല്ലാം അവതാളത്തിലാക്കിയിരിക്കുകയാണ്. ഫിഷറീസ് വകുപ്പിന്റെ ഹാച്ചറി പ്രവർത്തിക്കുന്നതും നെയ്യാർ ഡാമിലാണ്. ഈ മത്സ്യക്കുഞ്ഞുങ്ങളെയും കർഷകർക്കു ലഭ്യമാക്കാനാകുന്നില്ല.
അതേസമയം, ഇതിന്റെ സമീപത്ത് തമിഴ്നാടിന്റെ വനപ്രദേശത്തുള്ള ചിറ്റാർ അണക്കെട്ടിൽ അവിടത്തെ ഫിഷറീസ് വകുപ്പ് ജോലിക്കാരെ നിയോഗിച്ചു മീൻപിടിച്ചു വില്പന നടത്തുന്നുണ്ട്. അതുവഴി ലക്ഷങ്ങളാണ് ആ സർക്കാരിലേക്കു കിട്ടുന്നത്. കേരളത്തിലുള്ളവരും അവിടെ പോയാണ് പലപ്പോഴും മീൻ വാങ്ങുന്നത്. അവിടെ ബാധകമല്ലാത്ത എന്തു കേന്ദ്രനിയമവും കസ്തൂരിരംഗനുമാണ് നെയ്യാർ ഡാമിലുള്ളതെന്നാണ് കർഷകരുടെയും തൊഴിലാളികളുടെയും ചോദ്യം… മറുപടി പറയേണ്ടത് കേരളത്തിലെ വനംവകുപ്പാണ്.