നെയ്യാറ്റിന്‍കര: നെയ്യാറ്റിന്‍കര ജില്ലാ കോടതി സമുച്ചയത്തിനു സമീപം വഴിയരികിലും വീടുകളിലെ മതിലിലും ചോരക്കറയും രക്തം തുടച്ച തുണിയും കണ്ടെത്തി. ജില്ലാ കോടതി സമുച്ചയത്തിനു പിന്നില്‍ ഇന്നലെ രാവിലെയാണ് വഴിയരികില്‍ രക്തത്തുള്ളികള്‍ നാട്ടുകാര്‍ കണ്ടത്.
രക്തത്തുള്ളികള്‍ തൊട്ടടുത്ത ഇടവഴിയിലും ഉണ്ടെന്ന് നാട്ടുകാർ പറഞ്ഞു. ഇടവഴിയുടെ തുടക്കത്തിലെ മതിലിലാണ് കൈപ്പത്തിയിലെ രക്തക്കറ തേച്ച അടയാളമുള്ളത്. വഴി അവസാനിക്കുന്നത് ആളൊഴിഞ്ഞ പുരയിടത്തിലെ മതിലിനു മുന്നിലാണ്.
താഴിട്ടു പൂട്ടിയ ഗേറ്റിനു മുന്നിലും രക്തത്തുള്ളികളുണ്ട്. വഴിയരികില്‍ രക്തം ഇറ്റിറ്റു വീണതിന്റെയും അവിടെ മതിലിനപ്പുറത്തെ വാഴയിലയില്‍ രക്തം തുടച്ചതിന്റെയും പാടുകളുണ്ട്. വിവരമറിഞ്ഞ് രാവിലെ നെയ്യാറ്റിന്‍കര എസ്ഐയും സംഘവും സ്ഥലം സന്ദര്‍ശിച്ചു. രക്തക്കറ പുരണ്ട തുണി പോലീസ് കണ്ടെ ടുത്തു.
സംശയാസ്പദമായി യാതൊന്നുമില്ലെന്ന് പോലീസ് പറഞ്ഞു. റോഡരികില്‍ കണ്ട രക്തത്തുള്ളികളും മതിലില്‍ നിന്നെടുത്ത തുണിയുമൊക്കെ ആശങ്കയുടെ സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നതെന്ന് നാട്ടുകാർ പറയുന്നു.
ദേശീയ പാതയില്‍ നിന്നും അല്‍പ്പം ഉള്ളിലാണ് ജില്ലാ കോടതി സമുച്ചയം. തൊട്ടടുത്താണ് നെയ്യാറ്റിന്‍കര ശ്രീകൃഷ്ണസ്വാമി ക്ഷേത്രവും അഭിഭാഷകര്‍ ഉള്‍പ്പെടെയുള്ളവര്‍ താമസിക്കുന്ന ജനവാസ മേഖലയാണിവിടം. സംഭവവുമായി ബന്ധപ്പെട്ട് ആരുടെയും പരാതി ലഭിച്ചിട്ടില്ലായെന്നും പോലീസ് പറഞ്ഞു.
ശരീരത്തിൽ മാരകമായി മുറിവേറ്റ ഒരാള്‍ ചോരയൊലിപ്പിച്ച് നടന്നു പോയതിന്റെ തെളിവുകളാണ് വഴിയരികിൽ കണ്ട രക്തത്തുള്ളികളെന്നും ഏതേലും മോഷ്ടാവാകാമെന്നുമാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
കടവിനു മുകള്‍ഭാഗത്ത് ചോരപ്പാടുകള്‍ അപ്രത്യക്ഷമാകുന്നത് സംശയത്തിന്റെ ആക്കം കൂട്ടുന്നുവെന്ന് നാട്ടുകാർ പറയുന്നു. കടവിലേയ്ക്കുള്ള പടിയിലൊരിടത്തും ചോരപ്പാടുകളോ രക്തം പുരണ്ട കടലാസോ തുണിയോ ഒന്നും കണ്ടെത്താനുമായിട്ടില്ല.
കന്നിപ്പുറം കടവില്‍ രാവിലെ ആറു മുതല്‍ രാത്രി ഏഴു വരെയാണ് കടത്തുകാരനുള്ളത്. രാത്രി ഏഴോടെ കടത്തുകാരന് തോണിയുമായി കടവിലേയ്ക്ക് പോകും.ഡോഗ് സ്ക്വാഡോ ഫോറന്‍സിക് വിഭാഗമോ സ്ഥലത്തെത്താത്തതിലും നാട്ടുകാര്‍ക്ക് പ്രതിഷേധത്തിലാണ്.