തിരുവനന്തപുരം: ജലനിരപ്പ് നിയന്ത്രിച്ചു നിർത്തുന്നതിനായി അരുവിക്കര, നെയ്യാർ ഡാമുകളിൽ നിന്ന് ഇന്ന് കൂടുതൽ ജലം തുറന്നുവിടും. ഇതിനായി രാവിലെ ഒമ്പതോടെ അരുവിക്കര ഡാമിന്റെ ഷട്ടർ 50 സെന്റീമീറ്റർ തുറക്കും. ചൊവ്വാഴ്ച രാവിലെ പത്തോടെ നെയ്യാർ ഡാം ഷട്ടറുകളും ഒരിഞ്ച് വീതം തുറക്കുന്നുണ്ട്. കനത്ത മഴ പെയ്താൽ ഡാം പെട്ടെന്നു തുറക്കേണ്ട സാഹചര്യം ഒഴിവാക്കാനാണിത്.
വടക്കു പടിഞ്ഞാറൻ ദിശയിൽ നീങ്ങുന്ന ന്യൂനമർദം കേരളത്തിൽ ഇന്നു ശക്തമായ മഴയ്ക്കു കാരണമാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം പ്രവചിക്കുന്നത്. മുന്നറിയിപ്പിന്റെ പശ്ചാത്തലത്തിൽ ആലപ്പുഴ, എറണാകുളം, ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂർ ജില്ലകളിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു.
പത്തനംതിട്ട, തൃശൂർ, പാലക്കാട്, കോഴിക്കോട്, കാസർഗോഡ് ജില്ലകളിൽ യെലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. റെഡ് അലർട്ട് എവിടെയും പ്രഖ്യാപിച്ചിട്ടില്ല. ഓറഞ്ച് അലർട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലയിലെ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ദുരന്തനിവാരണ അഥോറിറ്റി അറിയിച്ചിട്ടുണ്ട്.