കാട്ടാക്കട: ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് നെയ്യാർ അണക്കെട്ട് തുറന്നു. ഇന്ന് രാവിലെയാണ് അണക്കെട്ടിന്റെ നാല് ഷട്ടറുകളും രണ്ടു ഇഞ്ച് വീതം തുറന്നത്. ഡാമിൽ 80.100മീറ്റർ ജലമാണ് ഇപ്പോഴുള്ളത്. പരമാവധി നിരപ്പ് 84.75 മീറ്റർ ആണ്.കാലർഷം കനക്കുമെന്ന് മുന്നറിയിപ്പ് കിട്ടിയതോടെയാണ് ഡാം ഷട്ടറുകൾ തുറന്നത്.
ഇന്നലെ 79.240 മീറ്റർ ജലമാണ് ഉണ്ടായിരുന്നത്. എന്നാൽ ഇന്ന് രാവിലെയോടെ ജലനിരപ്പ് ഉയരുകയായിരുന്നു. തുടർന്നാണ് ഡാമിന്റെ നാല് ഷട്ടറുകളും തൽക്കാലം രണ്ടിഞ്ച് തുറന്നത്. ഇന്നലെ ജില്ലാ കലക്ടർ ഉൾപ്പടെ ഡാമിലെത്തുകയും ജലനിരപ്പ് മനസിലാക്കുകയും ചെയ്തിരുന്നു.
ഇനിയും ഷട്ടറുകൾ ഉയർത്തേണ്ടി വരുമെന്നാണ് ബന്ധപ്പെട്ടവർ നൽകുന്ന സൂചന. ഡാമിലേയ്ക്ക് നീരൊഴുക്കുന്ന നെയ്യാർ, കല്ലാർ, മുല്ലയാർ തുടങ്ങിയ വലിയ നദികളും മണിയങ്കത്തോട്, കാരക്കുടി, അഞ്ചുനാഴിത്തോട്, കാരയാർ തുടങ്ങിയ 20 ളം ചെറു നദികളിലും കനത്ത വെള്ളമാണ് ഉള്ളത്.
വനത്തിൽ നല്ല മഴ ചെയ്തതിനെ തുടർന്നാണ് നല്ല നീരൊഴുക്കുള്ളത് ആറിന്റെ ഇരു കരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധിക്യതർ അറിയിച്ചു. അണക്കെട്ട് നിറഞ്ഞതോടെ ക്യാച്ച്മെന്റ് ഏരിയായിൽ വെള്ളം കയറി. ഇവിടെ താമസിക്കുന്നവരുടെ വീടുകളിൽ അടുക്കള വരെ വെള്ളം കയറി.
പലരും താമസവും മാറ്റിയിട്ടുണ്ട്. ഇവിടുത്തെ ക്യഷിയിടങ്ങളിലും വെള്ളം കയറിയിട്ടുണ്ട്. വനത്തിൽ കനത്ത മഴ പെയ്യുന്നതിനാൽ ആദിവാസികളും ദുരിതത്തിലാണ്. ഇവർക്ക് പുറത്തിറങ്ങാൻ പോലും കഴിയുന്നില്ല. കാട്ടുമൃഗ ഭീഷണിയുമുണ്ട്. പലരുടേയും വീട്ടുമൃഗ ങ്ങൾ ഒലിച്ചുപോയതായി താമസിക്കുന്നവർ പരാതിപ്പെട്ടു.