കാട്ടാക്കട : കനത്ത മഴയെതുടർന്ന് നെയ്യാർഡാമിന്റെ ഷട്ടറുകൾ മൂന്നടി ഉയർത്തി. ഇന്ന് രാവിലെ നാലു ഷട്ടറുകളാണ് രണ്ട് അടിയിൽ നിന്നും മൂന്നായി ഉയർത്തിയത്. ഇവിടെ നല്ല മഴ പെയ്തുകൊണ്ടിരിക്കുകയാണ്. വനത്തിലും കനത്ത മഴയാണ്. അതിനാൽ ഷട്ടറുകൾ അധികമായി ഉയർത്തേണ്ടി വരുമെന്ന് അധികൃതർ അറിയിച്ചു.
ഒരു മണിക്കൂറിൽ 20 സെ.മീറ്റർ വീതം വെള്ളം പൊങ്ങിക്കൊണ്ടിരിക്കുകയാണ്്. വെള്ളം ആറ്റിലൂടെയും കനാലുകൾ വഴിയും തുറന്നതോടെ പ്രദേശവാസികൾ ഭീതിയിലാണ്. പലേടത്തും കൃഷി ഭൂമികളിൽ വെള്ളം നിറഞ്ഞു. അഞ്ചുചങ്ങല പ്രദേശത്ത് താമസിക്കുന്നവരുടെ വീടുകളിലും വെള്ളംകയറി. മിക്കവരും അടുത്ത ബന്ധുക്കളുടെ വീടുകളിലേക്ക് മാറിയിട്ടുണ്ട്. 84. 600മീറ്റർ ജലമാണ് ഇപ്പോഴുള്ളത്. പരമാവധി നിരപ്പ് 84.750 മീറ്റർ ആണ്.
ഡാമിലേയ്ക്ക് നീരൊഴുക്കുന്ന നെയ്യാർ, കല്ലാർ, മുല്ലയാർ തുടങ്ങിയ വലിയ നദികളും മണിയങ്കത്തോട്, കാരക്കുടി, അഞ്ചുനാഴിത്തോട്, കാരയാർ തുടങ്ങിയ 20 ളം ചെറു നദികളിലും കനത്ത ജലപ്രവാഹമാണുള്ളത്. ആറിന്റെ ഇരു കരകളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ അറിയിച്ചു. അണക്കെട്ട് നിറഞ്ഞതോടെ ക്യാച്ച്മെന്റ് ഏരിയായിൽ വെള്ളം കയറി.
ഇവിടെ താമസിക്കുന്നവരുടെ വീടുകളിൽ അടുക്കള വരെ വെള്ളം കയറി. പലരും താമസവും മാറ്റിയിട്ടുണ്ട്. ഇവിടുത്തെ കൃഷിയിടങ്ങളിലും വെള്ളം കയറിയിട്ടുണ്ട്. നെയ്യാറിന്റെ വിവിധയിടങ്ങൾ വെള്ളത്തിനടിയിലായി. നദിക്ക് ഇരുവശത്തുമുള്ള പുരയിടങ്ങൾ വെള്ളത്തിനടിയിലാണ്. താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിനടിയിലായി .
കള്ളിക്കാട് മുതൽ അങ്ങ് പൂവാർ വരെ നീണ്ടു കിടക്കുന്ന നെയ്യാറിന്റെ ഇരുകരകളിലും വെള്ളം കയറിയതിനെ തുടർന്ന് വൻ കൃഷി നാശമാണ് സംഭവിച്ചത്. വാഴകൾ ഉൾപ്പടെ നശിച്ചു. താലൂക്കിൽ 28 ളം വീടുകൾക്ക് നാശം നേരിട്ടതായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ പറയുന്നു. ഇതിന്റെ വിശദാംശങ്ങൾ സമർപ്പിക്കാൻ വില്ലേജ് അധികാരികളെ ചുമതലപ്പെടുത്തിയിട്ടുണ്ട്.
മലയോരമേഖലയിൽ മഴ കനത്തതോടെ ഏത് അടിയന്തര സാഹചര്യവും നേരിടാൻ റവന്യു വകുപ്പ് നടപടി തുടങ്ങി. കാട്ടാക്കട താലൂക്ക് ഓഫിസിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന കൺട്രോൾ റൂം പ്രവർത്തനം ആരംഭിച്ചു.
നെയ്യാറിലെ ക്യാച്ച്ഏരിയായികളിലെ വീടുകളിലും വൻ നാശം. അഞ്ചു ചങ്ങല പ്രദേശത്ത് കിടക്കുന്ന വീടുകളിൽ വെള്ളം കയറി കിടപ്പാണ്. ഇവിടെ ചീങ്കണ്ണി ശല്യമുണ്ട്.
കാട്ടാക്കട, കുറ്റിച്ചൽ, കള്ളിക്കാട്, പൂവച്ചൽ, മാറനല്ലൂർ, മലയിൻകീഴ് , വിളപ്പിൽ, വിളവൂർക്കൽ പഞ്ചായത്തുകളിലും വൻ നാശമാണ് വരുത്തിയത്. അടിയന്തര സഹായത്തിനും വിവരങ്ങൾക്കും 0471 2291414 എന്ന നമ്പരിൽ ബന്ധപ്പെടാമെന്ന് തഹസിൽദാർ കെ.പി.ജയകുമാർ അറിയിച്ചു. താലൂക്കിലെ മിക്കയിടത്തും വൻ നാശം നേരിട്ടു. വൈദ്യുത ലൈനുകൾ പൊട്ടി വീണു. മിക്ക പഞ്ചായത്തുകളിലും വൈദ്യുതി ബന്ധം പുന. സ്ഥാപിച്ചിട്ടില്ല. വൻ മരങ്ങൾ കടപുഴകി വീണു. വൈദ്യുതി ലൈനുകൾ റോഡിൽ കടപുഴകി വീണു.
ആദിവാസി മേഖലകൾ ഒറ്റപ്പെട്ടു
കാട്ടാക്കട: കനത്ത മഴയെത്തുടർന്ന് അഗസ്ത്യവനത്തിലെ ആദിവാസി മേഖലകൾ ഒറ്റപ്പെട്ട നിലയിലായി. കോട്ടൂർ, അമ്പൂരി വനത്തിലെ മിക്ക കോളനികളും മഴയത്ത് ഒറ്റപ്പെട്ടു. ഇവിടുത്തെ കോളനികളിൽ വീടുകളിൽ മരങ്ങൾ കടപുഴകി വീണു. ആദിവാസികൾ ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്.