കാട്ടാക്കട : നെയ്യാർ ഡാമിലെ സർക്കാർ ഹയർ സെക്കൻഡറി സ്കൂൾ കെട്ടിടത്തിന്റെ മേൽക്കൂര തകർന്നു വീണു. പഴയ സ്കൂൾ കെട്ടിടമാണ് ഭാഗികമായി തകർന്നുവീണത്. കുട്ടികൾ എത്തുന്നതിന് മുമ്പായതിനാൽ വൻ ദുരന്തം ഒഴിവായി.
ഇന്ന് രാവിലെയാണ് സംഭവം. പൊളിക്കാൻ ഇട്ടിരിക്കുന്ന ഭാഗത്തിന്റെ മേൽക്കൂരയാണ് തകർന്ന് വീണത്. പുതിയ സ്കൂൾ മന്ദിരത്തിന്റെ പണി നടന്നു വരികയാണ്. സ്കൂളിന്റെ വശത്തുള്ള ഈ കെട്ടിടം പൊളിച്ചു പുതിയ കെട്ടിടം പണിയാൻ തീരുമാനിച്ചിരുന്നു. എന്നാൽ പഴയ സ്കൂൾ മന്ദിരം പൊളിച്ചിരുന്നില്ല.
ഏതാണ്ട് താഴേക്ക് വീഴാൻ പാകത്തിൽ നിന്നിരുന്ന പഴയ മന്ദിരം പൊളിച്ചുമാറ്റാൻ നടപടി എടുക്കാത്തിൽ വൻ പ്രതിഷേധമാണ് ഉയർന്നിരുന്നത്. സ്കൂൾ സമയത്തിന് മുൻപ് പൊളിഞ്ഞു വീണതിനാൽ ആർക്കും അപകടം പറ്റിയില്ല.
പൊളിഞ്ഞു വീഴാറായി കിടന്ന കെട്ടിടത്തിൽ കുട്ടികൾ കളിക്കാനും സമീപത്തെ കുടിവെള്ള പൈപ്പ ് ഉപയോഗിക്കുന്നതിനും എത്തുമായിരുന്നു. ഈ കെട്ടിടത്തിന് സമീപമാണ് ആറാം ക്ലാസും ഏഴാം ക്ലാസും. യാതൊരു സുരക്ഷാ മുൻ കരുതലും ഉണ്ടാകാതിരുന്ന ഇവിടം ഇന്ന് രാവിലെ എട്ടോടെയാണ് തകർന്നു വീണത്.
സാധാരണ സ്കൂളിൽ നേരത്തെ എത്തുന്ന കുട്ടികൾ ഈ ഭാഗത്താണ് തമ്പടിക്കുന്നത്. 8.30 ഓടെയാണ് കുട്ടികൾ എത്തുക. മിനിറ്റുകൾ നേരത്തെ കെട്ടിടം നിലം പതിച്ചതിനാൽ യാതൊരു വിധ അനിഷ്ട സംഭവവും ഉണ്ടായില്ല.
ജില്ലാ പഞ്ചായത്തു കെട്ടിടം പൊളിച്ചു നീക്കുന്നതിനു അനുമതി നല്കിയിട്ടുള്ളതായി ആണ് അറിയുന്നത്. എന്നാൽ ഇതിന്റെ തുടർ നടപടികൾ ഒന്നും ഉണ്ടായില്ല. നെയ്യാർഡാം പോലീസ് സ്ഥലത്ത് എത്തി.