കാട്ടാക്കട: നെയ്യാർ സിംഹ സഫാരി പാർക്കിൽ ഗുജറാത്തിൽനിന്നുള്ള നാഗരാജനെത്തി. പത്ത് വയസുള്ള ആൺ സിംഹമാണ് ഇന്നലെ സഫാരി പാർക്കിലെത്തിയത്. സഫാരി പാർക്ക് അടച്ചു പൂട്ടലിന്റെ വക്കോളം എത്തിയപ്പോഴാണ് ഗുജറാത്തിലെ സക്കർബാഗ് മൃഗശാലയിൽ നിന്നും നാഗരാജനേയും ഇണയായി ആറര വയസുകാരി രാധയെയും കൊണ്ടുവന്നത്.
യാത്രയുടെ പ്രശ്നങ്ങൾ തീർക്കാനും ജീവനക്കാരുമായി ഇണങ്ങാനുമായി തിരുവനന്തപുരം മൃഗശാലയിൽ പാർപ്പിച്ചിരുന്ന സിംഹങ്ങളിൽ രാധ രണ്ടുദിവസം മുമ്പ് ചത്തു.
തുടർന്ന് ആൺ സിംഹത്തെ നെയ്യാർ പാർക്കിലേക്ക് കൊണ്ടുപോകാൻ തീരുമാനിക്കുകയായിരുന്നു. പാർക്കിൽ ഇപ്പോൾ ബിന്ദു എന്ന 18 വയസുള്ള പെൺസിംഹമാണുള്ളത്. പുതിയ ഇടം ആയതിനാൽ ഇവിടം പരിചിതമാകുന്നത് വരെ ഇപ്പോൾ നാഗരാജനെ പ്രത്യേക കൂട്ടിലാണ് പാർപ്പിക്കുന്നത്.
കുറച്ചുദിവസത്തെ നിരീക്ഷണത്തിന് ശേഷമേ തുറന്നുവിടൂ. സാധാരണയായി പരിചയമില്ലാത്ത പെൺസിംഹത്തെ ആൺസിംഹങ്ങൾ ആക്രമിക്കാറുണ്ടെന്ന് അസിസ്റ്റന്റ് വൈൽഡ് ലൈഫ് വാർഡൻ സുരേഷ് കുമാർ പറഞ്ഞു. ഇപ്പോൾ പാർക്ക് അറ്റകുറ്റപ്പണികൾക്കായി അടച്ചിട്ടിരിക്കുകയാണ്.
കൂടുകളുടെ ജോലികൾ പൂർത്തിയായി എങ്കിലും. ചുറ്റുവേലി ഉൾപ്പെടെയുള്ളവ ബലപ്പെടുത്തേണ്ട പണി ബാക്കിയാണ്. ഇത് പൂർത്തിയായാൽ മാത്രമേ പാർക്ക് സഞ്ചാരികൾക്കായി തുറക്കാനാകൂ. അതേ സമയം നഗരാജനെകൂടിനു സമീപം തന്നെ ചെറിയ വേലി കെട്ടിത്തിരിച്ച സ്ഥലത്തു തുറന്നു വിടും കൃത്യമായ സമയത്തു കൂട്ടിൽ ഭക്ഷണം നൽകും. രാവിലെ തുറന്നു വിട്ടാൽ കൃത്യ സമയത്തു തിരികെ എത്താനുള്ള പരിശീലനം കൂടെ കഴിഞ്ഞു മാത്രമേ സഫാരി പാർക്കിൽ നഗരാജനെ കൂടുതൽ സ്വാതന്ത്രനാക്കുകയുള്ളൂ.