കാട്ടാക്കട : നെയ്യാർഡാം മരകുന്നം കുന്നിൽ മഹാദേവക്ഷേത്രത്തിലെ ഉത്സവം സംഘർഷത്തിൽ കലാശിച്ചു. ജലവിഭവ വകുപ്പിന്റെ ഭൂമിയിലാണ് ക്ഷേത്രമെന്നുപറഞ്ഞ് പൊങ്കാല ഇടാനും പൂജനടത്താനും എത്തിയവരെ പോലീസ് തടഞ്ഞതാണ് സംഘർഷത്തിൽ കലാശിച്ചത്.
സ്ത്രീകൾ ഉൾപ്പെടെയുള്ളവർ നാമജപം നടത്തി പ്രതിഷേധിച്ച തി നൊടുവിൽ പൊങ്കാലയും ഇട്ടു. ഇതിനിടെ കാട്ടാക്കട തഹസീൽദാർക്കു നേരെ കൈയേറ്റമുണ്ടായി. സംഭവുമായി ബന്ധപ്പെട്ട് 200 പേർക്കെതിരെ കേസെടുത്തു.
ഇന്നലെ രാവിലെയാണ് സംഭവം. നെയ്യാർഡാമിലെ മരകുന്നത്ത് സിംഹസഫാരിപാർക്കിനടുത്ത് കുന്നിൽ മഹാദേവക്ഷേത്രമുണ്ട്. ഇവിടെ സ്ഥിരമായി നാട്ടുകാർ പൂജയും മറ്റും നടത്താറുണ്ട്.
ഇന്നലെ ശിവരാത്രി പ്രമാണിച്ച് സ്ത്രീകൾ അടക്കമുള്ളവർ പൊങ്കാലയിടാൻ എത്തി. ഇവരെ പോലീസ് തടഞ്ഞു. തുടർന്നാണ് സംഘർഷം ഉടലെടുത്തത്.
ഈ ക്ഷേത്രം ഇരിക്കുന്ന ഭൂമി അടുത്തിടെ ജലവിഭവവകുപ്പ് ഏറ്റെടുത്തിരുന്നു. തിരുവനന്തപുരം നഗരത്തിലേക്ക് വെള്ളം എത്തിക്കാനുള്ള പ്ലാന്റിനായി പണികൾ നടന്നുവരികയാണ്.
ഭൂമി ജല അഥോറിറ്റിക്ക് കൈമാറ്റം ചെയ്യാനുള്ള ഉത്തരവ് രണ്ടു ദിവസം മുൻപാണ് പുറത്തിറങ്ങിയത്. ശിവരാത്രി ദിവസമായതിനാൽ സ്ഥലത്ത് പൊങ്കാല നടത്തുമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.
ഈ ഉത്തരവ് കിട്ടിയതിനെ തുടർന്ന് ജലവിഭവസെക്രട്ടറി നെയ്യാർഡാം പോലീസിൽ ഉത്സവം നടത്താൻ നീക്കം നടത്തുന്നതായി പരാതി നൽകിയിരുന്നു.
ഇതുനുസരിച്ച് പോലീസ് ഇന്നലെ രാവിലെ മുതൽ ഇവിടെ തമ്പടിക്കുകയും ക്ഷേത്ര ഭാരവാഹികളെ വിവരം അറിയിക്കുകയും ചെയ്തിരുന്നു.
എന്നാൽ സ്ത്രീകൾ അടക്കമുള്ളവർ ക്ഷേത്രത്തിൽ എത്തുകയും പൊങ്കാലയിടാൻ ശ്രമിക്കുകയും ചെയ്തപ്പോൾ പോലീസ് തടയുകയായിരുന്നു. ഇതിനിടെ എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് കൂടിയായ കാട്ടാക്കട ലാൻഡ്അക്വിസിഷൻ തഹസീൽദാർ മധുസൂധൻ എത്തി. തുടർന്നാണ് തഹസീൽദാർക്കുനേരെ കൈയേറ്റമുണ്ടായത്.
വർഷങ്ങളായി തങ്ങൾ പൂജ ചെയ്യുന്ന ക്ഷേത്രമാണിതെന്നും ശിവരാത്രി ദിവസം പൂജ സ്ഥിരമായി ചെയ്യാറുണ്ടെന്നും നാട്ടുകാർ പറഞ്ഞു. രണ്ടു ദിവസം മുൻപ് ഉത്തരവിറക്കി, ക്ഷേത്രസ്ഥലം കൈമാറിയതിനു പിന്നിൽ ഉത്സവം തടസപ്പെടുത്താനുള്ള ചിലരുടെ ശ്രമമാണെന്നും ഭാരവാഹികൾ പറഞ്ഞു.
ഇതിനിടെ സ്ത്രീകൾ നാമജപം തുടങ്ങി. പിന്നീട് പൊങ്കാലയിടുകയും ചെയ്തു. ഭരണകക്ഷിയിലെ ചിലരുടെ താത്പര്യമാണ് ഇവിടെ നടപ്പിലാക്കിയതെന്നു ഭാരവാഹികൾ ആരോപിച്ചു.
ഔദ്യോഗിക ജോലി തടസപ്പെടുത്തിയതിനും കലാപശ്രമത്തിനും ജാമ്യമില്ലാ വകുപ്പ് പ്രകാരം 200 പേർക്കെതിരെ നെയ്യാർഡാം പോലീസ് കേസെടുത്തു. ഡിവൈഎസ്പി സ്റ്റുവർട്ട് കീലറുടെ നേതൃത്വത്തിൽ പോലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നു.