എം.ജെ ശ്രീജിത്ത്
തിരുവനന്തപുരം: ദിവസേന നൂറുകണക്കിന് സഞ്ചാരികളെത്തുന്ന നെയ്യാർഡാം അടിസ്ഥാന സൗകര്യമില്ലാതെ വീർപ്പു മുട്ടുന്നു. സഞ്ചാരികൾക്ക് ഭക്ഷണം കഴിക്കാൻ കാന്റീനോ നല്ല ശുചിമുറികളൊ ഒന്നും തന്നെയില്ല. ഇതിന് പുറമെ നെയ്യാർ ടൂറിസം കാണുന്നതിനായി പാക്കേജ് എന്ന രീതിയിൽ വിനോദ സഞ്ചാര വകുപ്പിന്റെ പകൽ കൊള്ളയും.
നെയ്യാർ ഡാമിലെ ലയൺസ് സഫാരിപാർക്ക്, ചീങ്കണ്ണി പാർക്ക്, മാൻ പാർക്ക് എന്നിവ കാണുന്നതിനായി രണ്ടു മാസം മുന്പു വരെ 250 രൂപയായിരുന്നു ഒരാൾക്കുള്ള ടിക്കറ്റ് ചാർജ് അത് ഒറ്റയടിയ്ക്ക് 415 രൂപയാക്കിയാണ് പകൽ കൊള്ള.
നെയ്യാർ ഡാമിലെ ബോട്ടിംഗ് പോയന്റിൽ നിന്നും ബോട്ടിൽ കയറ്റി സഞ്ചാരികളെ ലൺസ് പാർക്കിലേയ്ക്ക് കടവിലിറിക്കും. അവിടെ നിന്നും വനം വകുപ്പിന്റെ വാഹനത്തിൽ സിംഹത്തെ കാണാൻ കൊണ്ടു പോകും. ദുർഘടം നിറഞ്ഞ പാതയിലൂടെ 15 മിനിട്ട് സഞ്ചരിച്ചാൽ സിംഹം സ്ഥിരം കാണാറുള്ള സ്ഥലത്ത് എത്തും.
നിലവിൽ ലയൺസ് സഫാരി പാർക്കിൽ ഒരു പെൺ സിംഹം മാത്രമാണുള്ളത്. രണ്ടു സിംഹങ്ങളാണ് ഉണ്ടായിരുന്നത്. അതിലൊരെണ്ണം അടുത്തിടെ ചത്തുപോയിരുന്നു. ഇപ്പോൾ ഉള്ള സിംഹവും പ്രായമായ അവസ്ഥയിലാണ്. ശരീരത്തിൽ മുറിവുകൾ അടക്കം കാണാം. പുതിയ ഒരെണ്ണത്തിനെ കൊണ്ടുവരുമെന്ന് പറയുന്നുണ്ടെങ്കിലും ഇക്കാര്യത്തിൽ തിരുമാനമായിട്ടില്ലെന്നാണ് അധികൃതർ പറയുന്നത്.
ലയൺസ് പാർക്കിലേക്കാൾ പരിതാപകരമാണ് സ്റ്റീവ് ഇർവിൻ പാർക്കിലേത്. ചീങ്കണ്ണികളെ പരിപാലിക്കുന്ന സ്ഥലത്ത് ആവശ്യത്തിന് വെള്ളം പോലും ഇല്ലാത്ത അവസ്ഥ. തമ്മിൽ കടിപിടി കൂടി പരിക്കുപറ്റുന്ന ചീങ്കണ്ണികളെ പാർപ്പിക്കുന്ന കൂട് കാടുകയറിയും പഴയ സാധനങ്ങൾ കൂട്ടിയിട്ടിയ നിലയിലുമാണ്.
മാൻപാർക്കിലും നേരിടുന്നത് ജലദൗർലഭ്യം തന്നെ ഇതു കൂടാതെ ആവശ്യത്തിന് ജീവനക്കാരില്ലാത്തതും പാർക്കിന്റേയും പാർക്കിലെ ജീവജാലങ്ങളേയും സംരക്ഷിക്കുന്ന കാര്യത്തിൽ കടുത്ത പ്രതിസന്ധിയാണ് നേരിടുന്നത്. രണ്ടു ബോട്ടുകളാണ് സഞ്ചാരികളെ കൊണ്ടു പോകുന്നതിന് ഉപയോഗിക്കുന്നത്. ബോട്ടിലൂടെയാണ് എല്ലായിടത്തേക്കും കൊണ്ടു പോകുന്നത്.
ഒരു ബോട്ടിംഗ് പോയന്റിൽ നിന്നും അടുത്ത സ്ഥലത്തേയ്ക്ക് പോകാൻ സഞ്ചാരികൾക്ക് അരമണിക്കൂറിലധികം കാത്തു നിൽക്കണം. ബോട്ടിംഗ് യാർഡ് ഒട്ടും സുരക്ഷിതത്വമി്ലലാത്ത അവസ്ഥയിലാണ്. കടവിലേക്ക് കുത്തനെയുള്ള ഇറക്കമാണ്. കാലു തെറ്റിയാൽ വെള്ളത്തിൽ പോകും.
വിശ്രമ സങ്കേതങ്ങളില്ലാത്തതിനാൽ മഴയും വെയിലുമേറ്റുമാണ് കുട്ടികളുമായി സഞ്ചാരികൾക്ക് കാത്തു നിൽക്കേണ്ടി വരുന്നത്. കുടിവെള്ളമോ ലഘു ഭക്ഷണമോ ഒന്നും തന്നെ ഒരിടത്തുമില്ല. ഇതുകാരണം നെയ്യാർ കണ്ട് മടങ്ങുന്ന സഞ്ചാരികൾ കുടിവെള്ളമോ ഭക്ഷണമോ കിട്ടാതെ അവശരായാണ് മടങ്ങുന്നത്. ദിവസേന നൂറുകണക്കിന് പേരാണ് നെയ്യാർ സന്ദർശിക്കാൻ എത്തുന്നത്. അവധി ദിവസങ്ങളിൽ വലിയ തിരക്കുമാണ്.
ടിക്കറ്റു നിരക്കിൽ മാത്രം ഒരു മാസം ലക്ഷങ്ങളാണ് ഡിടിപിസിയ്ക്ക് ലഭിക്കുന്നത്. എന്നാൽ ഈ വരുമാനം ശരിയായ രീതിയിൽ ഉപയോഗിച്ച് നെയ്യാറിലേയ്ക്ക് കൂടുതൽ സഞ്ചാരികളെ ആകൃഷിക്കാനുള്ള ഒരു നടപടിയും സർക്കാരിന്റെ ഭാഗത്തു നിന്നോ ടുറിസം പ്രമോഷൻ കോർപറേഷന്റെ ഭാഗത്തു നിന്നോ ഇല്ല. നെയ്യാറിനേയും കാപ്പുകാടിനേയും പേപ്പാറയേയും ബന്ധിപ്പിച്ചുള്ള ടൂറിസം പദ്ധതി ആരംഭിച്ചാൽ വലിയ വരുമാനം ടൂറിസം വകുപ്പിന് ലഭിക്കും. ഈ മൂന്നു സ്ഥലങ്ങളിലും അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം പ്രകടമാണ്.
കാപ്പുകാട് ആനസങ്കേതത്തിൽ കോടികണക്കിന് രൂപ മുടക്കിയുള്ള പദ്ധതിയ്ക്ക് തുടക്കം കുറിച്ചിട്ടുണ്ട്. ഇതു പൂർത്തിയാകുന്നതോടെ നെയ്യാറിനും അതിന്റെ ഗുണം ലഭിക്കും. നെയ്യാറിനും കൂടി ഇതിന്റെ പ്രയോജനം ലഭിക്കാൻ അവിടേയും പുതിയ പദ്ധതികൾ വരേണ്ടിയിരിക്കുന്നു.