കാട്ടാക്കട: കുളിക്കാനും കുടിക്കാനും ജലസംഭരണിയിൽ എത്തുന്ന കാട്ടാനകൂട്ടം കൗതുകമാകുന്നു. നെയ്യാർ ജലസംഭരണിയിലാണ് കാട്ടാനകൾ കൂട്ടമായെത്തുന്നത്.
കാടു താണ്ടി രാവിലെ എത്തുന്ന കാട്ടാനകൾ വൈകും വരെ തീറ്റതേടും. പിന്നെ വൈകിട്ട് എത്തി ഒരു കുളി . പിന്നെ കാട്ടിലേക്ക്. കാട്ടിൽ നദികളിൽ വെള്ളമില്ല.
അതിനാലാണ് അവ ഇവിടെ എത്തുന്നത്. വെള്ളം കുടിച്ചാൽ അടുത്ത ലക്ഷ്യം ആഹാരം തേടലാണ്. കഴിഞ്ഞ ദിവസം കൊമ്പൈക്കാണി, ഒരുവപ്പാറ എന്നിവിടങ്ങളിലാണ് കാട്ടാനകൾ തമ്പടിച്ചത്.
ഉൾവനത്തിൽ നിന്നു പോലും കാട്ടാനകൾ സംഭരണീ തീരത്ത് എത്തുന്നതായും കഴിഞ്ഞ ഒരാഴ്ചയായി കൂട്ടമായി കുഞ്ഞുങ്ങളുമായി ആനകൾ എത്തുന്നതായും ആദിവാസികൾ പറയുന്നു.
പുലർച്ചെയാണ് എത്തുന്നത്. കൂട്ടമായി എത്തുന്ന ഇവറ്റകൾ വൈകും വരെ ഡാം പരിസരത്ത് തന്നെ ചുറ്റി പറ്റി നിൽക്കും . ആനകളുടെ പ്രിയ ആഹാരമായ ഈറ്റക്കാടുകൾ ഇവിടെയാണ് ഉള്ളത്.
മാത്രമല്ല ചക്കപഴവും ധാരാളം ഇവിടെ കിട്ടും. അതിനിടെ തമിഴ് നാട്ടിലെ കാടുകളിൽ നിന്നുവരെ ഇവിടേയ്ക്ക് ആനകൾ വരുന്നുണ്ടെന്ന് ആദിവാസികളായ കാണിക്കാർ പറയുന്നു.
അതിർത്തി വനത്തിലെ ആനകൾ സ്ഥിരമായി വരുന്ന വഴികളായ ആനത്താരയിലൂടെയാണ് ഇവറ്റകൾ എത്തുന്നത്. ചിലപ്പോൾ മാസങ്ങളോളം ഇവിടെ തങ്ങുന്ന കാട്ടാനകൾ കൂട്ടമായി തിരിച്ചുപോകും.
വനത്തിൽ ആനകൾക്കുള്ള ആഹാരം കുറഞ്ഞതാണ് ഇവ വരാൻ ഒരു കാരണമായി പറയുന്നത്. അതിനിടെ ആനകൾ എത്തിയതോടെ വനം വകുപ്പ് ഇവിടെ പ്രത്യേക നീരീക്ഷണവും ഏർ്പ്പെടുത്തി