കാട്ടാക്കട: നെയ്യാറിൽ ഇറങ്ങുന്നവരെ ഒന്നു സൂക്ഷിക്കണേ… ചീങ്കണ്ണികൾക്ക് ഡിസംബർ ജനുവരി മാസം പ്രജനന കാലമാണ്. അവ ഇണ ചേരുന്നതും മുട്ടയിടുന്നതും ഈ മാസങ്ങളിലാണ്. പ്രജനനകാലം അപകടമായതിനാൽ സൂക്ഷിച്ചിരിക്കാൻ വനം വകുപ്പ് തന്നെ പറയുന്നു.
അടുത്തിടെ മരകുന്നം, വെട്ടിമുറിച്ചകോൺ, മായം ഭാഗത്ത് ചീങ്കണ്ണികളെ നാട്ടുകാർ കണ്ടിരുന്നു. കരയിലാണ് ഇവ മുട്ടയിടുന്നതും അടയിരിക്കുന്നതും. ചീങ്കണ്ണികളുടെ വംശനാശം ഒഴിവാക്കാനാണ് ഡാമിൽ 1977 ൽ ചീങ്കണ്ണി വളർത്തൽ കേന്ദ്രം തുടങ്ങുന്നതും നെയ്യാറിലെ തടിവെട്ട് തടയാൻ എന്നപേരിൽ വളർച്ച എത്തിയ ചീങ്കണ്ണികളെ 1985 ൽ അണക്കെട്ടിലേക്ക് തുറന്നു വിടുകയും ചെയ്തത്. തുറന്നു വിട്ടതുമുതൽ തുടങ്ങുന്നു ദുരിതങ്ങൾ.
ആദ്യം ഡാമിൽകുളിക്കാൻ ഇറങ്ങിയ രാജമ്മ എന്ന വീട്ടമ്മയുടെ കൈ കടിച്ചെടുത്തു. തുടർന്ന് നിരവധി പേരെ ആക്രമിക്കുകയും നാലോളം പേരെ കൊല്ലുകയും ചെയ്തു. ഡാമിന്റെ ക്യാച്ച്മെന്റ് ഏരിയായിൽ താമസിക്കുന്നവരുടെ വീടുകളിൽ കയറി വളർത്തുമ്യഗങ്ങളെ കൊല്ലുകയും ചെയ്തു. നിവാസികൾക്ക് വൻ ഭീഷണിയായി മാറിയ ചീങ്കണ്ണികളെ ജനരോഷത്തെ തുടർന്ന് പിടികൂടാൻ വനം വകുപ്പ് ശ്രമം തുടങ്ങി. ചീങ്കണ്ണി പിടുത്തക്കാരെ കൊണ്ടുവന്ന് പിടിക്കാൻ ആദ്യം ശ്രമിച്ചു. ഇതിനായി ലക്ഷങ്ങൾ ചിലവഴിച്ചു. അത് പരാജയമായതോടെ നാട്ടുകാരുടെ സഹകരണത്തോടെ വലയിട്ട് പിടിക്കാൻ വിപുലമായ സജീകരണങ്ങളോടെ ശ്രമം തുടങ്ങി.
അങ്ങിനെഇക്കോ കമ്മിറ്റികളുടെ സഹകരണത്തോടെ ഡാമിലെ ചീങ്കണ്ണികളെ മുഴുവൻ 2003 അവസാനത്തോടെ പിടിച്ചുമാറ്റിയെന്ന് വനം വകുപ്പ് അവകാശപ്പെടുകയും ചെയ്തിരുന്നു. എന്നാൽ ചീങ്കണ്ണികൾ അണക്കെട്ടിൽ ധാരാളമുണ്ടെന്നാണ് നിവാസികൾ പറയുന്നത്. ഡാമിലെ മുഴുവൻ ചീങ്കണ്ണികളും വേരറ്റു പോയിട്ടില്ല എന്നാണ് നിവാസികൾ പറയുന്നു. ചീങ്കണ്ണി പാർക്കിലുള്ള ചിലവയെ രഹസ്യമായി അണക്കെട്ടിൽ നിക്ഷേപിച്ചതായി മുൻപ് ചില ആരോപണങ്ങൾ ഉയർന്നു വന്നിരുന്നു.
പാർക്കിലെ അംഗസംഖ്യ കൂടുതലായതിനാലാണ് അവറ്റകളെ ഡാമിൽ വിട്ടത്. ഇവ മുട്ടയിട്ട് കൂടുതൽ കുഞ്ഞുങ്ങൾ വന്നതെന്നും നാട്ടുകാർ പറയുന്നു. പാർക്കിൽ മാംസഭക്ഷണം കഴിച്ചാണ് ചീങ്കണ്ണികൾ വളർന്നത്. അതിനാൽ മാംസാഹാരത്തോടുള്ള പ്രിയം മൂലമാകാം മനുഷ്യരെയും വന്യജീവികളേയും ആക്രമിക്കുന്നതെന്ന് ചൂണ്ടികാട്ടപ്പെടുന്നു. എന്തായാലും ഭീതിയിലാണ് ഇവിടുള്ളവർ.
ചീങ്കണ്ണികളെ കുറിച്ച് പരാതി പറഞ്ഞാൽ അതിന് ചെവികൊടുക്കാൻ വനം വകുപ്പ് തയ്യാറാകുന്നില്ലെന്നും നാട്ടുകാർ പറയുന്നു. ഇപ്പോൾ അടുത്തിടെ നിക്ഷേപിച്ച 5 ലക്ഷം മീൻകുഞ്ഞുങ്ങൾ അടക്കം മൽസ്യസമ്പത്ത് ഇവിടുണ്ട്. വന്യജീവി നിയമവും കസ്തൂരിരംഗനും പറഞ്ഞ് മീൻ പിടുത്തം നിരോധിച്ചിരിക്കുകയാണ് വനം വകുപ്പ്. ഡാമിൽ കിടക്കുന്ന മീൻപറ്റങ്ങളെ തിന്ന് സുഭിക്ഷമായി കഴിയുകയാണ് ഇവിടുത്തെ ചീങ്കണ്ണികൾ. ഡാമിൽ ചീങ്കണ്ണികൾ ഇല്ലെന്ന് പറയുന്ന വനം വകുപ്പ് തന്നെ പറയുകയാണ് നാല് മാസങ്ങൾ വളരെ സൂക്ഷിക്കേണ്ട മാസങ്ങളാണെന്ന്.
വെള്ളത്തിൽ വച്ച് ഇണചേരുന്ന ഇവ മുട്ടയിടുന്നത് കരയിലാണ്.ജനുവരി ഫെബ്രുവരി മാസങ്ങളിലാണ് മുട്ടയിടുന്നത്. 8 മുതൽ 45 വരെ മുട്ടകളാണ് പ്രജനനകാലത്ത് ഇടുന്നത്. ഇടുന്ന മുട്ട കരയിൽ തന്നെ പ്രത്യേക കുഴി എടുത്ത് ചീങ്കണ്ണികൾ സൂക്ഷിക്കും. എന്നാൽ അടയിരിക്കാറില്ല. മുട്ട നശിപ്പിക്കുന്നത് തടയാൻ അവറ്റകൾ കരയിൽ തന്നെ കാത്തിരിക്കും. കുറഞ്ഞത് ഒരു മാസത്തിനകത്ത് മുട്ട വിരിയും. അതിനാൽ ഡിസംബറിൽ തുടങ്ങി മാർച്ച് ഏപ്രിൽ വരെ നെയ്യാർ തീരത്ത് ചീങ്കണ്ണികൾ തമ്പടിക്കും. ഇതാണ് തീരവാസികൾക്ക് പേടി നൽകുന്നത്.