തിരുവനന്തപുരം: നാമമന്ത്രങ്ങളുടെ അകന്പടിയോടെ നെയ്യാറ്റിൻകരയിൽ സമാധിയായ ഗോപൻ സ്വാമിയുടെ മൃതദേഹം വീണ്ടും സംസ്കരിച്ചു. ഹൈന്ദവാചാരപ്രകാരമായിരുന്നു സമാധി ചടങ്ങുകൾ നടന്നത്. ആശുപത്രിയിൽ സൂക്ഷിച്ച മൃതദേഹം നാമജപയാത്രയായിട്ടാണ് വീടിന് സമീപത്തെ കല്ലറയിൽ എത്തിച്ചത്. ഋഷിപീഠം എന്നാണ് പുതിയ കല്ലറയ്ക്ക് നാമകരണം ചെയ്തിട്ടുള്ളത്.
ചെങ്കൽ ക്ഷേത്രത്തിലെ സന്യാസിമാർ സമാധി ചടങ്ങുകൾക്ക് നേതൃത്വം നൽകി. വിഎസ്ഡിപി ഹിന്ദു ഐക്യവേദി ഉൾപ്പെടെയുള്ള ഹൈന്ദവ സംഘടന പ്രവർത്തകർ കൂടി ചേർന്ന് ചടങ്ങ് വിപുലമാക്കി.
അതേസമയം, ഗോപൻ സ്വാമിയുടെ മരണകാരണം വ്യക്തമായിട്ടില്ല. ആന്തരിക അവയവങ്ങളുടെ പരിശോധനാഫലം ലഭ്യമായാൽ മാത്രമേ മരണ കാരണം വ്യക്തമാവുകയുള്ളൂ. മരണവുമായി ബന്ധപ്പെട്ട് കുടുംബാംഗങ്ങളെ വിശദമായി വീണ്ടും ചോദ്യം ചെയ്യുമെന്ന് പോലീസ് പറഞ്ഞു. സ്വാഭാവിക മരണമാണെന്ന് വിലയിരുത്താനായിട്ടില്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥനായ നെയ്യാറ്റിൻകര എസ്എച്ച്ഒ എസ്. ബി. പ്രവീൺ വ്യക്തമാക്കിയത്.