നെയ്യാറ്റിന്‍കരയില്‍ അമ്മയും മകളും തീകൊളുത്തി ആത്മഹത്യ ചെയ്തതിന് പിന്നില്‍ കുടുംബപ്രശ്‌നങ്ങളും കാരണമായെന്നാണ് ഇരുവരുടെയും ആത്മഹത്യാക്കുറിപ്പില്‍ സൂചന. ബാങ്കില്‍ നിന്നുള്ള ഭീഷണികളോ ജപ്തി ഭീഷണിയോ അല്ല യഥാര്‍ത്ഥത്തില്‍ ജീവനവസാനിപ്പിക്കാനുള്ള കാരണമെന്നും മറിച്ച് കുടുംബപ്രശ്‌നങ്ങളാണെന്നും പോലീസും പ്രാഥമികമായി സ്ഥിരീകരിച്ചു കഴിഞ്ഞു.
മരിച്ച ലേഖയുടെ ഭര്‍ത്താവ് ചന്ദ്രന്‍, ഇയാളുടെ അമ്മ കൃഷ്ണമ്മ അമ്മയുടെ സഹോദരി ശാന്ത, അവരുടെ ഭര്‍ത്താവ് കാശി എന്നിവര്‍ കസ്റ്റഡിയിലാണെന്നും ഇവരെ ചോദ്യം ചെയ്ത് വരികയാണെന്നും പോലീസ് അറിയിച്ചു. അവരുടെ പീഡനം സഹിക്കവയ്യാതെയാണ് ആത്മഹത്യയെന്നാണ് പോലീസ് വിലയിരുത്തുന്നത്. പല കാരണങ്ങള്‍ കൊണ്ട് ലേഖയെയും മകളെയും ഇവര്‍ മാനസികമായി പീഡിപ്പിക്കുമായിരുന്നെന്നും വിവാഹബന്ധം വേര്‍പെടുത്താന്‍ പോലും നിര്‍ബന്ധിക്കുമായിരുന്നെന്നും ആത്മഹത്യാ കുറിപ്പില്‍ സൂചനയുണ്ട്. ഇതിന് പുറമേ ജപ്തിയുടെ ഘട്ടം എത്തിയിട്ടും കടം വീട്ടാന്‍ ഭര്‍ത്താവും ബന്ധുക്കളും യാതൊരു ശ്രമവും നടത്തിയിരുന്നില്ലെന്നും കത്തില്‍ ചൂണ്ടിക്കാട്ടുന്നു.
തന്നെയും മകളെയും മന്ത്രവാദത്തിന് വിധേയരാക്കിയെന്നും വസ്തു വില്‍ക്കുന്നതിന് അമ്മ തടസം നിന്നുവെന്നും തന്നെയും മകളെയും വച്ച് അപവാദം പറഞ്ഞു പരത്തിയെന്നും കുറിപ്പില്‍ പറയുന്നു. ആത്മഹത്യ ചെയ്ത മുറിയില്‍ നിന്നാണ് കത്ത് കണ്ടെത്തിയിരിക്കുന്നത്. കത്തില്‍ ഇരുവരും ഒപ്പിട്ടിട്ടുണ്ട്. ഏതായാലും കൂടുതല്‍ വഴിത്തിരിവിലേയ്ക്കാണ് സംഭവം നീങ്ങിക്കൊണ്ടിരിക്കുന്നത്.