പെരുങ്കടവിള: മാരായമുട്ടം സ്വദേശികളായ അമ്മയും മകളും ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവും ബന്ധുക്കളും കസ്റ്റഡിയിലായതിന്റെ ഞെട്ടലിലാണ് നാട്ടുകാർ. ജപ്തി നീക്കത്തിനിടെയാണ് അമ്മയും മകളും ആത്മഹത്യ ചെയ്തതെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ ബാങ്കിന്റെ ശാഖ മാനേജരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധ പരിപാടികൾ ആരംഭിക്കുന്നതിനിടെയാണ് ആത്മഹത്യക്കുറിപ്പ് കണ്ടെത്തിയത്.
തങ്ങളുടെ മരണത്തിന് കാരണം ഭർത്താവും ഭർത്തൃമാതാവും ബന്ധുക്കളുമാണെന്ന കുറിപ്പ് കണ്ടെത്തിയതിന്റെ ഞെട്ടലിലാണ് നാട്ടുകാർ. ബാങ്കിന്റെ ഭീഷണിമൂലമാണ് ലേഖ ആത്മഹത്യ ചെയ്തതെന്ന് ഭർത്താവ് ചന്ദ്രൻ ഇന്നു രാവിലെയും ആവർത്തിച്ചിരുന്നു.
ഇത് വിശ്വസിച്ച നാട്ടുകാർ പ്രതിഷേധവുമായി രംഗത്ത് വരികയായിരുന്നു. കാനറ ബാങ്കിന്റെ തിരുവനന്തപുരത്തെ മൂന്ന് ശാഖകൾ പ്രതിഷേധത്തെത്തുടർന്ന് ഇന്നു തുറന്നുമില്ല. വിവിധ പാർട്ടികൾ പ്രതിഷേധവുമായി രംഗത്ത് എത്തുകയും ചെയ്തു. ഇതിനിടെയാണ് അപ്രതിക്ഷിതമായി ചന്ദ്രനെയും അമ്മയേയും ബന്ധുക്കളെയും പോലീസ് കസ്റ്റഡിയിൽ എടുത്തത്.