പെരുങ്കടവിള: കടബാധ്യത മന്ത്രവാദത്തിലൂടെ വിട്ടാമെന്ന ആത്മവിശ്വാസമാണ് കുടുംബത്തെ വലിയ ദുരന്തത്തിലേക്ക് നയിച്ചതെന്ന് ആത്മഹത്യകുറിപ്പ് പുറത്ത് വന്നതോടെ തെളിയുകയാണ്. വീടിന് പുറകിൽ കെട്ടിയടച്ച കാവും പൂജാമുറിയും വിരൽ ചൂണ്ടുന്നത് ചന്ദ്രന്റെയും അമ്മ കൃഷ്ണമ്മയുടെയും ദുരൂഹത നിറഞ്ഞ ജീവിതത്തിലേക്കാണ്.
നാട്ടുകാരുമായി അത്ര ഇടപെടലുകൾ ഒന്നും ഉണ്ടാകാത്ത കുടുംബം. തൊട്ടടുത്ത വീട്ടുകാർക്ക് പോലും വീട്ടിനുളളിൽ നടക്കുന്ന കാര്യങ്ങളെക്കുറിച്ച് വ്യക്തതയില്ല. വെളളിയാഴ്ച കാനറാബാങ്ക് അധികൃതർ ജപ്തി നോട്ടീസ് നൽകി മടങ്ങിയതിനെ തുടർന്ന് തിങ്കളാഴ്ച കോട്ടുരിൽ നിന്നും മന്ത്രവാദിയെത്തി വീട്ടിൽ മന്ത്രവാദം നടന്നതായി ലേഖയുടെ ബന്ധുക്കൾ പറഞ്ഞു. കാവിൽ നിന്നും ലോട്ടറി ടിക്കറ്റുകളും പോലീസിന് ലഭിച്ചു. ഇവിടെ ദുർമന്ത്രവാദമാണ് നടന്നതെന്ന നിഗമനത്തിലാണ് പോലീസ്.
അതേസമയം ലേഖയുടെയും വൈഷ്ണവിയുടെയും മരണത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന് ചന്ദ്രനും കൃഷ്ണമ്മയും പറഞ്ഞു. വീട്ടിൽ മന്ത്രവാദം നടക്കുന്നു എന്നത് കെട്ടിച്ചമച്ച കഥയാണ്. പൂജകൾ മാത്രം നടക്കുന്ന കാവാണ് വീട്ടിന് പുറകിലുളളത്. 6 മാസം മുന്പാണ് താൻ നാട്ടിൽ വന്നതെന്നും മന്ത്രവാദം വീട്ടിൽ നടക്കാറില്ലെന്നും ചന്ദ്രൻ മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി നൽകി.
കൂടുതൽ തെളിവുകൾ ശേഖരിക്കാൻ പോലീസ്
പെരുങ്കടവിള: മലയിക്കടയിയിൽ അമ്മയും മകളും തീകൊളുത്തി ആത്മഹത്യ ചെയ്ത സംഭവത്തിൽ ഭർത്താവും ഭർത്തൃമാതാവുമടക്കം 4 പേരെ നെയ്യാറ്റിനകര കോടതി റിമാഡ് ചെയ്തു. ഭർത്താവ് ചന്ദ്രനെ കൂടുതൽ ചോദ്യം ചെയ്യുന്നതിനായി ഇന്ന് പോലീസ് കോടതിയിൽ കസ്റ്റഡി അപേക്ഷ നൽകും.
ലേഖയുടെയും വൈഷ്ണവിയുടെയും മരണത്തിൽ കൂടുതൽ തെളിവുകൾ ശേഖരിക്കാനാണ് പോലീസ് നീക്കം. ലേഖയെ ചന്ദ്രൻ നിരന്തരം പീഡിപ്പിച്ചിരുന്നു എന്നതും മരണത്തിന് തൊട്ട് മുന്പും ലേഖയെ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നതും പോലീസ് അന്വേഷിക്കുന്നുണ്ട്.
ഫ്ളക്സ് ബോർഡുകളും മാറി മറിഞ്ഞു
പെരുങ്കടവിള ; മാരായമുട്ടം മലയിക്കടയിൽ മരണമടഞ്ഞ അമ്മക്കും മകൾക്കും ആദരജ്ഞലികൾ അർപ്പിച്ച് വച്ച ബോർഡുകളും മാറിമറിഞ്ഞു. ചൊവ്വാഴ്ച വൈകിട്ട് വൈഷ്ണവിയും ലേഖയും മരിച്ചതോടെ കാനറാ ബാങ്കിനെതിരെയുളള വാക്കുകളുമായി പ്രദർശിപ്പിച്ചെങ്കിൽ ഇന്നലെ ആതമഹത്യാ കുറിപ്പ് കണ്ടെടുത്ത് ഭർത്താവും ബന്ധുക്കളും അറസ്റ്റിലായതോടെ മന്ത്രവാദിക്കും ഭർത്താവിനും എതിരെയായി ഫ്ളക്സ് ബോർഡുകൾ . അതേസമയം കാനറാ ബാങ്കിനെതിരെ എഴുതിയ വാക്കുകൾ പല ബോർഡുകളിലും മറച്ചാണ് ഇന്നലെ പ്രദർശിപ്പിച്ചത്.
10 മണി വരെ ബാങ്കിനെ കുറ്റപ്പെടുത്തി; ആത്മഹത്യ കുറിപ്പ് കിട്ടിയതോടെ വഴിത്തിരിവ്
പെരുങ്കടവിള: ഇന്നലെ രാവിലെ മുതൽ വീട്ടിലെത്തിയ മാധ്യമങ്ങളോട് പണത്തിനായി ബാങ്ക് അധികൃതർ മകളുടെ മരണത്തിന് ശേഷവും ഫോണിലൂടെ ശല്യം ചെയ്തെന്ന്് ആരോപിച്ച ചന്ദ്രൻ പക്ഷെ ഫോറൻസിക് സംഘം അമ്മയും മകളും ആത്മഹത്യ ചെയ്ത മുറി തുറന്ന് കുറിപ്പ് കണ്ടെടുത്തതോടെ പ്രതിയായി മാറി. മാരായമുട്ടം എസ് ഐ യുടെ നേതൃത്വത്തിൽ ചന്ദ്രനെയും ബന്ധുക്കളെയും കസ്റ്റഡിയിൽ എടുക്കുന്പോൾ അന്പരപ്പിലായിരുന്നു മലയികക്കടയിലെ നാട്ടുകാരും ചന്ദ്രന്റെ അയൽവാസികളും.
ചൊവ്വാഴ്ച ഗുരുതരമായി പൊളളലേറ്റ് മെഡിക്കൽകോളേജിലെത്തിക്കുന്പോൾ ആബുലൻസിൽ കൂടെ ഉണ്ടായിരുന്ന ചന്ദ്രൻ മാധ്യമങ്ങളോട് ബാങ്ക് ഉദ്യോഗസ്ഥരുടെ പീഡനം വിവരിക്കുന്ന തിരക്കിലായിരുന്നു.ഇന്നലെ കസ്റ്റഡിയിൽ എടുത്ത ചന്ദ്രനെയും ബന്ധുക്കളെയും നാട്ടുകാരുടെ പ്രതിഷേധം ഭയന്ന് 12 കിലോമീറ്റർ അകലെ നരുവാമ്മൂട് സ്റ്റേഷനിലാണ് കൊണ്ടുപോയത്. തുടർന്ന് ഭാര്യയുടെയും മകളുടെയും മൃതശരീരം കാണണമെന്ന് ആവശ്യപെട്ടതിനെ തുടർന്ന് വൻ പോലീസ് സന്നാഹത്തിൽ വീട്ടിലെത്തിച്ച് മടങ്ങുകയായിരുന്നു.