സ്വന്തം ലേഖകൻ
നെയ്യാറ്റിൻകര: നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ഗജരാജൻ നെയ്യാറ്റിൻകര കണ്ണൻ ചരിഞ്ഞു. രോഗങ്ങളും ഒൗഷധങ്ങളും ഇല്ലാത്ത ലോകത്തേയ്ക്ക് ഇന്ന് രാവിലെ ആറേകാലോടെയാണ് നെയ്യാറ്റിൻകരക്കാരുടെ പ്രിയപ്പെട്ട കൊന്പൻ യാത്രയായത്. മൂന്നു മാസത്തിലേറെയായി നിലത്ത് കിടന്ന് ഉറങ്ങാനാവാതിരുന്ന കരിവീരന് ഇനി നിത്യവിശ്രമം. മാസങ്ങളായി ചികിത്സയിലായിരുന്നു നെയ്യാറ്റിൻകര കണ്ണൻ.
തെങ്ങിന്റെ പടങ്ങിലായിരുന്ന ആന ഇന്നലെ രാവിലെ മുൻവശം കുത്തി നിലത്തിരുന്നു. ക്രെയിൻ ഉപയോഗിച്ച് ആനയെ ഉയർത്തുകയും നീക്കി കിടത്തുകയും ചെയ്തു. ഡോ. ബ്രൂസിന്റെ നേതൃത്വത്തിൽ ആനയെ പരിശോധിക്കുകയും അത്യാവശ്യ മരുന്നുകൾ നൽകുകയും ചെയ്തു. വനം വകുപ്പ് ഉദ്യോഗസ്ഥരും ഇന്നലെ സ്ഥലത്തെത്തിയിരുന്നു.
ഇന്ന് രാവിലെ ആറേ കാലോടെയാണ് ആന ചരിഞ്ഞതെന്ന് ക്ഷേത്രം ഉപദേശക സമിതി സെക്രട്ടറി എസ്.കെ ജയകുമാർ അറിയിച്ചു. ഇക്കഴിഞ്ഞ വർഷം നവംബർ 14 നാണ് ആന ആദ്യമായി നിലത്തു നിന്നും എഴുന്നേൽക്കാനാവാത്ത സ്ഥിതിയിലായത്. തീരെ അവശനായ കരിവീരനെ ക്രെയിനിന്റെ സഹായത്തോടെ എഴുന്നേൽപ്പിച്ചു. നാലു ദിവസത്തിനു ശേഷം ആന വീണ്ടും വീണതോടെ ഡോക്ടർമാരുടെ നിർദേശം കൂടി കണക്കിലെടുത്ത് തെങ്ങിന്റെ പടങ്ങ് നിർമിച്ചു. ആനയെ പടങ്ങിൽ താങ്ങിനിർത്തി. അന്ന് മുതൽ ആന നിലത്ത് കിടന്നുറങ്ങിയിട്ടില്ല.
മൂന്നു മാസത്തിലേറെയായി ആന രാപ്പകൽ വ്യത്യാസമില്ലാതെ പടങ്ങിൽ ഒരേ നിൽപ്പായിരുന്നു. ഇടയ്ക്ക് കുളിപ്പിക്കാനായി കൊണ്ടുപോകുന്പോഴും വളരെ സാവധാനത്തിലാണ് നടന്നിരുന്നതെന്നും നാട്ടുകാർ ചൂണ്ടിക്കാട്ടി. ആനയുടെ ആരോഗ്യസ്ഥിതി പരിശോധിച്ച ഡോക്ടർമാരുടെ വിദഗ്ധ സംഘം നിർദേശിക്കുന്ന ഒൗഷധങ്ങളെല്ലാം കൃത്യമായി നൽകുന്നതായും പറയപ്പെടുന്നു. ചിട്ടയോടെയുള്ള ആഹാരക്രമമാണ് തുടർന്നതും. നിരന്തരം ഒരേ നിൽപ്പ് നിന്നതിനാൽ ആനയ്ക്ക് സന്ധിവാതമെന്നായിരുന്നു ഡോക്ടർമാരുടെ പുതിയ നിഗമനം.
ഗജവീരന്റെ ആരോഗ്യനില നേരത്തെ വഷളായപ്പോൾ വനംവകുപ്പിന് കൈമാറിയോ കൂടുതൽ സൗകര്യപ്രദമായ മറ്റൊരു പരിപാലന കേന്ദ്രത്തിലേയ്ക്ക് മാറ്റിയോ വിദഗ്ധ ചികിത്സയ്ക്ക് വിധേയമാക്കണമെന്നുമൊക്കെയുള്ള അഭിപ്രായങ്ങളും ഉയർന്നു. 2004 ലാണ് നെയ്യാറ്റിൻകര ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ അന്നത്തെ ക്ഷേത്രം ഉപദേശക സമിതി എട്ടു വയസായ കുട്ടിക്കൊന്പനെ നടയ്ക്കിരുത്തിയത്.
ഭക്തജനങ്ങളുടെയും ദേവസ്വം ബോർഡിന്റെയും സഹായത്തോടെ നെയ്യാറ്റിൻകര ഉണ്ണിക്കണ്ണന്റെ തിരുമുന്പിൽ കണ്ണൻ എന്ന് പേര് വിളിച്ച് നടയ്ക്കിരുത്തിയ സമയം ലക്ഷണമൊത്ത ആനക്കുട്ടിയായിരുന്നുവെന്ന് ക്ഷേത്രം ഉപദേശക സമിതി സെക്രട്ടറി എസ്.കെ ജയകുമാർ ചൂണ്ടിക്കാട്ടി. തൃശൂർ ചെറുവയ്ക്കലിൽ നിന്നുമാണ് കുട്ടിക്കൊന്പനെ വാങ്ങിയത്. 15 വയസു മുതൽ കണ്ണന് ശാരീരികാസ്വാസ്ഥ്യങ്ങൾ തുടങ്ങി.
വളർച്ചക്കുറവായിരുന്നു മുഖ്യവിഷയം. ക്രമേണ ഒരു കാലിന് വളർച്ച കുറഞ്ഞു. ഇടയ്ക്കിടെ വയർ വല്ലാതെ വീർക്കുന്ന അവസ്ഥയും അനുഭവപ്പെട്ടു. നന്നായി തീറ്റ കഴിക്കുന്നുവെങ്കിലും പ്രായത്തിനൊത്ത വളർച്ചയില്ല. ഹോർമോണ് വളർച്ചയില്ലെന്നതായിരുന്നു ചികിത്സകരുടെ വാദം. കണ്ണന് 22 വയസായിരുന്നു.