സ്വന്തം ലേഖകന്‍
കൊച്ചി: “ഇതു കൊച്ചിയാ, വിശ്വനാഥന്റെ കൊച്ചി’… മലയാള സിനിമാപ്രേക്ഷകരുടെ മനസില്‍ മായാതെ നില്ക്കുന്ന “പത്രം’ എന്ന സിനിമയിലെ ഈ മാസ് ഡയലോഗ് നമ്മെ കൊണ്ടെത്തിക്കുന്നത് ശബ്ദസൗകുമാര്യവും അഭിനയമികവുംകൊണ്ട് വിസ്മയിപ്പിച്ച എന്‍.എഫ്. വര്‍ഗീസ് എന്ന അതുല്യ അഭിനയപ്രതിഭയുടെ ഓര്‍മയിലേക്ക്.
സ്വഭാവനടനില്‍ തുടങ്ങി വില്ലന്‍ ടൈപ്പ് കഥാപാത്രങ്ങളിലൂടെ അഭിനയത്തിന്റെ മാസ്മരിക മൂഹൂര്‍ത്തങ്ങള്‍ പ്രേക്ഷകന് സമ്മാനിച്ച എന്‍.എഫ് വിടപറഞ്ഞിട്ട് നാളെ 20 വര്‍ഷം പൂര്‍ത്തിയാവുന്നു.
നാടകത്തിലൂടെ അഭിനയജീവിതം തുടങ്ങിയ അദ്ദേഹം കലാഭവനില്‍ ചേര്‍ന്ന് മിമിക്രിയിലും തിളങ്ങി. ആകാശദൂത്, സല്ലാപം, ലേലം, ആറാം തമ്പുരാന്, പ്രജ, ഉസ്താദ് തുടങ്ങി നൂറില്‍പരം മലയാള സിനിമകളില്‍ അഭിനയിച്ചു.
എല്ലാ പ്രമുഖ താരങ്ങള്‍ക്കുമൊപ്പം അഭിനയിച്ച അദ്ദേഹം സിനിമയില്‍ സജീവമായപ്പോഴും നാടകത്തോടുള്ള അഭിനിവേശം ചെറുതായിരുന്നില്ല.
പകല്‍ മുഴുവന്‍ സിനിമാ ഷൂട്ടിംഗിൽ പങ്കെടുത്തശേഷം രാത്രി കാറോടിച്ച് കൊച്ചി ആകാശവാണിയിലെ സ്റ്റുഡിയോയിലെത്തി നാടകം റിക്കോര്‍ഡ് ചെയ്തിരുന്നു.
കൊച്ചി ആകാശവാണി അവതരിപ്പിച്ച റേഡിയോ നാടകോത്സവങ്ങളില്‍ എന്‍.എഫ്. വര്‍ഗീസ് ശബ്ദം പകര്‍ന്ന നാടകങ്ങള്‍ അക്കാലത്ത് ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
വെള്ളിത്തിരയില്‍ ജ്വലിച്ചുനില്ക്കേ 2002 ജൂണ്‍ 19ന് 53-ാം വയസില്‍ ഹൃദയാഘാതത്തെത്തുടർന്നായിരുന്നു അന്ത്യം. ആലുവ ഉളിയന്നൂര്‍ സ്വദേശിയാണ്. ഭാര്യയും നാലു മക്കളുമുണ്ട്.