കോഴിക്കോട്: എന്‍ജിഒ യൂണിയന് സംസ്ഥാന സമ്മേളനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരേ രൂക്ഷ വിമര്‍ശനം. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഇടതുപക്ഷത്തിനു കനത്ത തോല്‍വി നേരിട്ട സാഹചര്യത്തില്‍ മുഖ്യമന്ത്രിക്കെതിരേ വിമര്‍ശനം ഉയരുന്ന ഘട്ടത്തിലാണ് സിപിഎമ്മിനോട് ആഭിമുഖ്യമുള്ള എന്‍ജിഒ യൂണിയനും വിമര്‍ശനവുമായി രംഗത്തെത്തിയത്.
ഇന്നലെ സംസ്ഥാന ജനറല്‍ സെക്രട്ടറി എം.എ. അജിത്ത്കുമാര്‍ അവതരിപ്പിച്ച സംഘടനാ റിപ്പോര്ട്ടിന്മേലുള്ള ചര്‍ച്ചയിലാണ് പ്രതിനിധികളുടെ രൂക്ഷ വിമര്‍ശനം.ഭരണവിരുദ്ധ വികാരം തെരഞ്ഞെടുപ്പ് തോല്‍വിക്കു പ്രധാന കാരണമായതായി പ്രതിനിധികള്‍ കുറ്റപ്പെടുത്തി. വിലക്കയറ്റം തടഞ്ഞുനിര്‍ത്തുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. മാവേലി സ്റ്റോറുകള്‍ േനാക്കുകുത്തിയാക്കി മാറി.
സാമൂഹിക പെന്‍ഷനുകള്‍ വിതരണം ചെയ്യുന്നതില്‍ കുറ്റകരമായ അനാസ്ഥകാട്ടി. സാധാരണക്കാരുടെ പ്രതീക്ഷയായിരുന്ന പെന്ഷന് മുടങ്ങിയത് അവരെ നിരാശരാക്കി. സര്‍ക്കാര്‍ ജീവനക്കാരുടെ ഡിഎ കുടിശിക നല്‍കാത്തത് ജീവനക്കാരുടെ എതിര്‍പ്പിന് കാരണമായി. സര്‍ക്കാര്‍ ജീവനക്കാരുടേതടക്കമുള്ള പ്രതിഷേധ വോട്ടുകള്‍ യുഡിഎഫിനും ബിജെപിക്കും ഗുണം ചെയ്തു.
തുശൂരില്‍ സുരേഷ് ഗോപിയുടെ വിജയം സിപിഎമ്മിന്റെയും ഇടതുപക്ഷത്തിന്റെയും പ്രത്യയശാസ്ത്രപരമായ പരാജയമാണെന്ന് പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി.പുതുതായി സര്‍വീസില്‍ പ്രവേശിക്കുന്നവര്ക്ക്് ഏര്‍പ്പെടുത്തിയ പങ്കാളിത്ത പെന്‍ഷന്റെ കാര്യത്തില്‍ സര്‍ക്കാര്‍ സ്വീകരിച്ച നിഷേധാത്മക നിലപാട് ഒരു വിഭാഗം ജീവനക്കാരെ സര്‍ക്കാറില്‍ നിന്ന് അകറ്റാന്‍ വഴിവച്ചു.
രാജസ്ഥാനില്‍ ഒരു പഠനവുമില്ലാതെ പങ്കാളിത്ത പെന്ഷന് പിന്‍വലിച്ചപ്പോള്‍ കേരളത്തില്‍ ഇതേക്കുറിച്ച് പഠിക്കാന്‍ ഒരു കമ്മീഷനെ നിയോഗിച്ചിരിക്കുകയാണ്. ഇതു സര്‍ക്കാറിനോടുള്ള എതിര്‍പ്പിനു വഴിവച്ചിട്ടുണ്ട്.
മുഖ്യമന്ത്രിയുടെ നവകേരള യാത്രയ്ക്ക് പ്രതീക്ഷിച്ച വിജയം ഉണ്ടായില്ല. വിവാദങ്ങളാണ് ആ യാത്രയെ ഉടനീളം നയിച്ചത്. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്നപ്പോള്‍ നടത്തിയ ജനസമ്പര്‍ക്ക പരിപാടിയുടെ അത്ര ജനകീയത പിണറായി വിജയന്റെ യാത്രയ്ക്ക് ലഭിച്ചില്ലെന്ന് പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി.
വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളില്‍ ഇടതുമുന്നണിയെ വിജയത്തിലേക്ക് നയിക്കുന്നതിനു തിരുത്തല്‍ നടപടികള്‍ േവണമെന്ന് പ്രതിനിധികള്‍ നിര്‍ദേശിച്ചു. പരിപാടികളിലും സമീപനങ്ങളിലും ഇടപെടലിലുമെല്ലാം മാറ്റം വേണമെന്ന് അവര്‍ ചര്‍ച്ചയില്‍ പറഞ്ഞു. എരഞ്ഞിപ്പാലത്തെ കാലിക്കറ്റ് ട്രേഡ് സെന്ററില്‍ നടന്നുവരുന്ന സമ്മേളനം ഇന്ന് വൈകിട്ട് സമാപിക്കും.