പ്രജീഷിനും സഹോദരി പ്രജീനയ്ക്കും കാഴ്ചയില്ല. എൻഡോസൾഫാൻ ഭയാനകമായ നാശം വിതച്ച പെരിയ ഗ്രാമത്തിന്റെ നൊന്പരക്കാഴ്ചകളിൽ ഇരുവരുമുണ്ട്.
കാഴ്ച മങ്ങിപ്പോയെങ്കിലും കഠിനാധ്വാനവും ഇച്ഛാശക്തിയും പിൻബലമാക്കി പ്രജീഷ് ഇംഗ്ളീഷ് സാഹിത്യത്തിൽ ഡോക്ടറേറ്റ് നേടാനുള്ള പഠനത്തിലാണ്.
യുജിസി നെറ്റ് പരീക്ഷാ വിജയത്തിനൊപ്പം ജൂനിയർ റിസർച്ച് ഫെലോഷിപ്പ് വിജയവും പെരിയ കണ്ണോത്ത് പ്രജീഷ് സ്വന്തമാക്കി പഞ്ചാബ് സെൻട്രൽ യൂണിവേഴ്സിറ്റിയിൽ ഡോ. വിപിൻ പാലിനു കീഴിലാണ് പിഎച്ച്ഡി റിസർച്ച്.
പെരിയ കേന്ദ്ര സർവകലാശാലയിൽ എംഎ ഇംഗ്ലിഷ് പഠനം പൂർത്തിയാക്കിയശേഷമാണ് ജെആർഎഫ് നേടിയത്. ഇപ്പോൾ ഗവേഷണത്തിനുള്ള പണം ഈ സ്കോളർഷിപ്പിൽ നിന്ന് കണ്ടെത്തുന്നു.
കൂലിപ്പണിക്കാരനായ പെരിയ ബലിക്കളം കൃഷ്ണന്റെയും പ്രസന്നയുടെയും മകനായ പ്രജീഷിന്റെ ജീവിതസ്വപ്നമാണ് അധ്യാപനം.
അന്ധതയെ തോൽപ്പിച്ച് പിഎച്ച്ഡി നേടി ജോലി സ്വന്തമാക്കി കുടുബം പോറ്റുകയെന്നതാണ് പ്രജീഷിന്റെ പ്രതീക്ഷ.
കാസർകോട് അന്ധവിദ്യാലയത്തിൽ ഏഴാംക്ലാസ് വരെ പഠിച്ച പ്രജീഷ് പ്ലസ്ടുവരെ കാസർകോട് ഗവ. ഹയർ സെക്കൻഡറി സ്കൂളിലും തുടർന്ന് കാസർകോട് ഗവ. കോളജിലുമായാണ് പഠനം പൂർത്തിയാക്കിയത്.
ഇംഗ്ലീഷ് സാഹിത്യത്തിലായിരുന്നു ബിരുദം. കാസർകോട് ഗവ.കോളജിൽനിന്നു ബിരുദം പൂർത്തിയാക്കിയ പ്രജീനയും ബിരുദ വിദ്യാർഥിനിയുമായ പ്രജീഷയുമാണു പ്രജീഷിന്റെ സഹോദരിമാർ. ഇവരിൽ പ്രജീനയും പൂർണമായി അന്ധയാണ്.
കണ്ണുകളിലെ വെളിച്ചം അണഞ്ഞുപോയെങ്കിലും മനസിലെ അണയാത്ത പ്രഭയിൽ ജീവിതം കരുപ്പിടിപ്പിക്കാനുള്ള തീക്ഷ്ണമായ ശ്രമമാണ് പ്രജീഷിന്റേത്.
സർവകലാശാലയിൽ ലഭിക്കുന്ന കോച്ചിംഗ് ക്ലാസിലും മറ്റ് അധ്യാപകരുടെ പ്രത്യേക നിർദേശത്തിലും സഹപാഠികളുടെ പിൻബലത്തിലാണ് പഠനം.
ലാപ്ടോപ്പിൽ പ്രഭാഷണങ്ങളും ക്ലാസുകളും ശബ്ദരൂപത്തിൽ കേട്ടാണ് പ്രജീഷ് എംഎയ്ക്കും പിന്നീട് യുജിസിക്കും പരിശീലനം നേടിയത്.
കാഴ്ചയുള്ളയാൾക്ക് അത് നഷ്ടപ്പെടുന്പോൾ നേരിടുന്ന മാനസികവെല്ലുവിളികളാണ് എം.എ. പഠനത്തിന്റെ ഭാഗമായി പ്രജീഷ് തയ്യാറാക്കിയ പ്രബന്ധ വിഷയം.
ഇപ്പോൾ പിഎച്ച്ഡിക്കും ഇതേ വിഷയം തന്നെ ഗവേഷണ വിഷമാക്കിയിരിക്കുന്നു.
എൻഡോസൾഫാൻ ബാധിതർക്ക് ലഭിച്ചുപോന്ന 1600 പെൻഷൻ പലപ്പോഴും മുടങ്ങുന്നതിലെ ദുരിതമാണ് പ്രജീഷിന്റെയും അനുജത്തി പ്രജീനയുടെയും ഒപ്പം ഈ വീടിന്റെയും പരിമിതി.