പ്രദീപ് ചാത്തന്നൂർ
ചാത്തന്നൂർ: ദേശീയപാത 66- ആറുവരിപാതയായി വികസിപ്പിക്കുന്നതിന് വസ്തു ഏറ്റെടുക്കുന്നതിന് വിജ്ഞാപനമായതോടെ, ഏറ്റെടുക്കുന്ന വസ്തുവിന്റെ വില നിശ്ചയിക്കലും ഏറ്റെടുക്കുന്ന സ്ഥലത്തുള്ള ആരാധനാലയങ്ങളുടെ കണക്കെടുപ്പും തുടങ്ങി.
ഓച്ചിറ മുതൽ കടമ്പാട്ടുകോണം വരെ 46.25 ഹെക്ടർ ഭുമിയാണ് ദേശീയപാത വികസനത്തിന് വേണ്ടി ഏറ്റെടുക്കാൻ മൂന്ന് -ഡി വിജ്ഞാപനം പ്രസിദ്ധീകരിച്ചത്. ഇപ്പോൾ മൂന്ന് -ഡി വിജ്ഞാപനം പ്രസിദ്ധീകരിച്ച വസ്തുവിന് പുറമേ ഇനിയും ആറ് ഹെക്ടർ വസ്തുകൂടി ഏറ്റെടുക്കും. ഇതിനുള്ള മൂന്ന് – എവ ിജ്ഞാപനം ഉടൻ പ്രസിദ്ധീകരിക്കും.
മൂന്ന് -ഡിവിജ്ഞാപനം പ്രസിദ്ധീകരിച്ച വസ്തുവിലെയും ഇനി ഏറ്റെടുക്കാനുള മൂന്ന് – എവിജ്ഞാപനം പ്രസിദ്ധീകരിക്കാനുള്ള വസ്തുവിലും നിലവിലുള്ള ആരാധനാലയങ്ങളുടെ കണക്കെടുപ്പിന് തുടക്കമായി. ക്ഷേത്രങ്ങൾ, ഇതുമായി ബന്ധപ്പെട്ട കെട്ടിടങ്ങൾ, ചർച്ചുകൾ, കുരിശടികൾ, മുസ്ലിം പള്ളികൾ, തൈയ്ക്കാവുകൾ, വഞ്ചികൾ, ആർ ച്ചുകൾ, എടുപ്പുകൾ തുടങ്ങിയവയുടെ കണക്കെടുപ്പാണ് നടത്തുന്നത്.
കടമ്പാട്ടുകോണത്തെ ഒരു ദേവീക്ഷേത്രവും ഇത്തിക്കരയിലെ ഒരു തൈയ്ക്കാവും പൂർണമായും പൊളിച്ചു മാറ്റേണ്ടിവരും. ഭാഗികമായി പൊളിച്ചു മാറ്റേണ്ടതും, വസ്തു നഷ്ടപ്പെടുന്നതുമായ വിവിധ മതവിഭാഗങ്ങളുടെ ആരാധനാലയങ്ങ ളും ഉണ്ട്. എന്നാൽ ഇവയ്ക്ക് നഷ്ടപരിഹാരം നല്കുന്നത് സംബന്ധിച്ച് തീരുമാനമായിട്ടില്ല.
ദേശീയപാതയ്ക്ക് വേണ്ടി ഏറ്റെടുക്കുന്ന സ്ഥലത്തെ കെട്ടിടങ്ങൾ (കടകൾ, വീടുകൾ, മറ്റ് ആവശ്യത്തിനള്ള നിർമ്മാണങ്ങൾ) പൊളിച്ചുമാറ്റുന്നതിനുള്ള മാനദണ്ഡവും നഷ്ടപരിഹാര നയവും പ്രഖ്യാപിച്ചിട്ടുണ്ട്. കെട്ടിടങ്ങൾ ഭാഗികമായി പൊളിച്ചു മാറ്റേണ്ടി വന്നാൽ നഷ്ടപരിഹാരമായി ലഭിക്കുന്ന തുകയുടെ പത്ത് ശതമാനം തിരിച്ചടച്ചാൽ റോഡും കെട്ടിടവും തമ്മിൽ അഞ്ചു മീറ്റർ ദൂരപരിധി എന്ന മാനദണ്ഡത്തിൽ നിന്നും ഒഴിവാക്കും.
പൂർണമായോ ഭുരിപക്ഷം ഭാഗങ്ങളോ പൊളിച്ചു മാറ്റേണ്ട കെട്ടിടങ്ങൾക്ക് പൂർണമായും പൊളിച്ചു മാറ്റേണ്ട കെട്ടിടങ്ങൾക്കുള്ള നഷ്ടപരിഹാര തുക നൽകും. റവന്യൂ വകുപ്പാണ് വസ്തുവിന്റെ വില നിശ്ചയിക്കുന്നത്. മരാമത്ത് വകുപ്പ് കെട്ടിടങ്ങളുടെയും കൃഷിവകുപ്പും വനം വകുപ്പും മരങ്ങളുടെയും വില നിശ്ചയിക്കും. പഴക്കം അനുസരിച്ചാണ് വില നിശ്ചയിക്കുന്നത്.
ഓച്ചിറ മുതൽ കടമ്പാട്ടുകോണം വരെ 56.3 കിലോമീറ്റർ റോഡാണ് ആറുവരിപ്പാതയായി വികസിപ്പിക്കുന്നത്. ഇതിന് 80 ഹെക്ടർ സ്ഥലം ഏറ്റെടുക്കുന്നതിനാണ് മൂന്ന് – എ വിജ്ഞാപനം 2019 ഫെബ്രുവരി നാലിന് പ്രസിദ്ധീകരിച്ചത്. എന്നാൽ നിലവിലുള്ള അലൈൻമെന്റ് പ്രകാരം 56 ഹെക്ടർ മാത്രമേ ആവശ്യമുള്ളൂ.
ഇതിൽ 46 ഹെക്ടർ ഏറ്റെടുക്കുന്നതിനുള്ള മൂന്ന് -ഡി വിജ്ഞാപനമാണ് കേന്ദ്ര സർക്കാർ ഗസറ്റിൽ ഒന്പതിന് പ്രസിദ്ധീകരിച്ചത്. നിലവിലുള്ള അലൈൻമെന്റ് പ്രകാരം റോഡ് നിർമ്മിക്കുന്നതിന് ഇനി ഓച്ചിറ മുതൽ കടമ്പാട്ടുകോണം വരെ ആറ് ഹെക്ടർ സ്ഥലം കൂടി ഏറ്റെടുക്കണം.
ഇതിന് വേണ്ടിയുള്ള മൂന്ന് – എ വിജ്ഞാപനം ഉടൻ പ്രസിദ്ധീകരിക്കും. ഇനി ഏറ്റെടുക്കാനുള്ള ഭുമിയുടെ സർവേ നടപടികൾ പൂർത്തിയായതിനാൽ ഏറ്റെടുക്കൽ നടപടികൾ വേഗത്തിലാകും. വസ്തു വില നിശ്ചയിക്കൽ നടപടികൾ ജില്ലയിലെ നാല് ദേശീയപാത സ്ഥലം ഏറ്റെടുക്കൽ തഹസിൽദാർ ഓഫീസുകളിൽ ആരംഭിച്ചു.
കോവിഡ്- 19 പ്രോട്ടോക്കോൾ പാലിച്ചാണ് വസ്തു ഉടമകളുടെ ഹിയറിംഗ് നടത്തുന്നത്. മൂന്ന് -ഡിവിജ്ഞാപനം പ്രസിദ്ധീകരിച്ച സ്ഥലത്തെ 4000 ൽ അധികം രേഖകൾ പരിശോധിക്കുകയും വസ്തു ഉടമകളുമായി ധാരണയിലെത്തുകയും വേണമെന്ന് സ്ഥലമേറ്റെടുക്കൽ ഡപ്യൂട്ടി കളക്ടർ ആർ. സുമിതൻ പിള്ള പറഞ്ഞു.