ചാലക്കുടി: ദേശീയപാത 47-ലെ നാലുവരിപ്പാത നിർമാണവുമായി ബന്ധപ്പെട്ട് ചാലക്കുടി മണ്ഡലത്തിൽപ്പെട്ട വിവിധ ഭാഗങ്ങളിൽ നടപ്പാക്കേണ്ട പ്രവൃത്തികൾ ജനപ്രതിനിധികളും ദേശീയപാതാ അധികൃതരും കരാർ കന്പനി ഉദ്യോഗസ്ഥരും സ്ഥലം സന്ദർശിച്ച് വിലയിരുത്തി.
ചാലക്കുടി സൗത്ത് ജംഗ്്ഷനോട് ചേർന്നു ഇറിഗേഷൻ കനാൽ പ്രവർത്തനക്ഷമമാക്കുന്നതിനും ചാലക്കുടി സ്കൂൾ ഗ്രൗണ്ടിനോട് ചേർന്ന് സംരക്ഷണഭിത്തി നിർമാണം, സൗത്ത് ജംഗ്്ഷനിൽ ഡ്രൈനേജുകളുടെ നിർമാണം, ക്രസന്റ് സ്കൂൾ ഭാഗം, അട്ടത്തോട് ഭാഗങ്ങളിലെ ഇറിഗേഷൻ കനാലുകൾ പ്രവർത്തനക്ഷമമാക്കുന്നതിനും വശങ്ങൾ കെട്ടി സംരക്ഷിക്കുന്നതിനും നടപടി സ്വീകരിക്കും.
മുരിങ്ങൂർ ജംഗ്്ഷനിൽ ബസ്ബേ നിർമിക്കുന്നതിനും കൊരട്ടി ജംഗ്്ഷനിലെ ഡ്രൈനേജ് സംവിധാനം കാര്യക്ഷമമാക്കുന്നതിനും നടപടി സ്വീകരിക്കുന്നതിനും തീരുമാനിച്ചു. പേരാന്പ്ര, പോട്ട ആശ്രമം, കൊരട്ടി ജംഗ്്ഷൻ എന്നിവിടങ്ങളിൽ സ്കൈവാക്ക് നടപ്പാത നിർമിക്കുന്നതിനു നടപടി സ്വീകരിക്കുമെന്നും അറിയിച്ചു.
ബി.ഡി.ദേവസി എംഎൽഎ, പഞ്ചായത്ത് പ്രസിഡന്റുമാരായ കുമാരി ബാലൻ -കൊരട്ടി, പി.കെ.പ്രസാദൻ -കൊടകര, ചാലക്കുടി നഗരസഭാ ചെയർമാൻ ജയന്തി പ്രവീണ്‍, വൈസ് ചെയർമാൻ വിൽസണ്‍ പാണാട്ടുപറന്പിൽ, കൗണ്‍സിലർമാരായ പി.എം.ശ്രീധരൻ, വി.ജെ.ജോജി, ഉഷാ പരമേശ്വരൻ, ഗണേശൻ തുടങ്ങിയവരും പി.കെ.സുരേഷ്, മാനേജർ ടെക്നിക്കൽ – എൻഎച്ച്എഐ, രവിശങ്കർ എൻഎച്ച്എഐ കണ്‍സൾട്ടന്റ്, മോഹൻദാസ്, സുധീഷ്, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ എ.വി.സൂരജ് എന്നിവരും പങ്കെടുത്തു.