കൊച്ചി: ഹണിട്രാപ്പിലൂടെ സ്വകാര്യസ്ഥാപനത്തിലെ മാനേജരുടെ പക്കല്‍നിന്നു 46 ലക്ഷം രൂപ തട്ടിയെടുത്ത സഹോദരങ്ങള്‍ അറസ്റ്റില്‍.
കൊട്ടാരക്കര കോട്ടപ്പടി ഗോകുലം വീട്ടില്‍ ഹരികൃഷ്ണന് (28), സഹോദരന് ഗിരികൃഷ്ണന്‍ (25) എന്നിവരെയാണ് മരട് പോലീസ് പിടികൂടിയത്.
മരട് സ്വദേശിയും സ്വകാര്യ സ്ഥാപനത്തിലെ മാനേജരുമായ 48കാരനായ പരാതിക്കാരനെ പ്രതികള്‍ വ്യാജപേരുകളില്‍ സ്ത്രീകളാണെന്ന വ്യാജേന വലയിലാക്കുകയായിരുന്നു.
ഫേസ്ബുക്കിലൂടെയും വാട്സാപ്പിലൂടെയും ചാറ്റ് ചെയ്തും സ്ത്രീകളുടെ ശബ്ദത്തില്‍ വോയ്സ് മെസേജുകള്‍ അയച്ചും പരാതിക്കാരനിൽനിന്നു നഗ്നചിത്രങ്ങള്‍ കൈക്കലാക്കി.
ഇവ ഭാര്യയ്ക്കും ബന്ധുക്കൾക്കും അയച്ചുകൊടുക്കുമെന്ന് ഭീഷണിപ്പെടുത്തി 2021 മുതല്‍ 46,48,806 രൂപ പ്രതികള്‍ കൈക്കലാക്കിയത്.
ശബ്ദവ്യതിയാനം ലഭിക്കുന്നതിനായി പ്രതികള്‍ പ്രത്യേകതരം ആപ്പുകള്‍ ഫോണില്‍ ഇന്‍സ്റ്റാള്‍ ചെയ്താണ് സ്ത്രീകളുടെ ശബ്ദത്തില്‍ പരാതിക്കാരന് വോയ്സ് മെസേജുകള്‍ അയച്ചിരുന്നതെന്ന് പോലീസ് പറഞ്ഞു.
പരാതിക്കാരനെ വിശ്വസിപ്പിക്കുന്നതിന് എറണാകുളം കലൂരിലെ ഫ്ളാറ്റിലുള്ള രണ്ട് സ്ത്രീകളുടെ വിലാസമാണ് നല്‍കിയിരുന്നത്.
ലൈംഗികബന്ധത്തിനായി ഫ്ളാറ്റിലേക്ക് ക്ഷണിച്ചതനുസരിച്ച് പരാതിക്കാരന് എത്തിയപ്പോഴാണ് അങ്ങനെ ഒരു വിലാസം നിലവിലില്ലെന്നു മനസിലായത്. താന്‍ ചതിക്കപ്പെട്ടെന്ന് മനസിലാക്കി പരാതിപ്പെടുകയായിരുന്നു.