തിരുവനന്തപുരം: പട്ടാപ്പകൽ വീട്ടിലെത്തി യുവതിയെ എയർ പിസ്റ്റൾ ഉപയോഗിച്ച് വെടിവച്ചു പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതിയെ ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. ഇന്നലെ രാവിലെയാണ് പടിഞ്ഞാറെ കോട്ട പെരുന്താന്നി ചെന്പകശേരി പോസ്റ്റ് ഓഫീസ് ലെയ്നിൽ വീട്ടിനകത്ത് കടന്ന് കയറി നാഷണൽ ഹെൽത്ത് മിഷൻ പിആർഒ വി.എസ്. ഷിനിയെ വെടിവെച്ച് പരിക്കേൽപ്പിച്ചത്.
സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വരികയാണെന്നും പോലീസ് വ്യക്തമാക്കി. പോലീസ് ഷിനിയുടെ മൊഴിയെടുത്തെങ്കിലും പ്രതിയിലേക്കുള്ള നിർണായക സൂചനകൾ ലഭിച്ചില്ല. ആരാണ് വന്നതെന്നോ എന്തുദ്ദേശത്തിലായിരുന്നു അതിക്രമമെന്നോ വ്യക്തമല്ല എന്നാണ് ഷിനിയുടെ കുടുംബം പറയുന്നത്.
ഷിനിയുടെ വീടിനെപ്പറ്റി വ്യക്തമായി അറിയുന്ന ആളാവാം അക്രമിയെന്ന് പോലീസ് സംശയിക്കുന്നുണ്ട്. പ്രതിയോടൊപ്പം കാറിൽ ഒരു സഹായി ഉണ്ടാകാനുള്ള സാധ്യതയും പോലീസ് സംശയിക്കുന്നു. വെടിവച്ചതിന് ശേഷം അക്രമിയുടെ കാർ ആറ്റിങ്ങൽ ഭാഗത്തേക്കാണ് സഞ്ചരിച്ചിരിക്കുന്നത്.വ്യാജ നമ്പർ പ്ലേറ്റുപയോഗിച്ചാണ് ദേശീയപാത വഴി യാത്ര ചെയ്ത ദൃശ്യങ്ങളും പൊലീസിന് ലഭിച്ചു. പ്രതിയെ പിടികൂടാൻ വിവിധ സംഘങ്ങളായി തിരിഞ്ഞുള്ള അന്വേഷണമാണ് ഇപ്പോൾ നടക്കുന്നത്.
ഇന്നലെ രാവിലെ എട്ടരയോടെയാണ് ഷിനിയുടെ വീട്ടിൽ കൊറിയർ നൽകാനെന്ന വ്യാജേന ഒരു സ്ത്രീ എത്തി കൊറിയർ കൈപ്പറ്റിയെന്ന് ഒപ്പിട്ട് നൽകാൻ ആവശ്യപ്പെട്ട ശേഷം എയർഗണ് ഉപയോഗിച്ച് മൂന്ന് തവണ ഷിനിക്ക് നേരെ വെടിയുതിർത്തത്. കൃത്യത്തിന് ശേഷം സ്ത്രീ രക്ഷപ്പെടുകയായിരുന്നു. മുഖം മറച്ചാണ് അക്രമിയായ സ്ത്രീ എത്തിയതെന്ന് ഷിനിയുടെ കുടുംബം പോലീസിൽ മൊഴി നൽകി.
കണ്ണ് മാത്രം കാണാൻ സാധിക്കുന്ന വിധത്തിൽ മുഖം മറച്ചാണ് സ്ത്രീ എത്തിയതെന്ന് ഷിനിയുടെ ഭർതൃപിതാവ് ഭാസ്കരൻ നായർ പോലീസിനോട് പറഞ്ഞു. ഷിനിയുടെ വലത് കൈയിൽ തറച്ച പെല്ലറ്റ് സ്വകാര്യാശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയക്കൊടുവിൽ പുറത്തെടുത്തു. വഞ്ചിയൂർ പോലീസിൽ വിവരം അറിയിച്ചതിനെ തുടർന്ന് പോലീസും ഫോറൻസിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു.
ഷിനിയോടും കുടുംബത്തോടും വ്യക്തിവൈരാഗ്യമുള്ള ആരെങ്കിലും ആയിരിക്കും ആക്രമണത്തിന് പിന്നിലെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. പ്രതിയെന്ന് സംശയിക്കുന്ന സ്ത്രീ കാറിലാണ് കൃത്യത്തിനെത്തിയതെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ വാഹനം കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നതെന്ന് പോലീസ് പറഞ്ഞു.
കാറിന്റെ നന്പർ വ്യാജമാണെന്ന് പോലീസ് കണ്ടെത്തി. സിറ്റി പോലീസ് കമ്മീഷണർ ജി. സ്പർജൻകുമാറിന്റെ നിർദേശാനുസരണം പ്രതിയെ പിടികൂടാൻ പ്രത്യേക പോലീസ് സംഘത്തെ നിയോഗിച്ചു.