ഇടുക്കി: വണ്ടിപ്പെരിയാർ ചുരകുളം എസ്റ്റേറ്റിൽ കൊല്ലപ്പെട്ട ആറ് വയസുകാരി പെണ്‍കുട്ടിയെ പ്രതി അർജുൻ മൂന്ന് വർഷമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് പോലീസിന് മൊഴി.
പ്രതി തന്നെയാണ് ഇക്കാര്യം പോലീസിനോട് വെളിപ്പെടുത്തിയത്. ഇയാൾ അശ്ലീല വീഡിയോകൾക്ക് അടിമയാണെന്നും ചോദ്യം ചെയ്യലിൽ വ്യക്തമായിട്ടുണ്ട്. പ്രതിയെ സംഭവ സ്ഥലത്ത് എത്തിച്ച് പോലീസ് തെളിവെടുപ്പ് നടത്തും.
ജൂണ്‍ 30-നാണ് നാടിനെ നടുക്കുന്ന സംഭവമുണ്ടായത്. ആറ് വയസുകാരിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
സഹോദരൻ വീടിന് പുറത്തുപോയി തിരിച്ചെത്തിയപ്പോഴാണ് മൃതദേഹം കണ്ടത്. ആദ്യം ആത്മഹത്യ എന്ന് തോന്നിപ്പിച്ചുവെങ്കിലും കോട്ടയം മെഡിക്കൽ കോളജിൽ നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് കുട്ടി പീഡനത്തിനിരയായെന്ന കാര്യം വ്യക്തമായത്.
പിന്നാലെ പോലീസ് അന്വേഷണം തുടങ്ങുകയായിരുന്നു. എസ്റ്റേറ്റ് തൊഴിലാളികളായ മാതാപിതാക്കൾ ജോലിക്ക് പോയിരുന്ന സമയത്താണ് പ്രതി വീട്ടിലെത്തി കുട്ടിയെ പീഡിപ്പിച്ചിരുന്നത്.
സംഭവം ദിവസം ഇയാൾ ലൈംഗികമായി ഉപദ്രവിച്ചപ്പോൾ കുട്ടി ബോധരഹിതയായി. മരിച്ചുവെന്ന് കരുതി ഇയാൾ ഷാളിൽ പെണ്‍കുട്ടിയെ കെട്ടിത്തൂക്കുകയായിരുന്നു.
പിന്നീട് കുട്ടിയുടെ സംസ്കാര ചടങ്ങിൽ ഭാവവ്യത്യാസങ്ങളൊന്നും പ്രകടിപ്പിക്കാതെ പ്രതി പങ്കെടുത്തുവെന്നും പ്രദേശവാസികൾ പറഞ്ഞു.