കൽപ്പറ്റ: തദ്ദേശ തെരഞ്ഞെടുപ്പിന് കളമൊരുങ്ങിയതോടെ അരയും തലയും മുറുക്കി മുന്നണികൾ രംഗത്ത്. മത്സരിക്കുന്ന സീറ്റുകളിൽ ജയമുറപ്പിച്ച് ഭരണം പിടിക്കാനാണ് മുന്നണികൾ ശ്രമിക്കുന്നത്.
നേരിയ വ്യത്യാസത്തിൽ കഴിഞ്ഞ തവണ ഭരണം നഷ്ടമായവർ ഇത്തവണ കൂടുതൽ മുന്നൊരുക്കത്തിലാണ് മത്സരിക്കാനെത്തുന്നത്. ഇടതു, വലതു മുന്നണികൾക്കു പുറമേ ബിജെപി നേതൃത്വം നൽകുന്ന എൻഡിഎയും കരുത്തറിയിക്കാനുള്ള ഒരുക്കത്തിലാണ്.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ സംഭവിച്ച ചോർച്ച ഒഴിവാക്കി വയനാടിനെ ആകെ വാരിപ്പിടിക്കാനുള്ള തന്ത്രങ്ങളാണ് എൽഡിഎഫും യുഡിഎഫും മെനയുന്നത്. കുറഞ്ഞതു രണ്ടു പഞ്ചായത്തുകളിലെങ്കിലും ഭരണം വരുതിയിലാക്കണമെന്ന ചിന്തയിലാണ് ബിജെപിയും കൂട്ടുകക്ഷികളും.
ഗ്രാമപ്പഞ്ചായത്ത്, മുനിസിപ്പൽ തലങ്ങളിൽ സീറ്റു വിഭജനം ഏറെക്കുറെ പൂർത്തിയാക്കിയ ഇടതു, വലതു മുന്നണികൾ പ്രാപ്തരായ സ്ഥാനാർഥികളെ രംഗത്തിറക്കാനുള്ള നെട്ടോട്ടത്തിലാണ്.
ജില്ലാ പഞ്ചായത്ത്, ബ്ലോക്ക് തലങ്ങളിൽ എൽഡിഎഫ് സീറ്റ് വിഭജനം പൂർത്തിയാക്കിയെങ്കിലും ഓരോ ഘടകകക്ഷിക്കുമുള്ള ഡിവിഷനുകളുടെ കാര്യത്തിൽ അന്തിമതീരുമാനമായില്ല.
ജില്ലാ പഞ്ചായത്ത് ബ്ലോക്ക് പഞ്ചായത്ത് ഡിവിഷനുകൾ വീതിക്കുന്നതിൽ യുഡിഎഫിൽ ചർച്ച പുരോഗമിക്കുന്നതേയുള്ളു. സീറ്റുകളുടെ എണ്ണത്തിൽ രണ്ടു ദിവസത്തിനകം തീരുമാനമാകും. ഇതിനുശേഷമാണ് ഓരോ പാർട്ടിയും സ്ഥാനാർഥി നിർണയത്തിലേക്കു കടക്കുക.
പ്രധാന ഘടകകക്ഷികൾക്കെല്ലാം പ്രാതിനിധ്യം നൽകിയാണ് എൽഡിഎഫ് ജില്ലാ പഞ്ചായത്ത് സീറ്റ് വിഭജനം പൂർത്തിയാക്കിയത്.16 ഡിവിഷനുകളാണ് ജില്ലാ പഞ്ചായത്തിൽ.
സിപിഎം-ഒന്പത്, സിപിഐ-രണ്ട്, എൻസിപി, എൽജെഡി, ജനതാദൾ-എസ്, കേരള കോണ്ഗ്രസ്-ജോസ് കെ. മാണി വിഭാഗം, ഐഎൻഎൽ-ഒന്നു വീതം എന്നിങ്ങനെയാണ് ഇടതുമുന്നണി സീറ്റ് വിഭജനം നടത്തിയത്.
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 10 ഡിവിഷനുകളിൽ മത്സരിച്ച സിപിഎമ്മും മൂന്നു ഡിവിഷനുകളിൽ ജനവിധി തേടിയ സിപിഐയും ഓരോ സീറ്റ് ഘടകകക്ഷികൾക്കായി വിട്ടുകൊടുത്തു.
നാളെ ചേരുന്ന എൽഡിഎഫ് ജില്ലാ നേതൃയോഗത്തിൽ ഓരോ പാർട്ടിക്കുമുള്ള ഡിവിഷനുകൾ ഏതൊക്കെയെന്നതിൽ തീരുമാനമാകും. സ്ഥാനാർഥി പട്ടിക മിക്കവാറും 12നു പുറത്തിറക്കും.
ജില്ലാ പഞ്ചായത്തിൽ ആറു ജനറൽ ഡിവിഷനുകൾ
ജില്ലാ പഞ്ചായത്തിൽ ചീരാൽ,അന്പലവയൽ,മുട്ടിൽ,പൊഴുതന,പടിഞ്ഞാറത്തറ,വെള്ളമുണ്ട എന്നിവയാണ് ജനറൽ സീറ്റുകൾ. ജില്ലാ പഞ്ചായത്ത് അധ്യക്ഷപദവും ജനറൽ വിഭാഗത്തിനാണ്.
തിരുനെല്ലി, പനമരം, മുള്ളൻകൊല്ലി, പുൽപ്പള്ളി, കണിയാന്പറ്റ, തോമാട്ടുചാൽ ഡിവിഷനുകൾ വനിതകൾക്കും തവിഞ്ഞാലും മീനങ്ങാടിയും പട്ടികവർഗ വനിതകൾക്കും എടവക പട്ടികജാതിക്കും മേപ്പാടി പട്ടികവർഗത്തിനും സംവരണം ചെയ്തതാണ്.
മാനന്തവാടി ബ്ലോക്ക് പഞ്ചായത്തിൽ തലപ്പുഴ, പള്ളിക്കൽ,കല്ലോടി,തരുവണ,തേറ്റമല എന്നിവയാണ് ജനറൽ ഡിവിഷനുകൾ.പേരിയ,വാളാട്,തിരുനെല്ലി,തോണിച്ചാൽ,തൊണ്ടർനാട് ഡിവിഷനുകൾ വനിതകൾക്കും കാട്ടിക്കുളം, വെള്ളമുണ്ട ഡിവിഷനുകൾ പട്ടികവർഗ വനിതകൾക്കും കട്ടയാട് പട്ടികവർഗത്തിനും സംവരണം ചെയ്തതാണ്.
ബത്തേരി ബ്ലോക്ക് പഞ്ചായത്തിൽ അന്പുകുത്തി,നന്പിക്കൊല്ലി,കോളിയാടി,അന്പലവയൽ,കൃഷ്ണഗിരി എന്നിവയാണ് ജനറൽ ഡിവിഷനുകൾ.മീനങ്ങാടി,കൊഗളപ്പാറ,കല്ലൂർ,ചീരാൽ,കുന്പളേരി ഡിവിഷനുകൾ വനിതകൾക്കും ചുള്ളിയോടും തോമാട്ടുചാലും പട്ടികവർഗ വനിതകൾക്കും മുത്തങ്ങ പട്ടികവർഗത്തിനും സംവരണം ചെയ്തതാണ്.
പനമരം ബ്ലോക്ക് പഞ്ചായത്തിൽ അഞ്ചുകുന്ന്,മുള്ളൻകൊല്ലി,ഇരുളം,വാകേരി,കണിയാന്പറ്റ,പനമരം എന്നിവയാണ് ജനറൽ ഡിവിഷനുകൾ.
പാക്കം,ആനപ്പാറ,കേണിച്ചിറ,നടവയൽ,പൂതാടി ഡിവിഷനുകൾ വനിതകൾക്കും പാടിച്ചിറയും പുൽപ്പള്ളിയും പട്ടികവർഗ വനിതകൾക്കും പച്ചിലക്കാട് പട്ടികവർഗത്തിനും സംവരണം ചെയ്തതാണ്.
കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്തിൽ കോട്ടത്തറ,വെങ്ങപ്പള്ളി,അരപ്പറ്റ,ചാരിറ്റി,തരിയോട് എന്നിവയാണ് ജനറൽ ഡിവിഷനുകൾ.
പടിഞ്ഞാറത്തറ,മടക്കിമല,മുട്ടിൽ,മൂപ്പൈനാട്,മേപ്പാടി,വൈത്തിരി ഡിവിഷനുകൾ വനിതകൾക്കും പൊഴുതന പട്ടികവർഗ വനിതയ്ക്കും തൃക്കൈപ്പറ്റ പട്ടികജാതിക്കും ചൂരൽമല പട്ടികവർഗത്തിനും സംവരണം ചെയ്തതാണ്.
ബത്തേരി,മാനന്തവാടി ബ്ലോക്ക് പഞ്ചായത്തുകളിൽ ജനറൽ വിഭാഗത്തിനാണ് പ്രസിഡൻറ് സ്ഥാനം.പനമരം,കൽപ്പറ്റ ബ്ലോക്ക് പഞ്ചായത്തുകളിൽ ഇതു യഥാക്രമം പട്ടികവർഗ വനിതയ്ക്കും വനിതയ്ക്കുമാണ്.
മുന്നണികൾക്കു മുന്നിൽ കുന്പിട്ടുനിൽക്കാതെ സമ്മതിദായകർ
കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ജില്ല തൂത്തുവാരാൻ എൽഡിഎഫിനും യുഡിഎഫിനും കഴിഞ്ഞില്ല. ഇരു മുന്നണികൾക്കും പിടികൊടുക്കാതെയായിരുന്നു വോട്ടർമാരുടെ നിൽപ്പ്.
23 ഗ്രാമപ്പഞ്ചായത്തുകളിൽ ബഹുഭൂരിപക്ഷത്തിലും മാനന്തവാടി നഗരസഭയിലും ബത്തേരി ബ്ലോക്ക് പഞ്ചായത്തിലും എൽഡിഎഫിനെയാണ് വോട്ടർമാർ വരിച്ചത്.
എന്നാൽ ജില്ലാ പഞ്ചായത്തിലും പനമരം, കൽപ്പറ്റ, മാനന്തവാടി ബ്ലോക്ക് പഞ്ചായത്തുകളിലും കൽപ്പറ്റ മുനിസിപ്പാലിറ്റിയിലും യുഡിഎഫിനൊപ്പം നിന്നു. ബത്തേരി മുനിസിപ്പാലിറ്റിയിൽ ഒരു മുന്നണിക്കും സമ്മതിദായകർ വ്യക്തമായ മേൽക്കൈ നൽകിയില്ല.
കേരള കോണ്ഗ്രസ്-എം ടിക്കറ്റിൽ ജയിച്ചയാളുടെ പിന്തുണയോടെയാണ് ഇവിടെ എൽഡിഎഫ് ഭരണം പിടിച്ചത്. കൽപ്പറ്റ നഗരസഭയിൽ എൽജെഡി ഇടതുമുണണിയിലെത്തിയതിനു പിന്നാലെയാണ് ഭരണമാറ്റം ഉണ്ടായത്.