ജോണ്സണ് വേങ്ങത്തടം
കൊച്ചി: തിരുവനന്തപുരം വിമാനത്താവളത്തിലെ നയതന്ത്രചാനല്‍വഴി നടത്തിയ സ്വര്‍ണക്കടത്തിലെ തീവ്രവാദബന്ധം അരക്കിട്ടുറപ്പിക്കുന്ന ദേശീയ അന്വേഷണ ഏജന്‍സി(എന്‍ഐഎ) ദക്ഷിണേന്ത്യയില്‍ പ്രത്യേകിച്ചു കേരളത്തില്‍ വേരൂന്നിയ തീവ്രവാദസംഘടനകളുടെ വേരറുക്കാന്‍ ശ്രമം ആരംഭിച്ചു.
കേരളത്തില്‍ തീവ്രവാദസംഘടനകളുടെ സാന്നിധ്യം ശക്തമാണെന്ന യുഎന്‍ റിപ്പോര്‍ട്ടിനെ തുടര്‍ന്നു അന്വേഷണം കൂടുതല്‍ കാര്യക്ഷമമാക്കിയിട്ടുണ്ട്. ഇതിനിടയാണ് വിമാനത്താവളം വഴി നടന്ന സ്വര്‍ണക്കടത്തിന്റെ അന്വേഷണം എന്‍ഐഎ ഏറ്റെടുത്തത്.
ഇതില്‍ തുടക്കം മുതല്‍ തീവ്രവാദബന്ധം വ്യക്തമാക്കിയ എന്‍ഐഎ യുഎപിഎ ഉള്‍പ്പെടെ ചുമത്തി തീവ്രവാദബന്ധമുണ്ടെന്നു വാദിച്ചിരുന്നു. എന്‍ഐഎയുടെ കസ്റ്റഡിയിലുള്ള കെ.ടി.റമീസ് ഉള്‍പ്പെടെയുള്ള പ്രതികള്‍ക്കു തീവ്രവാദബന്ധമുണ്ടെന്നു
എന്‍ഐഎ തെളിയിക്കുകയും ചെയ്തു. കെ.ടി. റമീസിന്റെ മൊഴിയിലൂടെയാണു തൊടുപുഴയിലെ അധ്യാപകന്റെ കൈവെട്ടുകേസിലെ പ്രതി മുഹമ്മദലിയെ പിടികൂടുന്നത്. ഇനി പിടികൂടാനുള്ള യുഎഇയിലുള്ള ഫൈസല്‍ ഫരീദിനെയും റെബിന്സനെയും പിടികൂടുന്നതോടെ വിവിധ സംഘടനനേതാക്കളും അകത്താകും.
കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന വിവിധ സംഘടനകളുടെ മറവില്‍ തീവ്രവാദവും ദേശവിരുദ്ധതയും ആഴത്തില്‍ വെരുറപ്പിച്ചിട്ടുണ്ടെന്ന തെളിവുമായിട്ടാണ് എന്‍ഐഎ മുന്നോട്ടു പോകുന്നത്. വിവിധ സംസ്ഥാനങ്ങളില്‍ അറസ്റ്റിലായ തീവ്രവാദ ബന്ധമുള്ള വ്യക്തികളില്‍നിന്നു ലഭിച്ച നിര്‍ണായക വിവരങ്ങലും അന്വേഷണത്തെ മുന്നോട്ടു നയിക്കുന്നു.
വിവിധ രാഷ്ട്രീയപാര്‍ട്ടികളിലും സംഘടനകളിലും ഇവരുടെ സാന്നിധ്യമുണ്ട്. ഇതെല്ലാം ആഴത്തില്‍ പരിശോധിച്ചതിനു ശേഷം മാത്രമേ എന്‍ഐഎ കേരളം വിടുകയുള്ളൂ. ഏതാനും വര്‍ഷങ്ങളായി കേരളത്തില്‍ നടന്ന വിവിധ സമരങ്ങളും നിരീക്ഷണത്തിലാണ്.
വിവിധ സമുദായങ്ങളിലെ പ്രശ്നങ്ങളില്‍ കടന്നു കയറി പ്രശ്നം സൃഷ്ടിക്കുകയും പണമെറിഞ്ഞു ആളെക്കൂട്ടി കലാപത്തിലേക്കു നയിക്കുകയും ചെയ്യുന്ന പ്രവണതയും എന്‍ഐഎ കണ്ടെത്തിക്കഴിഞ്ഞു.കേരളത്തില്‍ ഐഎസ് സാന്നിധ്യം സജീവമാണെന്ന് യുഎന്‍ റിപ്പോര്‍ട്ട് വരെ പുറത്തുവന്ന സാഹചര്യത്തിലാണ് എന്‍ഐഎ ഉള്‍പ്പെടെയുള്ള അന്വേഷണ ഏജന്‍സികള്‍ ഏകോപിപ്പിച്ച് തെരച്ചില്‍ ശക്തമാക്കിയത്.
ബംഗളൂരുവില്‍ മുന്‍ കോണ്‍ഗ്രസ് മന്ത്രിയും എംഎല്‍എയുമായ തന്‍വീര്‍ സേട്ടിനെ വധിക്കാന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായ ആബിദ് പാഷയില്‍നിന്നുള്‍പ്പെടെ കേരളത്തിലെ തീവ്രവാദബന്ധത്തെക്കുറിച്ച് നിര്‍ണായക വിവരങ്ങള്‍ അന്വേഷണ ഏജന്‍സികള്‍ക്കു ലഭിച്ചിട്ടുണ്ടെന്നാണു സൂചന.
തന്‍വീറിനെ വെട്ടിയ ഫര്‍ഷാന്‍ പാഷയ്ക്ക് കേരളത്തിലാണു പരിശീലനം ലഭിച്ചതെന്ന് കര്‍ണാടക പോലീസ് വ്യക്തമാക്കിയിരുന്നു.വിദേശരാജ്യങ്ങളില്‍നിന്നു കേരളത്തിലേക്കു സ്വര്‍ണം കടത്തുന്നതിലൂടെയാണ് ഭീകരപ്രവര്‍ത്തനങ്ങള്‍ക്കുള്ള പണം സ്വരൂപിച്ചിരുന്നതെന്ന നിഗമനത്തിലാണ് എന്‍ഐഎ അന്വേഷണം പുരോഗമിക്കുന്നത്.
തൊടുപുഴയില്‍ അധ്യാപകന്റെ കൈവെട്ടിയ കേസിലെ 24-ാം പ്രതി മുഹമ്മദലി എന്നയാളെ എന്‍ഐഎ അറസ്റ്റ് ചെയ്തിരുന്നു. സ്വര്‍ണക്കടത്തിന്റെ സൂത്രധാരനായ കെ.ടി റമീസില്‍നിന്ന് ഇയാള്‍ സ്വര്‍ണം വാങ്ങിയതായി എന്‍ഐഎ കണ്ടെത്തിയിട്ടുണ്ട്. കെ.ടി. റമീസില്‍ നിന്നും തീവ്രവാദബന്ധം കൂടുതല്‍ വ്യക്തമായിരിക്കുകയാണ്.
സ്വര്‍ണക്കടത്തു കേസില്‍ അറസ്റ്റിലായ മറ്റു പലര്‍ക്കും തീവ്രസംഘടനകളുമായുളള ബന്ധവും എന്‍ഐഎ സ്ഥിരീകരിച്ചിട്ടുണ്ട്. കൈവെട്ടു കേസിലെ പിടികിട്ടാപ്പുള്ളിയെ കുടുക്കുകയും ഫൈസല്‍, റെബിന്‍സണ്‍ ഉള്‍പ്പെടെയുള്ളവരെ കസ്റ്റഡിയിലെടുക്കുക എന്നതും എന്‍ഐഎ സംഘത്തിന്റെ യുഎഇ സന്ദര്‍ശനത്തിന്റെ മുഖ്യലക്ഷ്യമാണ്.
മുഹമ്മദലിയെ ചോദ്യം ചെയ്തതില്‍നിന്നാണ് ഇയാളെക്കുറിച്ചുള്ള വിവരം കിട്ടിയത്. ഇയാള്‍ ദുബായില്‍ സ്വര്‍ണക്കടത്ത് റാക്കറ്റിന്റെ സംരക്ഷണത്തിലാണെന്നാണു സൂചന. സ്വര്‍ണക്കടത്ത് കേസില്‍ പ്രതികളായ ഫൈസല്‍ ഫരീദ്, റബിന്‍സ് എന്നിവരില്‍നിന്ന് കൈവെട്ടു കേസിലെ പിടികിട്ടാപ്പുള്ളിയെക്കുറിച്ചു നിര്‍ണായകവിവരം കിട്ടുമെന്നാണ് എന്‍ഐഎയുടെ പ്രതീക്ഷ.
ഇന്റർപോളിന്റെ റെഡ്കോര്‍ണര്‍ നോട്ടിസും ഇയാള്‍ക്കെതിരായുണ്ട്. ഇവരെ കൂടാതെ ഏതാനും മലയാളികളും സംഘത്തിലുണ്ടെന്നാണ് വിവരം. ഇവര്‍ക്കു അഫ്ഗാനിസ്ഥാന് ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ബന്ധമുണ്ട്. ഹവാലപണവും സ്വര്‍ണക്കടത്തും തീവ്രവാദത്തിനു വേണ്ടിമാത്രമാണ്. ഇതിന്റെ എല്ലാം പിന്നില്ദേശവിരുദ്ധത മാത്രമാണെന്നാണെന്നു എന്‍ഐഎ കോടതിയിലും വ്യക്തമാക്കുന്നു.