അധോലോക നായകന് ദാവൂദ് ഇബ്രാഹിന് തലയ്ക്ക് വിലപറഞ്ഞ് ദേശീയ അന്വേഷണ ഏജന്സി (എന്ഐഎ). ദാവൂദിനെക്കുറിച്ച് വിവരം നല്കുന്നവര്ക്ക് 25 ലക്ഷം രൂപയാണ് പാരിതോഷികം പ്രഖ്യാപിച്ചിരിക്കുന്നത്.
ഇബ്രാഹിമിന്റെ സഹോദരന് അനീസ് ഇബ്രാഹിം (ഹാജി അനീസ്), അടുത്ത സഹായികളായ ജാവേദ് പട്ടേല് (ജാവേദ് ചിക്ന), ഛോട്ടാ ഷക്കീല് (ഷക്കീല് ഷെയ്ഖ്), ടൈഗര് മേമന് (ഇബ്രാഹിം മുഷ്താഖ് അബ്ദുള് റസാഖ് മേമന്) എന്നിവരെക്കുറിച്ചുള്ള വിവരം നല്കുന്നവര്ക്ക് 15 ലക്ഷം രൂപ വീതവും പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്.
1993-ലെ മുംബൈ സ്ഫോടന പരമ്പര ഉള്പ്പെടെ, ഇന്ത്യയില് നടത്തിയ നിരവധി ഭീകരപ്രവര്ത്തനങ്ങളുമായി ബന്ധപ്പെട്ട് തിരയുന്ന ദാവൂദ് ഇബ്രാഹിമിന്റെ തലയ്ക്ക് 2003-ല് യുഎന് സുരക്ഷാ കൗണ്സില് 25 ദശലക്ഷം ഡോളര് വിലയിട്ടിരുന്നു.
ലഷ്കറെ തയിബ തലവന് ഹാഫിസ് സയീദ്, ജെയ്ഷെ മുഹമ്മദ് തലവന് മൗലാന മസൂദ് അസ്ഹര്, ഹിസ്ബുള് മുജാഹിദ്ദീന് സ്ഥാപകന് സയ്യിദ് സലാഹുദ്ദീന്, അദ്ദേഹത്തിന്റെ അടുത്ത സഹായി അബ്ദുള് റൗഫ് അസ്ഗര് എന്നിവര്ക്കൊപ്പമാണ് ദാവൂദ് ഇബ്രാഹിമിന്റെ തലയ്ക്കും വിലയിട്ടത്.
രാജ്യത്തെ പ്രമുഖ രാഷ്ട്രീയ നേതാക്കളെയും വ്യവസായികളെയും ലക്ഷ്യമിട്ട് ഭീകരസംഘടനകളുടെയും പാക് ചാരസംഘടനയായ ഐഎസ്ഐയുടെയും സഹായത്തോടെ ദാവൂദ് ഇബ്രാഹിമിന്റെ ‘ഡി’ കമ്പനി ഇന്ത്യയില് പ്രത്യേക യൂണിറ്റ് സ്ഥാപിച്ചിട്ടുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്ന്ന് ഇബ്രാഹിമിനും കൂട്ടാളികള്ക്കുമെതിരെ ഈ വര്ഷം ഫെബ്രുവരിയില് എന്ഐഎ പുതിയ കേസ് റജിസ്റ്റര് ചെയ്തിരുന്നു.
ഈ കേസിനെത്തുടര്ന്ന് എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഈ വിഷയത്തില് കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് അന്വേഷണം ആരംഭിച്ചു.
തുടര്ന്ന് ദാവൂദ് ഇബ്രാഹിമുമായി കള്ളപ്പണ ഇടപാട് നടത്തിയെന്ന് ആരോപിച്ച് മഹാരാഷ്ട്ര മുന് ന്യൂനപക്ഷ വികസന മന്ത്രി നവാബ് മാലിക്കിനെ ഫെബ്രുവരി 23ന് അറസ്റ്റ് ചെയ്തിരുന്നു.
ദാവൂദ് ഇബ്രാഹിം, സഹായികളായ ചോട്ടാ ഷക്കീല്, പര്ക്കര്, ഇക്ബാല് മിര്ച്ചി എന്നിവര്ക്കെതിരെയാണ് കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട് കേസ് റജിസ്റ്റര് ചെയ്തിരുന്നത്.
തുടര്ന്ന് നടത്തിയ അന്വേഷണത്തില് നവാബ് മാലിക്കിനും പങ്കുള്ളതായി കണ്ടെത്തുകയും അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു.